ഐജി എസ്.ശ്രീജിത്ത് കുരുക്കിലാവുന്നു; ഐജിയ്‌ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ജോസഫ് എം പുതുശ്ശേരി കത്ത് നല്‍കി

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ഐജി എസ്.ശ്രീജിത്തിനെതിരെ കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം ജോസഫ് എം.പുതുശ്ശേരി ഡിജിപിയ്ക്ക് പരാതി നല്‍കി. ശബരിമലയില്‍ മാധ്യമ പ്രവര്‍ത്തകയെ പൊലീസ് യൂണിഫോം അണിയിച്ച പ്രശ്നത്തിലാണ് പുതുശ്ശേരി പരാതി നല്‍കിയത്.

നിയമം സംരക്ഷിക്കാന്‍ ബാധ്യതയുള്ള ഐജി തന്നെ നിയമലംഘനം നടത്തിയത് ഗൗരവകരമായ കാര്യമാണെന്നും നഗനമായ നിയമലംഘനം നടത്തിയ ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ക്കും എതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ പുതുശ്ശേരി ആവശ്യപ്പെടുന്നത്.

മാധ്യമ പ്രവര്‍ത്തക കവിതയ്ക്ക് പൊലീസ് ജാക്കറ്റും ഹെല്‍മെറ്റും നല്‍കി. കൊച്ചിയില്‍ നിന്നെത്തിയ രഹനയ്ക്ക് ഹെല്‍മെറ്റും നല്‍കി. ഇതില്‍ തന്നെ നിയമലംഘനം വ്യക്തമാണ്, കേരളാ പൊലീസ് ആക്റ്റിന്റെ 43 ആം വകുപ്പിലെ 4 ഉം അഞ്ചും ഉപവകുപ്പുകള്‍ പ്രകാരം ചട്ടലംഘനം നടന്നിട്ടുണ്ട്.

പൊലീസ് ഉദ്യോഗസ്ഥനല്ലാത്ത ഒരാളും പൊലീസ് യൂണിഫോം അണിയാന്‍ പാടില്ല. പൊലീസ് യൂണിഫോം മാത്രമല്ല, പൊലീസ് യൂണിഫോമുമായി സാമ്യമുള്ള വസ്ത്രം പോലും ധരിക്കാന്‍ പാടില്ല. 25 മീറ്റര്‍ അകലെ നിന്ന് നോക്കിയാല്‍ പൊലീസ് വേഷമെന്ന് തോന്നിക്കുന്ന യൂണിഫോം ധരിക്കാന്‍ ആര്‍ക്കും അധികാരമില്ല.

നിയമം ഇതായിരിക്കെയാണ് ഐജി തന്നെ ഒരു മാധ്യമ പ്രവര്‍ത്തകയെ നേരിട്ട് പൊലീസ് യൂണിഫോം ധരിപ്പിച്ചത്. പൊലീസ് അല്ലാത്ത ഒരാളെ ഐജി പൊലീസ് യൂണിഫോം ധരിപ്പിച്ചു. ആളുകളില്‍ ഈ യുവതി പൊലീസ് ആണെന്ന് തെറ്റിദ്ധാരണയുണ്ടാക്കി. ഐജി നേരിട്ട് തന്നെ ആള്‍മാറാട്ടത്തിനു കൂട്ടുനിന്നു. അതിനാല്‍ പരാതി പ്രകാരം യുക്തമായ നടപടി സ്വീകരിക്കണമെന്നാണ് ഡിജിപിയോട് പുതുശ്ശേരി പരാതിയില്‍ ആവശ്യപ്പെടുന്നത്.

‘നിയമലംഘനം ഗൗരവമായി കരുതി നടപടി സ്വീകരിക്കുകയും കേസുകള്‍ ചാര്‍ജ് ചെയ്യുകയും ചെയ്യുന്ന പൊലീസ് തന്നെ നിയമം ലംഘിക്കുമ്പോള്‍ അതിനെതിരെ നടപടി ആവശ്യമാണ്‌-ജോസഫ് എം പുതുശ്ശേരി 24 കേരളയോടു പറഞ്ഞു. ഡിജിപിയ്ക്ക് നല്കിയ പരാതിയില്‍ തുടര്‍ നടപടികള്‍ക്ക് കാക്കുകയാണ്-പുതുശ്ശേരി പറയുന്നു.

ഐജി ശ്രീജിത്തിനെതിരെ കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷന്‍ കെ.മുരളീധരന്‍ എംഎല്‍എയും രംഗത്ത് വന്നിട്ടുണ്ട്. ഐജി എസ്.ശ്രീജിത്ത്‌ പൊലീസ് അല്ലാത്ത യുവതിയ്ക്ക് പൊലീസ് യൂണിഫോം നല്‍കിയ സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് മുരളീധരന്‍ പ്രതികരിച്ചിട്ടുണ്ട്.

ശബരിമലയിലേക്ക് പോകാന്‍ ശ്രമിച്ച യുവതികള്‍ക്ക് പോലീസ് യൂണിഫോം നല്‍കിയെന്നാണ് ഐ.ജി ശ്രീജിത്തിനെതിരായ ആരോപണം. ശ്രീജിത്ത് പോലീസ് യൂണിഫോം ദുരുപയോഗം ചെയ്തുവെന്നും മുരളീധരന്‍ ആരോപിച്ചിട്ടുണ്ട്. യുവതികളെ പൊലീസ് യൂണിഫോം അണിയിച്ച് കഴിഞ്ഞ ദിവസം സന്നിധാനത്തേക്ക് നടന്ന ഐജി എസ്.ശ്രീജിത്തിനു ഭക്തരുടെ എതിര്‍പ്പ് കാരണം പിന്‍വാങ്ങേണ്ടി വന്നിരുന്നു.

ഇവര്‍ നടപ്പന്തലിലേക്ക് കടന്നതോടെ അറുപതോളം പേര്‍ പ്രതിഷേധവുമായെത്തുകയായിരുന്നു. ഈസമയം ശബരിമല ക്ഷേത്രത്തിലെ പരികര്‍മികള്‍ പതിനെട്ടാംപടിക്കുമുന്നില്‍ നാമജപപ്രതിഷേധം തുടങ്ങിയിരുന്നു.

സ്ഥിതിഗതികള്‍ മനസിലായപ്പോള്‍ ജീവനും സ്വത്തിനും സംരക്ഷണം നല്‍കിയാല്‍ മടങ്ങിപ്പോകാമെന്ന് യുവതികള്‍ അറിയിക്കുകയായിരുന്നു.

അതിനുശേഷം അയ്യപ്പനെ തൊഴാനെത്തിയ ഐജി ശ്രീജിത്ത് അയ്യപ്പന്‍റെ മുന്നില്‍ പൊട്ടിക്കരഞ്ഞത് മാധ്യമങ്ങള്‍ ഫോട്ടോ സഹിതം വാര്‍ത്തയാക്കിയിരുന്നു.

ഈ സംഭവങ്ങള്‍ വിവാദമായി തുടരവേ തന്നെയാണ് ഇപ്പോള്‍ ഐജി ശ്രീജിത്തിനെതിരെ രാഷ്ട്രീയ നേതാക്കള്‍ നിയമനടപടിയുമായി നീങ്ങുന്നത്.