ഐ ലീഗ് കിരീടം സ്വന്തമാക്കി മിനര്‍വ പഞ്ചാബ് എഫ്‌സി

മുംബൈ: ഈ വര്‍ഷത്തെ ഐ ലീഗ് ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി മിനര്‍വ പഞ്ചാബ് എഫ്‌സി. എതിരില്ലാത്ത ഒരു ഗോളിന് ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ തകര്‍ത്താണ് മിനര്‍വയുടെ കന്നി കിരീടനേട്ടം. ഐ ലീഗ് കിരീടം സ്വന്തമാക്കുന്ന ആദ്യ ഉത്തരേന്ത്യന്‍ ക്ലബ്ബാണ് മിനര്‍വ. 18 മല്‍സരങ്ങളില്‍ നിന്ന് 35 പോയിന്റ് നേടിയാണ് മിനര്‍വ ഒന്നാമതെത്തിയത്.

ചര്‍ച്ചിലിനെ നേരിടാനിറങ്ങുന്നതിന് മുമ്പ് 32 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്നുവെങ്കിലും മോഹന്‍ബഗാനും ഈസ്റ്റ്ബംഗാളും നെറോക്ക എഫ്‌സിയും അവസാന മല്‍സരം വരെ മിനര്‍വയ്ക്ക് വെല്ലുവിളിയായിരുന്നു. ഈസ്റ്റ് ബംഗാളുമായുള്ള മല്‍സരം 1-1 സമനിലയില്‍ അവസാനിച്ചതോടെ 32 പോയിന്റുമായി നെറോക്ക രണ്ടാം സ്ഥാനത്തെത്തി.

അവസാന പോരാട്ടത്തില്‍ മോഹന്‍ ബഗാനെ സമനിലയില്‍ തളച്ച ഗോകുലം എഫ്‌സി എഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സൂപ്പര്‍ കപ്പിന് നേരിട്ട് യോഗ്യത നേടാമെന്ന ഗോകുലത്തിന്റെ സ്വപ്നം ഇതോടെ പൊലിഞ്ഞു. ഇനി യോഗ്യതാ റൗണ്ട് കളിച്ച് സൂപ്പര്‍ കപ്പില്‍ കളിക്കാന്‍ അവര്‍ക്ക് അവസരമുണ്ട്. സമനില കാരണം മോഹന്‍ ബഗാന്‍ 31 പോയിന്റുമായി മൂന്നാം സ്ഥാനത്തായി. നെറോക്ക എഫ്‌സിയോട് സമനില വഴങ്ങിയ ഈസ്റ്റ് ബംഗാളിനും 31 പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ നാലാമതെത്തി.