ഏറ്റവും കൂടുതല്‍ സ്വത്തുള്ള മുഖ്യമന്ത്രിമാരില്‍ പിണറായി നാലാം സ്ഥാനത്തെന്ന വാര്‍ത്ത തെറ്റ്‌

മുഖ്യമന്ത്രിമാരുടെ സാമ്പത്തിക നിലയെപ്പറ്റി ഡെമോക്രാറ്റിക് റൈറ്റ്‌സ് നടത്തിയ പഠനത്തില്‍ ആസ്തിയില്‍ നാലാം സ്ഥാനത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണെന്നുള്ള മാതൃഭൂമി വാര്‍ത്തയെ തള്ളി ഫെയ്‌സ് ബുക്ക് പേജായ നേരറിയാന്‍. അന്വേഷണത്തില്‍ നാലാം സ്ഥാനത്ത് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവാണെന്നും 31 മുഖ്യമന്ത്രിമാരുടെ സ്വത്തുവിവരം പരിശോധിച്ചതില്‍ കേരള മുഖ്യമന്ത്രിയുടെ സ്ഥാനം ഇരുപത്തിയഞ്ചാമതാണെന്നും അവര്‍ വ്യക്തമാക്കുന്നു.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പിണറായിക്ക് എത്ര സ്വത്തുണ്ട്???
——————————————————

അക്ഷമൻ കണ്ടത്തുന്നു

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കോടീശ്വരന്‍മാരില്‍ മൂന്നാം സ്ഥാനം ഉറപ്പിച്ചപ്പോള്‍ 1.07 കോടി രൂപയുടെ ആസ്തിയുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ നാലാം സ്ഥാനത്തുണ്ട്.
ഹമ്മോ…….സ്വത്തിന്റെ വലുപ്പത്തിൽ ..കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി നാലാം സ്ഥാനത്തോ? 
മാതൃഭൂമി വായിച്ച് അക്ഷമൻ ഞെട്ടി. ക്ഷമ തീരെ വറ്റിയതുകൊണ്ട് അന്വേഷണം അതിവേഗമാക്കി. 
അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് എന്ന് മാതൃഭൂമി പറയുന്നുണ്ട്. അതിന്റെ സൈറ്റിൽ ചെന്നുനോക്കിയപ്പോൾ കണ്ട നാലാംസ്ഥാനം തെലങ്കാന സംസ്ഥാനത്തിന്റേതാണ്. മുഖ്യമന്ത്രിയുടെ പേര് ചന്ദ്രശേഖര റാവു.

31 മുഖ്യമന്ത്രിമാരുടെ സ്വത്തുവിവരം പരിശോധിച്ചതിൽ കേരള മുഖ്യമന്ത്രിയുടെ സ്ഥാനം ഇരുപത്തിയഞ്ചാമതാണ്. ത്രിപുര മുഖ്യമന്ത്രിയുടേത് മുപ്പിത്തിയൊന്നാം സ്ഥാനം. അതായത്, രാജ്യത്തെ സാമ്പത്തികമായി ഏറ്റവും പിന്നാക്കംനിൽക്കുന്ന ആറുമുഖ്യമന്ത്രിമാരിൽ ഒരാൾ പിണറായി വിജയനും മറ്റെയാൾ മണിക്ക് സർക്കാരും.
മാതൃഭൂമി പക്ഷെ പിണറായിയെ നാലാമനാക്കി. 
മാതൃഭൂമിയിലെ ഓൺലൈൻ എഡിറ്റർക്ക് മനസ്സിലാകാത്തതുകൊണ്ടോ എണ്ണമറിയാത്തുൊണ്ടോ ആകാം ത്െറ്റായ വാർത്ത എഴുതിയത്.

