ഒമാനിലെ വിദേശികളുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ വീണ്ടും ഒന്നാമത്

മസ്‌കത്ത്: ഒമാനിലെ വിദേശികളുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ വീണ്ടും ഒന്നാമത്. ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ്‌ഇന്‍ഫര്‍മേഷന്‍ കേന്ദ്രം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് പുതിയ വിവരം. കഴിഞ്ഞ ദിവസമാണ് റിപോര്‍ട്ട് പുറത്തുവിട്ടത്.

ഒക്ടോബറിലെ കണക്കനുസരിച്ച്‌ ഇന്ത്യക്കാരുടെ എണ്ണം 6,64,227 ആണ്. രണ്ടാമതുള്ള ബംഗ്ലാദേശികളുടെ എണ്ണം 6,63,618 ആണ്. 609 പേരുടെ ഭൂരിപക്ഷമാണ് ഇന്ത്യക്കുള്ളത്. 2017 ഡിസംബറില്‍ ബംഗ്ലാദേശികളുടെ എണ്ണം ഇന്ത്യക്കാരെക്കാള്‍ ഏറെ കൂടുതലായിരുന്നു. കഴിഞ്ഞ വര്‍ഷാവസാനം ബംഗ്ലാദേശികളുടെ എണ്ണം 6,92,164ഉം ഇന്ത്യക്കാരുടെ എണ്ണം 6,88,226ഉം ആയിരുന്നു.

ഈ വര്‍ഷത്തെ കണക്ക് പ്രകാരം ഇന്ത്യക്കാരില്‍ 48,115 സ്ത്രീകളും 6,16,112 പുരുഷന്മാരുമാണുള്ളത്. ബംഗ്ലാദേശികളില്‍ 28,335 സ്ത്രീകള്‍ മാത്രമാണുള്ളത്. 6,35,283 പേരും പുരുഷന്മാരാണ്. തൊഴില്‍വിസ നല്‍കുന്നതില്‍ ഒമാന്‍ അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് ബംഗ്ലാദേശികളുടെ എണ്ണം കുറയാന്‍ കാരണം. ഇന്ത്യക്കാരേക്കള്‍ 3938 ബംഗ്ലാദേശികള്‍ കൂടുതലായിരുന്നു കഴിഞ്ഞ വര്‍ഷം.

അതേസമയം, സ്വദേശിവത്കരണം ശക്തിപ്പെടുത്താനുള്ള നയവുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. ഇക്കാരണത്താല്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇന്ത്യക്കാരുടെയും ബംഗ്ലാദേശികളുടെയും എണ്ണം കുറഞ്ഞിട്ടുണ്ട്. വിസ നിരോധം തുടര്‍ന്നാല്‍ വിദേശികളുടെ എണ്ണം ഇനിയും കുറയാനാണ് സാധ്യത.

2016 സെപ്റ്റംബര്‍ മുതല്‍ അവിദഗ്ധ വിദേശികളുടെ എണ്ണം കുറക്കാന്‍ റോയല്‍ ഒമാന്‍ പോലീസ് ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. അതോടൊപ്പം ബംഗ്ലാദേശി തൊഴിലാളികളുടെ എണ്ണം കുറക്കാനും അധികൃതര്‍ തീരുമാനിച്ചിരുന്നു.