ഐക്യം വന്നപ്പോള്‍ ഭരണഘടന മറന്നു; കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം പകുതിയാക്കുന്നു

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: സംഘടനാപരമായി കേരളാ കോണ്‍ഗ്രസ് ചെയ്ത തെറ്റ് തിരുത്തുന്ന അവസരമാകും ഇന്ന് കോട്ടയത്ത് മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ്. പാര്‍ട്ടി ഭരണഘടന പ്രകാരം 25 ജനറല്‍ സെക്രട്ടറിമാര്‍ എന്നാണ് കണക്ക്. പക്ഷെ നിലവില്‍ 50 പേരില്‍ കൂടുതലാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍. ഇന്നത്തെ തിരഞ്ഞെടുപ്പില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം പകുതിയായി പാര്‍ട്ടി വെട്ടിക്കുറയ്ക്കുകയാണ്.

കേരളാ കോണ്‍ഗ്രസിലെ ജോസഫ് ഗ്രൂപ്പ്, മാണി ഗ്രൂപ്പിലേക്ക് ലയിച്ചപ്പോള്‍, യോജിപ്പ് കൂടിയപ്പോള്‍  തത്ക്കാലം എല്ലാവരും ഭരണഘടന മറക്കുകയായിരുന്നു. ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ വന്നപ്പോള്‍ അവരില്‍ അര്‍ഹരായവര്‍ക്ക് എല്ലാം ജനറല്‍ സെക്രട്ടറി പദം നല്‍കി. അതോടെ ജനറല്‍ സെക്രട്ടറിമാര്‍ ഇരട്ടിയോളമായി.

ഇപ്പോള്‍ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ എല്ലാം ഭരണഘടനാനുസൃതമായി മാറ്റുകയാണ്. ഇതോടെ പല നേതാക്കള്‍ക്കും പദവി നഷ്ടപ്പെടും. ജോസഫ് ഗ്രൂപ്പുമായി ആലോചിച്ച് തന്നെയാണ് പാര്‍ട്ടി ചട്ടക്കൂട് പ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇരുപക്ഷത്ത് നിന്നും പദവി നഷ്ടം സംഭവിക്കുന്നതിനാല്‍ പ്രതികരണം വേണ്ടെന്നാണ് പൊതുവിലെ തീരുമാനം.

ഒരു പാര്‍ട്ടിയായി യോജിച്ച് പോകുന്നതിനാല്‍ പാര്‍ട്ടി ഭരണഘടന അനുസരിക്കേണ്ടി വരും. പാര്‍ട്ടി ചട്ടക്കൂട് പ്രകാരമുള്ള തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളാണ് ഇതുവരെ നടന്നു വന്നത്. ജില്ലാ തലങ്ങളില്‍ നേരത്തെ തന്നെ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ അവസാനിക്കുകയും ജില്ലാ നേതാക്കള്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ചുരുക്കം ചില ജില്ലകളില്‍ മാത്രമാണ് സംസ്ഥാന സമ്മേളനം കഴിയും വരെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. ആ പ്രക്രിയയും പൂര്‍ത്തീകരിച്ചതോടെ ഇപ്പോള്‍ പുതിയ സംസ്ഥാന നേതൃത്വം തന്നെ തിരഞ്ഞെടുക്കപ്പെടുകയാണ്.

പാര്‍ട്ടി ചെയര്‍മാനായി കെ.എം.മാണിയും വര്‍ക്കിംഗ് ചെയര്‍മാനായി പി.ജെ.ജോസഫും തന്നെ തുടരും. ഡെപ്യൂട്ടി ചെയര്‍മാന്‍ സി.തോമസും വൈസ് ചെയര്‍മാന്‍ ജോസ് കെ മാണിയും തുടരും. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാര്‍ക്കാണ് മാറ്റം വരുന്നത്. ജോസഫ് – മാണി ഗ്രൂപ്പ് നേതാക്കള്‍ പാര്‍ട്ടിയുടെ തത്തുല്യമായ പദവികളിലാണ് അവരോധിക്കപ്പെടുന്നത്. സംഘടനാപരമായി വലിയ വെല്ലുവിളികള്‍ നേരിട്ടു കൊണ്ടിരിക്കുമ്പോഴാണ് പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ ഇന്ന് മാമ്മന്‍മാപ്പിള ഹാളില്‍ ഒത്തുചേരുന്നത്.

