ഒന്നിക്കുമോ മെസിയും റോണോയും; ഫുട്‌ബോള്‍ ലോകം ആകാംക്ഷയില്‍

മാഡ്രിഡ്: കോപ്പ ലിബര്‍ട്ടഡോറസ് ഫൈനലില്‍ അര്‍ജന്റീനന്‍ ക്ലബ്ബുകളായ ബൊക്ക ജൂനിയേഴ്‌സും റിവര്‍പ്ലേറ്റും തമ്മില്‍ ഏറ്റുമുട്ടുമ്ബോള്‍ ഗാലറിയില്‍ ആവേശമുയര്‍ത്താന്‍ സൂപ്പര്‍ താരങ്ങളായ ലിയോണല്‍ മെസിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ പ്രേമികള്‍. തിങ്കളാഴ്ച സ്‌പെയിനിലെ റയല്‍ മാഡ്രിഡ് മൈതാനമായ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് കോപ്പ ലിബര്‍ട്ടഡോറസ് ഫൈനല്‍.

ലിയോണല്‍ മെസി കളി കാണാന്‍ എത്തുമെന്ന് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കിയെങ്കിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തുന്നത് ഇതുവരെ സ്ഥിരീകരണമായില്ല. കളികാണാന്‍ ഇരുവരും ഒന്നിച്ചെത്തിയാല്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നല്ല സന്ദേശമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. റയല്‍ മാഡ്രിഡ് വിട്ട ശേഷം ആദ്യമായാണ് റോണോ തന്റെ പഴയ തട്ടകത്തിലേക്ക് വരുന്നത് എന്ന പ്രത്യേകതയുമുണ്ട്.

നാട്ടങ്കങ്ങളിലെ പ്രമുഖ പോരാട്ടമായ റിവര്‍പ്ലേറ്റ്- ബൊക്ക ജൂനിയേഴ്‌സ് മത്സരത്തിന് ലോകമെങ്ങും വലിയ ആരാധകരാണുള്ളത്. അര്‍ജന്റീനയില്‍ നടക്കേണ്ട രണ്ടാംപാദ മത്സരം ആരാധകരുടെ പ്രതിഷേധം കാരണം വേദി മാറ്റുകയായിരുന്നു. ആദ്യ പാദത്തില്‍ രണ്ട് ഗോള്‍ വീതമടിച്ച്‌ ഇരു ടീമുകളും സമനിലയിലാണ്.