രാജ്യത്തെ ഏറ്റവും കൂടുതൽ കേസുള്ള മുഖ്യമന്ത്രിമാരിൽ രണ്ടാമനാണ് പിണറായി വിജയൻ എന്നാണ് മറ്റൊരു കണ്ടെത്തൽ. മാതൃഭൂമിയുടെ തലക്കെട്ടു തന്നെ അതാണ്. ‘‘ക്രിമിനല്‍ കേസുകളുള്ള മുഖ്യമന്ത്രിമാരില്‍ ഫഡ്‌നവിസ് ഒന്നാമന്‍, പിണറായി രണ്ടാമന്‍’’എന്ന്.

‘‘മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരേയാണ് ഏറ്റവും അധികം കേസുകളുള്ളത്. 22 ക്രിമിനല്‍ കേസുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. കേരളാ മുഖ്യമന്ത്രി പിണറായി വിജയനാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 11 കേസുകളാണ് അദ്ദേഹത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ’’ ഇതാണ് മാതൃഭൂമി വാർത്ത.

ഫഡ്‌നാവിസിനെതിരേ 22 കേസുണ്ട്. അതിൽ മൂന്നെണ്ണം വ്യക്തിപരമായി ഏർപ്പെട്ട ക്രിമിനൽ കുറ്റങ്ങളും ബാക്കി സമരത്തിൻെറയും പ്രക്ഷോഭങ്ങളുടെയും ഭാഗമായുള്ളതും. 
പിണറായി വിജയനെതിരെ പത്തു കേസുകൾ( നാമ നിർദേശ പത്രിക സമർപ്പിക്കുമ്പോൾ ഉള്ളത്). പതിനൊന്നാമത്തേത് ലാവലിൻ കേസാണ്. അന്ന് അത് ഹൈക്കോടതിയുടെ റിവിഷനിലായിരുന്നു. ഇന്ന് നിലവിലില്ല. 
ബാക്കി പത്തു കേസുകളിൽ പലതും അവസാനിച്ചു കഴിഞ്ഞു. ഒന്നും പിണറായി എന്തെങ്കിലും ക്രിമിനൽ കൃത്യംനടത്തിയതല്ല. ക്രിമിനലുകൾക്ക് എതിരെ നിയമ നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് സമരംനടത്തിയതിനാണ്. സോളാർ ഉൾപ്പെടെ നാട്ടിൽ ഉമ്മൻചാണ്ടി ഭരണകാലത്ത് നടന്ന അഴിമതിക്കെതിരെ സമരം നയിച്ചതിന് അന്യായ സംഘം ചേരൽ(ഐ.പി.സി. 143)
, പൊലീസിനെ ധിക്കരിക്കൽ,പൊതുവഴി തടയൽ തുടങ്ങിയ കുറ്റങ്ങൾ ചാർത്തി ഉമ്മൻചാണ്ടിയുടെ പൊലീസ് പിണറായിക്കെതിരെയും പ്രതിപക്ഷത്തെ അനേകം നേതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

വർഗീയ കലാപമുണ്ടാക്കാനും ഏറ്റുമുട്ടൽ കൊലപാതകങ്ങൾ സംഘടിപ്പിക്കാനും നേതൃത്വം നൽകിയതിനാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പല മുഖ്യമന്ത്രിമാർക്കും രാഷ്ട്രീയ നേതാക്കൾക്കുമെതിരെ കേസെങ്കിൽ സമരരംഗത്ത് നേതൃസാന്നിധ്യമായതിന്റെ പേരിലാണ് പിണറായി വിജയനെതിരായ കേസുകളെന്ന് ചുരുക്കം.
എന്തായാലും പിണറായിയെ സമ്പന്നനാക്കിയതിനും സമരക്കേസുകളെ അതു പറയാതെ എണ്ണി മഹത്വപ്പെടുത്തിയതിനും മാതൃഭൂമിക്ക് നന്ദി പറയാം. പൊതു പ്രവർത്തകർ പ്രക്ഷോഭ രംഗത്തെതുമ്പോൾ കേസുകളുണ്ടാകുമെന്ന് ചെന്നിത്തലയ്ക്കെങ്കിലും ഇതുകണ്ട് ഓർമ്മ വരുമല്ലോ.