ഐഎസ്ആർഓക്ക്‌ ഇനി തിരക്കിൻറെ നാളുകൾ

‘ചന്ദ്രയാൻ 2’ കഴിഞ്ഞാൽ ‘ഗഗൻയാൻ’. തുടർന്ന് ബഹിരാകാശ നിലയം. പിന്നീട് സൂര്യന്റെ പ്രഭാവലയത്തിലേക്ക് ഒരെത്തിനോട്ടം. ഇതിനെല്ലാമിടയിൽ ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷന് സമാനമായി സ്വന്തമായൊരു ബഹിരാകാശനിലയത്തിന്റെ സൃഷ്ടി. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന് ഇനി തിരക്കിൻറെ ദിനങ്ങളാവും. 

2022ല്‍ ബഹിരാകാശത്തേക്ക് ആദ്യമായി മനുഷ്യനെ അയക്കുന്ന ‘ഗഗൻയാന്‍’ പദ്ധതിക്കുശേഷം ബഹിരാകാശ ഗവേഷണ നിലയ പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കും. നിര്‍ദ്ദിഷ്ട ബഹിരാകാശ നിലയത്തിന് 20 ടണ്‍ ഭാരമുണ്ടാകും. ഗഗനചാരികള്‍ക്ക് 15-20 ദിവസങ്ങള്‍ താമസിക്കുന്നതിനുള്ള സൗകര്യമതിലുണ്ടാകും. ഭൂമിയില്‍നിന്നും 400 കിലോ മീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലാകും അത് വിന്യസിക്കുക.  ഗഗന്‍യാനിനു ശേഷം 5-7 വര്‍ഷങ്ങള്‍ക്കുള്ളില്‍  അത് വിക്ഷേപിക്കും.

ചന്ദ്രനിലേക്കും അതിനുമപ്പുറത്തേക്കും മനുഷ്യനെ എത്തിക്കുന്നതിനുള്ള അന്താരാഷ്ട്ര ബഹിരാകാശ സമൂഹത്തിന്റെ ദൗത്യങ്ങളില്‍ ഇന്ത്യയും പങ്കാളിയാകും. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ആം വാര്‍ഷികത്തിലോ അതിനു മുമ്പോ ഗഗനയാന്‍ പദ്ധതി നടപ്പാക്കാന്‍ കഴിയുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഇതിനു വേണ്ടി 10,000  കോടി രൂപയുടെ പദ്ധതി തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വരുന്നതിനു മുമ്പുതന്നെ കേന്ദ്ര കാബിനറ്റ് അംഗീകരിച്ചിരുന്നു.

ഗഗൻയാന്‍ ദൗത്യത്തിന് മേല്‍നോട്ടം വഹിക്കുന്നതിനും ഉപദേശങ്ങള്‍ നല്‍കുന്നതിനുമായി വിവിധ സ്ഥാപനങ്ങളില്‍ നിന്നും വ്യവസായങ്ങളില്‍ നിന്നുമുള്ളവരെ ഉള്‍പ്പെടുത്തി ഒരു ഗഗൻയാന്‍ ദേശീയ ഉപദേശകസമിതിക്കു രൂപം നല്‍കിയിട്ടുണ്ട്. ഗഗൻയാന്‍ ദൗത്യത്തിനായുള്ള സംഘത്തിലേക്ക്  2-3 പേരെ 6 മാസങ്ങള്‍ക്കുള്ളില്‍ തെരഞ്ഞെടുക്കുകയും അവര്‍ക്ക് ഒന്നോ ഒന്നരയോ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരിശീലനം നല്‍കുകയും ചെയ്യും. ആദ്യഘട്ട പരിശീലനം ഇന്ത്യയിലായിരിക്കും നല്‍കുക. പിന്നീട്  വിദേശത്ത് പരിശീലനം നല്‍കും. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്ത്യയില്‍ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാത്തതിനാലാണ് വിദേശത്ത് പരിശീലനം നല്‍കുക. 

ഗഗൻയാനിനു ഉപയോഗിക്കുന്ന പേടകത്തെ ഒരു ജിഎസ്എല്‍വി എംകെ-3 റോക്കറ്റ് ഉപയോഗിച്ചായിരിക്കും വിക്ഷേപിക്കുക. ഗഗൻയാനിനു മുമ്പായി മനുഷ്യന്‍ കയറാത്ത രണ്ടു പേടകങ്ങള്‍ വിക്ഷേപിക്കും, അതിലൊന്ന് അടുത്തവര്‍ഷം ഡിസംബറിലാകും വിക്ഷേപിക്കുക. മറ്റൊന്ന് 6 മാസങ്ങള്‍ക്കു ശേഷമായിരിക്കും. 2-3 ഗഗനചാരികളുടെ സംഘത്തെ 7 ദിവസത്തേക്കായിരിക്കും ബഹിരാകാശത്തേക്കയക്കുക.ഭൂമിയില്‍ നിന്നും 300-400  കിലോ മീറ്റര്‍ ഉയരത്തില്‍ താഴ്ന്ന ഭ്രമണപഥത്തിലായിരിക്കും ബഹിരാകാശ പേടകത്തെ വിന്യസിക്കുക. 

ദൗത്യ സംഘത്തിലെ അംഗങ്ങളാകാന്‍ പൈലറ്റുമാരെ തെരെഞ്ഞെടുക്കുന്നതിനും പരിശീലനം നല്‍കുന്നതിനുമായി ഇന്ത്യന്‍ വ്യോമസേനയുമായി ഒരു  ധാരണാപത്രത്തില്‍ ഐഎസ്ആര്‍ഒ ഒപ്പുവെച്ചിട്ടുണ്ട്. ഗഗനചാരികളുടെ  പേടകം തിരികെ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ച ശേഷം സമുദ്രത്തില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ അത് വീണ്ടെടുക്കുന്നതിനായി നാവികസേനയുമായും കോസ്റ്റ് ഗാര്‍ഡുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. 

ചന്ദ്രയാന്‍-2 ദൗത്യത്തിന് ശേഷം മറ്റു രണ്ടു ഗ്രഹങ്ങളിലേക്കുള്ള ദൗത്യങ്ങള്‍ക്കു കൂടി ഐഎസ്ആര്‍ഒ തയ്യാറെടുക്കുകയാണ്. അതിലൊന്ന്  ഭൂമിയിലെ കാലാവസ്ഥയെ ബാധിക്കുന്ന സൂര്യന്റെ പ്രഭാവലയത്തെക്കുറിച്ചു പഠിക്കുന്നതിനുള്ള മിഷന്‍ ആദിത്യ എല്‍-1 ആണ്. 2-3 വര്‍ഷത്തിനുള്ളില്‍ ശുക്രനിലേക്കും ഒരു ദൗത്യമുണ്ടാകും.