ഒന്നു മുതല്‍ 12 വരെയുള്ള വിദ്യാഭ്യാസം ഒരു കുടക്കീഴില്‍ ആകുമോ; സംഘടനാ യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: ഒന്നു മുതല്‍ 12 വരെയുള്ള വിദ്യാഭ്യാസം ഒരു ഡയറക്ടറേറ്റിനു കീഴിലാക്കുന്നത് ഉള്‍പ്പെടെ ഡോ.എം.എ.ഖാദര്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്യുന്നതിനായി അധ്യാപക സംഘടനകളുടെ യോഗം 20നു മൂന്നു മണിക്കു സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാനാണു യോഗം വിളിച്ചിരിക്കുന്നത്.വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥും ചര്‍ച്ചയില്‍ ഉണ്ടാകും.

പൊതുവിദ്യാഭ്യാസ,ഹയര്‍ സെക്കന്‍ഡറി,വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റുകളുടെ ലയനം സര്‍ക്കാര്‍ നേരത്തെ തത്വത്തില്‍ അംഗീകരിച്ചിരുന്നു.ഇതു സംബന്ധിച്ചു ഖാദര്‍ കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകള്‍ പഠിച്ച്‌ ഏതു രീതിയില്‍ നടപ്പാക്കണമെന്നു ധാരണയുണ്ടാക്കാന്‍ പൊതുവിദ്യാഭ്യാസ സ്‌പെഷല്‍ സെക്രട്ടറി,അഡീഷനല്‍ സെക്രട്ടറി തുടങ്ങിയവര്‍ അടങ്ങുന്ന സെല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.അവര്‍ റിപ്പോര്‍ട്ട് തയാറാക്കി വരികയാണ്.

ജൂണ്‍ മൂന്നിനു സ്‌കൂള്‍ തുറക്കുമെങ്കിലും ലയനവും അതുമായി ബന്ധിപ്പിക്കേണ്ടെന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു.ലയനം സംബന്ധിച്ച മന്ത്രിസഭാ തീരുമാനം സ്‌കൂള്‍ തുറക്കും മുന്‍പ് ഉണ്ടാകുമോയെന്നു സംശയമാണ്.ലയനത്തിനു ശേഷവും മൂന്നു ഡയറക്ടറേറ്റുകളും മൂന്നിടത്തായി പ്രവര്‍ത്തിക്കാനാണു നിര്‍ദേശം. ഭാവിയില്‍ ഇത് ഒരു ഓഫിസാകും.ഇപ്പോള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തുക.അധ്യാപക നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചു ഭേദഗതി വരുത്തിയ ശേഷം ഇതു മന്ത്രിസഭയുടെ അംഗീകാരത്തിനു സമര്‍പ്പിക്കും.