എസ്.ഡി.പി.ഐയുമായുള്ള ചര്‍ച്ച യു.ഡി.എഫ് നേതൃത്വത്തിന്റെ അറിവോടെ, ലീഗിന്റെ വർഗീയ മുഖം പുറത്തുവന്നു: പി.വി അന്‍വര്‍

മലപ്പുറം: യു.ഡി.എഫ് നേതൃത്വത്തിന്റെ അറിവോടെയാണ് മുസ്ലിം ലീഗ് നേതാക്കൾ എസ്.ഡി.പി.ഐ നേതൃത്വവുമായി ചർച്ച നടത്തിയതെന്ന് പി.വി.അൻവർ എം.എൽ.എ. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാനും ചർച്ചക്കെത്തിയിരുന്നു. ആർ.എസ്.എസുമായും ചർച്ച നടത്തിയിട്ടുണ്ട്. ലീഗിന്റെ വർഗീയ മുഖമാണ് ചർച്ചയിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം മലപ്പുറം കോട്ടക്കലിൽ പറഞ്ഞു.

അതേസമയം എസ്ഡിപിഐയുമായി രഹസ്യചര്‍ച്ച നടന്നെന്ന വാദം തള്ളി മുസ്ലീം ലീഗ്. കൊണ്ടോട്ടി കെടിഡിസി ഹോട്ടലില്‍ വച്ച് യാദൃശ്ചികമായാണ് എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കണ്ടെതെന്ന ഇടി മുഹമ്മദ് ബഷീറിന്‍റെ വിശദീകരണം തൃപ്തികരമാണെന്ന് മുസ്ലീംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

കു‍ഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും എസ്ഡ‍ിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന വാദവം അദ്ദേഹം തള്ളിക്കളഞ്ഞു. അതേസമയം ലീഗിനും കോണ്‍ഗ്രസിനുമെതിരെ സിപിഎം രംഗത്ത് വന്നു. സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വോട്ട് മറിക്കാനാണ് മുസ്ലീം ലീഗും എസ് ‍ഡിപിഐയും തമ്മിലുള്ള ധാരണയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.