ഒരപൂർവ്വ സംഗമം

ദാസ് നിഖിൽ

അതിപ്രാചീനമായ ഒരു ചൈനീസ് ദാർശനിക പ്രസ്ഥാനവും മതവുമാണ്‌ താവോയിസം. താവോ എന്ന വാക്കിന്റെ അർത്ഥം മാർഗം എന്നാണ്‌. മതപരിവേഷം ഉണ്ടാകും മുൻപ് താവോയിസം ചൈനയിലാകമാനം പ്രചാരം നേടിയ ഒരു ജീവിതവീക്ഷണമായിരുന്നു.പ്രകൃതിയുടെ മാർഗ്ഗം, സ്വാഭാവികതയുടെ മാർഗ്ഗം എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന താവോയിസം വിവേകപൂർവം ജീക്കുവാൻ ജനങ്ങളെ ഉദ്ബോധിപ്പിച്ചു. പ്രപഞ്ചത്തിന്റെ പ്രവാഹം എന്നർഥം വരുന്ന താവോ (Tao), നന്മ നിറഞ്ഞ ചലനാത്മകമായ ജീവിതം അഥവാ ദെ ( De), പ്രവർത്തനോന്മുഖത എന്ന വു വിയ് (Wu wei), ലാളിത്യത്തെക്കുറിയ്ക്കുന്ന പു (Pu) എന്നിവയാണ്‌ താവോയിസത്തിലെ വിശ്വാസപ്രമാണങ്ങൾ.

താവോയിസം സ്ഥാപിച്ച ലാവോ ത്സു എന്ന ആചാര്യനെ സന്ദർശിക്കാൻ ഒരിക്കൽ മഹാ പണ്ഡിതനായ, കൺഫ്യൂഷനിസം സ്ഥാപിച്ച കൺഫ്യൂഷസ് വരികയുണ്ടായി.
ഫോർമാലിറ്റി, അഥവാ ഔപചാരികതയുടെ മൂർത്തിമദ് ഭാവമായിരുന്നു കൺഫ്യൂഷസ്.വളരെ വലിയൊരു ഉപചാര തല്പരൻ.മാന്യത,മര്യാദ ഔപചാരികത എന്നിവയ്ക്ക് അദ്ദേഹത്തേക്കാൾ വിലകല്പിച്ചിരുന്ന ഒരാൾ ജീവിച്ചിരുന്നോ എന്ന് എനിക്ക് സംശയമാണ്.നിർഭാഗ്യവശാൽ,ലാവോ ത്സു ഇതിലൊന്നും വലിയ വിശ്വാസം പുലർത്തിയിരുന്ന ആളല്ലായിരുന്നു. അങ്ങനെയിരിക്കെയാണ് ആചാരമര്യാദകളുടെ രണ്ടു ധ്രുവങ്ങളിലുള്ള രണ്ടു പേർ കണ്ട്മുട്ടുന്നത്.

ലാവോ ത്സു മധ്യവയസ്കനായ ഒരാളായിരുന്നു.കൺഫ്യൂഷസാകട്ടെ പടുവൃദ്ധനായ ഒരു വ്യക്തിയും. ആചാരമര്യാദകളനുസരിച്ച് കൺഫ്യൂഷസിനെ കാണുമ്പോൾ ലാവോത്സു എണീറ്റു നിന്ന് ഉപചാരപൂർവ്വം ബഹുമാനിക്കണം. പക്ഷേ,അദ്ദേഹം ഇരുന്നിടത്ത് നിന്നും അനങ്ങിയില്ല.കൺഫ്യൂഷസ് ക്ഷുഭിതനായെങ്കിലും സ്വയം നിയന്ത്രിക്കാൻ കഴിവുള്ള അദ്ദേഹം അതടക്കി. ലോകപ്രശസ്തനായ താവോയിസ സ്ഥാപകനായ ഒരാൾ, ഒരു ഗുരു, ഇത്രത്തോളം മര്യാദ കെട്ടവനാണെന്ന് അദ്ദേഹത്തിന് വിശ്വസിക്കാൻ പ്രയാസം തോന്നിയതിനാൽ കൺഫ്യൂഷസ് അത്‌ ചോദിക്ക തന്നെ ചെയ്തു.

“ഇത് ശരിയായില്ല ലാവോത്സു..എനിക്ക് താങ്കളേക്കാൾ പ്രായമുണ്ട്! “

അപ്പോൾ, ഒരു കുട്ടിയെപ്പോലെ ചിരിച്ചു കൊണ്ട് ലാവോത്സു പറഞ്ഞു.

“ആരും എന്നെക്കാൾ പ്രായം ചെന്നവരല്ല.എല്ലാം ഉണ്ടാകുമ്പോൾ ഞാൻ ഉണ്ടായിരുന്നു. ആദിയറിയാത്ത ഈ കാലം മനനം ചെയ്തു തുടങ്ങുമ്പോൾ പ്രകാശത്തിന്റെ പ്രഥമകിരണങ്ങൾ നമ്മളിൽ ഒരുമിച്ചു പതിച്ചത് താങ്കൾക്ക് ഓർമ്മയില്ലെന്നുണ്ടോ?.തുടക്കം മുതൽ നിലനില്കുന്നവരായിരുന്നില്ലേ നമ്മൾ?

കൺഫ്യൂഷസ്..നമ്മൾക്കൊരേ പ്രായമാണ്! അതുകൊണ്ട് പ്രായത്തിന്റെ ഭാരം ചുമക്കെണ്ടതില്ല.

