ഐഎസ്‌ആര്‍ഒ ചാരക്കേസ്: നീതി തേടി ഫൗസിയ ഹസന്‍ കോടതിയിലേക്ക്

കോഴിക്കോട്: വിവാദമായ ഐഎസ്ആര്‍ഒ ചാരക്കേസില്‍ നീതി തേടി മാലിക്കാരി ഫൗസിയ ഹസന്‍ കോടതിയെ സമീപിക്കും. കേസ് രാഷ്ട്രീയപ്രേരിതമായിരുന്നു. ശാസ്ത്രജ്ഞന്‍ ഡോ. നമ്പി നാരായണന് നീതി കിട്ടിയതില്‍ പ്രതീക്ഷയുണ്ടെന്നും ഫൗസിയ ഹസന്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ തനിക്ക് നഷ്ടപരിഹാരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫൗസിയ ഹസന്‍ പറഞ്ഞു. മാലിക്കാരിയായ മറിയം റഷീദ, ഫൗസിയ ഹസന്‍ എന്നിവരെ ചാരക്കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഈ കേസ് കെട്ടിച്ചമച്ചതാണെന്ന് സുപ്രീം കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നഷ്ടപരിഹാരം തേടി നമ്പി നാരായണ്‍ കോടതിയെ സമീപിച്ചത്. ദീര്‍ഘകാലത്തെ നിയമപോരാട്ടത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം നമ്പി നാരായണന് കേരള സര്‍ക്കാര്‍ കോടതി വിധിച്ച നഷ്ടപരിഹാരം കൈമാറിയിരുന്നു.

സംശയത്തിന്റെ പേരിലാണ് ഉന്നത പദവിയിലിരിക്കുന്ന ശാസ്ത്രജ്ഞനെ പൊലീസ് അറസ്റ്റു ചെയ്തതെന്ന് സുപ്രീം കോടതി നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച ഉത്തരവില്‍ വ്യക്തമാക്കി. അത്തരമൊരു നടപടിയുണ്ടായ സാഹചര്യത്തില്‍ അദ്ദേഹത്തിന് മതിയായ നഷ്ടപരിഹാരം നൽകണം.

അതേസമയം, ചാരക്കേസിന്റെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണം വേണമെന്ന് സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടു. കസ്റ്റഡിയില്‍ എടുത്തത് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടു വരണം. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.