ഏലം വില കുതിച്ചുയരുന്നു; കിലോയ്ക്ക് 6,000 രൂപയിലേക്ക്!

കട്ടപ്പന: ഏലം വീണ്ടും ലോകത്തിന്റെ ശീലമാകുന്നു. ഫലം: ഏലക്കയുടെ വില സര്‍വകാല റെക്കോഡിനുമപ്പുറത്തേക്ക് കുതിക്കുന്നു.

പ്രളയക്കെടുതിയില്‍ കനത്ത നാശം മാത്രം വിളവാണ് ലഭിച്ച മലയോരകര്‍ഷകര്‍ക്ക് വലിയൊരു താങ്ങാവുകയാണ് ഏലത്തിന്റെ ഉയര്‍ന്ന വില. സുഗന്ധവിളകളിലെ റാണിക്ക് ഇപ്പോള്‍ വില 5,000 രൂപ!  ശനിയാഴ്ച പുറ്റടി സ്പൈസസ് പാര്‍ക്കില്‍ സൗത്ത് ഇന്ത്യന്‍ ഗ്രീന്‍ കാര്‍ഡമം കമ്പനി നടത്തിയ ഇ-ലേലത്തിലാണ് സ്വപ്നവില രേഖപ്പെടുത്തിയത്. 

ലേലത്തില്‍ പതിഞ്ഞ 13951.2 കിലോഗ്രാമില്‍ മുഴുവന്‍ ഏലക്കയും വിറ്റുപോയപ്പോള്‍ ഉയര്‍ന്ന വില കിലോക്ക് 5,000 രൂപയും ശരാശരി വില കിലോക്ക് 3,244.84 രൂപയുമാണ് ലഭിച്ചത്. നേരത്തേ ലഭിച്ച ഏറ്റവും ഉയര്‍ന്ന വില കഴിഞ്ഞയാഴ്ച വണ്ടന്‍മേട് മാസ് ഏജന്‍സിസ് നടത്തിയ ഇ-ലേലത്തില്‍ ലഭിച്ച 4,503 രൂപയാണ്.

ശരാശരി വിലയിലും വന്‍ വര്‍ധനവാണ് വ്യാഴാഴ്ച ഉണ്ടായത്. 3,244.84 രൂപ ശരാശരി വില ലഭിക്കുന്നതും ഇതാദ്യമാണ്. ശരാശരി വിലയായി കിലോക്ക് 3,180 രൂപയാണ് മുമ്പ് ലഭിച്ചിട്ടുള്ളത്. കിലോക്ക് 5,000 രൂപയിലേക്കുള്ള കുതിപ്പ് കര്‍ഷകര്‍ സ്വപ്നത്തില്‍പോലും കണ്ടതല്ല.

പ്രളയവും തുടര്‍ന്ന് വന്ന ഉണക്കും ഏലംകൃഷിക്ക് കനത്ത നഷ്ടമാണ് വരുത്തിയിരുന്നത്. ഇതോടെ ഉല്‍പാദനം മൂന്നിലൊന്നായി ചുരുങ്ങിയതാണ് വിലക്കുതിപ്പിനു പ്രധാന കാരണം. 

സീസണ്‍ ആരംഭിക്കാന്‍ ഇനി മൂന്നുമാസം കൂടി കാത്തിരിക്കണം. കൃഷി നശിച്ചതിനാല്‍ വിളവെടുപ്പ് ആരംഭിച്ചാല്‍പോലും ഡിമാന്‍ഡിനൊത്ത് ചരക്ക് മാര്‍ക്കറ്റില്‍ എത്താനും വഴിയില്ല. ഇക്കാരണങ്ങളാല്‍ വരും ദിവസങ്ങളിലെ ലഭ്യതക്കുറവ് മുന്‍കൂട്ടി കണ്ട് ദീപാവലി സീസണ് മുന്നോടിയായി ഉത്തരേന്ത്യന്‍ വ്യാപാരികള്‍ ഉയര്‍ന്ന വില ക്വാട്ട് ചെയ്ത് ഏലം വാങ്ങാന്‍ മത്സരിച്ചതാണ് വില ഇത്ര ഉയരത്തിലെത്തിച്ചത്.

വരും ദിവസങ്ങളിലും ഈ പ്രവണത തുടരാനാണ് സാധ്യത. വില കിലോക്ക് 6,000 രൂപ വരെ ഉയര്‍ന്നാലും അതിശയിക്കേണ്ടതില്ല എന്നാണ് ഏലം വിപണി സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ പറയുന്നത്.  എന്നാല്‍, കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കാത്ത സ്ഥിതിയാണ്. 

മിക്ക കര്‍ഷകരും അവരുടെ സ്റ്റോക്ക്  മുഴുവന്‍ വിറ്റഴിച്ചു കഴിഞ്ഞു. അപൂര്‍വം കര്‍ഷകരുടെ കൈവശമാണ് നാമമാത്ര സ്റ്റോക്കുള്ളത്. വ്യാപാരികളുടെ കൈവശമാകട്ടെ മോശമല്ലാത്ത സ്റ്റോക്കുണ്ട്. അങ്ങിനെ വരുമ്പോള്‍ അടുത്ത വില വര്‍ധനവിന്റെ പ്രയോജനം മുഖ്യമായും ലഭിക്കുക വ്യാപാരികള്‍ക്കായിരിക്കും.