മലപ്പുറം: പട്ടിക ജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പു മന്ത്രി എകെ ബാലന് നിയമവിരുദ്ധമായി നിയമനങ്ങള്‍ നടത്തിയെന്ന ആരോപണവുമായി പികെ ഫിറോസ്. മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാതെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മണിഭുഷനെ ‘കിര്‍ത്താഡ്സി’ല്‍ സ്ഥിരപ്പെടുത്തി. ഇത് വിവിധ വകുപ്പുകളുടെ എതിര്‍പ്പുകള്‍ മറികടന്നാണെന്നും പികെ ഫിറോസ് പറഞ്ഞു.
ചട്ടം 39 ദുരുപയോഗം ചെയ്തുകൊണ്ടാണ് നിയമനം നടത്തിയത്. മണിഭൂഷന്റെ നിയമനം ന്യായീകരിക്കുന്നതിനായി മറ്റ് മൂന്ന് പേരെക്കൂടി നിയമിച്ചു. സര്‍ക്കാരിന്റെ ഇഷ്ടപ്രകാരമുള്ള നിയമനങ്ങളാണ് ഇവിടെ നടക്കുന്നത്. യോഗ്യതകള്‍ ഇല്ലാതെ നിയമിച്ച നാലു പേരുടെയും നിയമനം റദ്ദ് ചെയ്യണമെന്നും അന്വേഷണം നേരിടണമെന്നും പികെ ഫിറോസ് ആവശ്യപ്പെട്ടു.
മണിഭൂഷന്, ഇന്ദു വി മേനോന്, മിനി പിവി, സജിത് കുമാര്‍ എന്നിവര്‍ക്കാണ് മതിയായ യോഗ്യതയില്ലാതെ നിയമിച്ചത്. മണിഭൂഷന്, ഇന്ദു വി മേനോന് എന്നിവരെ കിര്‍ത്താഡ്സില്‍ ലെക്ചററായും മിനിയെ റിസര്‍ച്ച് അസിസ്റ്റന്റായും സജിത് കുമാറിനെ റിസര്‍ച്ച് ഓഫീസറായുമാണ് നിയമിച്ചത്. ഇതിനെല്ലാം സര്‍വീസ് റൂളില്‍ പറയുന്ന യോഗ്യത എംഫില്‍ അല്ലെങ്കില്‍ പിഎച്ച്ഡി ഉണ്ടാകണമെന്നതാണ്. എന്നാല്‍ ആ യോഗ്യത ഇവര്‍ക്കാര്‍ക്കുമില്ലെന്നും സജിത് കുമാറിന് മറ്റൊരു കോഴ്സിലാണ് എംഫില്‍ ഉള്ളതെന്നും പികെ ഫിറോസ് ആരോപിക്കുന്നു.
സര്‍വീസ് റൂളിലെ യോഗ്യത തിരുത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അതിന് സാധിക്കാതെ വന്നപ്പോള്‍ ചട്ടം 39 വകുപ്പ് ദുരുപയോഗം ചെയ്യുകയായിരുന്നു. ഇത് നിയമമന്ത്രി കൂടിയായ എകെ ബാലന്റെ അറിവോടെയായിരുന്നുവെന്നും പികെ ഫിറോസ് പറഞ്ഞു.