സവിശേഷ രാഷ്ട്രീയ സാഹചര്യമാണ്‌ കേരളത്തില്‍ നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ തന്നെയാണ് ഒരു മുന്നണിയുടെയും ഭാഗമായി തുടരാന്‍ സാധിക്കാതെ കേരളാ കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. പാര്‍ട്ടിയുടെ എംപിയായ ജോസ് കെ മാണിയും പാര്‍ട്ടി ചെയര്‍മാനായ കെ.എം.മാണിയും പാര്‍ട്ടിയെ ഇടതുമുന്നണിയില്‍ ചേര്‍ക്കണമെന്ന് ആഗ്രഹിച്ച് മുന്നോട്ട് പോകുമ്പോള്‍ കേരളാ കോണ്‍ഗ്രസില്‍ ലയിച്ച ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ പാര്‍ട്ടി യുഡിഎഫില്‍ തന്നെ തുടര്‍ന്നാല്‍ മതി എന്ന നിലപാടിലാണ്.

നിലവില്‍ യുഡിഎഫ് ബന്ധം വിച്ഛേദിച്ച് സ്വതന്ത്രമായാണ് കേരളാ കോണ്‍ഗ്രസ് നിലനില്‍ക്കുന്നതെങ്കിലും ഏതെങ്കിലും മുന്നണിയുടെ ഭാഗമായി തുടരാതെ എങ്ങിനെ മുന്നോട്ട് പോകും എന്ന ആശങ്കയിലാണ് പാര്‍ട്ടിയുടെ നേതാക്കള്‍. കെ.എം.മാണിയും ജോസ് കെ മാണിയും ഇടതുമുന്നണിയിലേക്ക് നീങ്ങിയാല്‍ ജോസഫ് ഗ്രൂപ്പ് യുഡിഎഫിലേക്ക് മാറും. പാര്‍ട്ടി പിളരും. ഈ പിളര്‍പ്പ് ഒഴിവാക്കാനാണ് ഇതേവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അടുപ്പം കാണിക്കാതെ സമദൂര സിദ്ധാന്തവുമായി കേരളാ കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കവേ സമദൂരസിദ്ധാന്തവുമായി പാര്‍ട്ടിക്ക് എങ്ങിനെ മുന്നോട്ട് പോകാന്‍ കഴിയും എന്നാണ് പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെ ചോദിക്കുന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കി മുന്നോട്ട് പോകാനാണ് സിപിഎം ഒരുങ്ങുന്നത്. കേരളാ കോണ്‍ഗ്രസിനെ തിരികെ യുഡിഎഫിലേക്ക് എത്തിക്കാനുള്ള മുഴുവന്‍ ചുമതലയും ഉമ്മന്‍ചാണ്ടിയെ ഏല്‍പ്പിച്ചാണ് യുഡിഎഫ് മുന്നോട്ട് പോകുന്നത്.

നിലവില്‍ ദുര്‍ബലമായി തുടരുന്ന യുഡിഎഫിന് വരുന്ന തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേല്‍ക്കാതെ നിലനില്‍ക്കണമെങ്കില്‍ കേരളാ കോണ്‍ഗ്രസിന്റെ സാന്നിധ്യം അത്യാവശ്യമെന്ന വിലയിരുത്തലിലാണ് മുന്നണി നേതൃത്വം. പക്ഷെ കേരളാ കോണ്‍ഗ്രസിലെ പിളര്‍പ്പ് യുഡിഎഫും എല്‍ഡിഎഫും ആഗ്രഹിക്കുന്നുമില്ല. ജോസഫ് ഗ്രൂപ്പ് ഇല്ലാത്ത കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിയ്ക്ക് വേണ്ട. മാണിയില്ലാത്ത ജോസഫ് ഗ്രൂപ്പ് യുഡിഎഫിനും ആവശ്യമില്ല.

ഇരുമുന്നണികളുടെയും ഈ മനോഗതം അറിഞ്ഞാണ് മാണി-ജോസഫ് വിഭാഗം നേതാക്കള്‍ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെയാണ് പാര്‍ട്ടി ഭരണഘടന പ്രകാരം 25 ജനറല്‍ സെക്രട്ടറിമാരെ നിലനിര്‍ത്താന്‍ കഴിയൂ എന്ന പ്രശ്നം വന്നപ്പോഴും ഉള്ളതില്‍ പകുതി പദവികള്‍ എന്ന നിലയിലേയ്ക്ക്‌
ജോസഫും മാണിയും യോജിച്ച് പോകുന്നതും.