താങ്കൾ ഇരിക്കൂ..! “

അമ്പരന്ന് പോയെങ്കിലും ആ സന്യാസിവര്യൻ ഇരുന്നു.

ആഹാരശേഷം കൺഫ്യൂഷസ് ചില ചോദ്യങ്ങൾ ചോദിച്ചു.

“ലാവോത്സു.. മതാത്മകനായ ഒരു വ്യക്തി എങ്ങനെയാണു പെരുമാറേണ്ടത് ? “

ലാവോത്സു മറുപടി പറഞ്ഞു തുടങ്ങി..

“എങ്ങനെ എന്ന് ചോദിക്കരുത്.ആ ചോദ്യം തന്നെ തെറ്റാണ്.മതം എന്ന് വരുമ്പോൾ അവിടെയാ ചോദ്യം ഉദിക്കുന്നില്ല.എങ്ങനെയെന്നു ചോദിക്കുമ്പോൾ നിങ്ങൾ മതാത്മകനെ പോലെ നടിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് അതിനർത്ഥം.
പ്രണയത്തിലായ ഒരാളെ നോക്കൂ..അയാൾ പ്രണയിക്കുന്നുണ്ടെങ്കിലും അയാൾക്ക് അതറിയാൻ പറ്റിയെന്ന് വരില്ല.യഥാർത്ഥത്തിൽ,വളരെക്കാലം കഴിഞ്ഞു മാത്രമേ അയാളത് അറിയൂ.ചിലപ്പോളയാൾ പ്രണയം തീരുകയോ,നഷ്ടപ്പെടുകയോ ചെയ്തതിനു ശേഷം മാത്രമേ താൻ പ്രണയിക്കുകയായിരുന്നു എന്നു മനസിലാക്കുകയുള്ളൂ.അത്‌ വരെ അയാൾ എന്ത്,എങ്ങനെ എന്നൊന്നും ചിന്തിയ്ക്കുന്നില്ല.

അയാൾ പ്രണയിക്കുന്നു…അത്ര മാത്രം ! “

ഇത് പോലെ,കൺഫ്യൂഷസിന്റെ ജീവിതകാലം മുഴുവനുള്ള ചിന്തകളെ അമ്പേ തകിടം മറിയ്ക്കുന്നതായിരുന്നു ലാവോത്സുവിന്റെ എല്ലാ ഉത്തരങ്ങളും.

ഈ മനുഷ്യൻ വളരെ അപകടകാരിയാണെന്ന് മനസിലാക്കിയ കൺഫ്യൂഷസ് തിരിച്ചു പോയി.

മനസമാധാനം നഷ്ടപ്പെട്ടവനായി മടങ്ങിയെത്തിയ കൺഫ്യൂഷസിനോട് ശിഷ്യന്മാർ ലാവോത്സുവിനെ പറ്റി തിരക്കി.

“എന്തുണ്ടായി ഗുരോ ? എന്ത് തരം മനുഷ്യനാണീ ലാ ..? “

കൺഫ്യൂഷസ് പറഞ്ഞു

“നിങ്ങൾ അയാളുടെ അടുത്ത് ഒരിക്കലും പോകരുത്.അപകടകാരികളായ വിഷസർപ്പങ്ങൾക്ക് മുന്നിൽ നിങ്ങളകപ്പെട്ടിട്ടുണ്ടാവും.അവയ്ക്കൊന്നും ഇത്ര ഉഗ്രതയുണ്ടാവില്ല, നരഭോജികളായ സിംഹങ്ങൾക്കും വ്യാഘ്രങ്ങൾക്കും ചെയ്യാൻ കഴിയുന്നതിനേക്കാൾ അയാൾക്ക്‌ നിങ്ങളോട് ചെയ്യാൻ കഴിയും,അവയൊന്നും ഇയാൾക്ക് മുന്നിൽ ഒന്നുമല്ല! ലാവോത്സു ഭൂമിയുടെ അറ്റത്തോളം നടക്കുകയും, സമുദ്രത്തിന്റെ അടിത്തട്ടു വരെ നീന്തുകയും അനന്തവിഹായസ്സിലൂടെ പറക്കുകയും ചെയ്യുന്നൊരു വ്യാളിയാണ്.നിഷ്കളങ്കനായ കൊച്ചു കുഞ്ഞിനെപ്പോലെ ചിരിക്കുന്ന അത്യന്തം അപകടകാരി.നമ്മെപ്പോലുള്ള ചെറിയ ആൾക്കാർക്ക് ഇയാൾ ചേരില്ല.അയാൾ വലുതാണ്. പ്രതിധ്വനി പോലും തട്ടി തിരിച്ചുവരാത്ത ഒരു ഗർത്തത്തോളം വലുത്.അടുത്ത് ചെന്നാൽ നിങ്ങൾക്ക് തലചുറ്റും,ആ ഗർത്തത്തിലേക്ക് വീഴുകയും ചെയ്യും.എനിയ്ക്ക് പോലും തലചുറ്റൽ അനുഭവപ്പെട്ടു.അയാൾ പറഞ്ഞതൊന്നും എനിയ്ക്ക് മനസിലായതുമില്ല.

അയാൾ എന്താണെന്ന് എനിയ്ക്ക് മനസിലായില്ലെങ്കിലും ഒന്ന് ഞാൻ പറയുന്നു.’

“അയാൾ നമ്മുടെ അറിവിനൊക്കെ അപ്പുറമാണ്! “