എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് തുടങ്ങുന്നു. ഈ മാസം 28ാം തീയതിവരെയാണ് പരീക്ഷ. നാലുലക്ഷത്തി പതിനയ്യായിരം സ്‌കൂള്‍ വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്.   ഇത്തവണ പരീക്ഷയെഴുതുന്ന 4,35,142 കുട്ടികളില്‍  2,22,527 പേര്‍ ആണ്‍കുട്ടികളും 2,12,615 പേര്‍ പെണ്‍കുട്ടികളുമാണ്. എയ്ഡഡ് സ്കൂളുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷകളെഴുതുന്നത്.

സംസ്ഥാനത്ത് 2923 കേന്ദ്രങ്ങളുണ്ട്. ലക്ഷദ്വീപിലും ഗൾഫിലും നാല് കേന്ദ്രങ്ങളിലും പരീക്ഷയുണ്ട്. എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 2,62,125 കുട്ടികള്‍ പരീക്ഷയെഴുതുമ്പോള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്ന് 1,42,033 കുട്ടികളാണ് പരീക്ഷയെഴുതുക. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 30,984 കുട്ടികളും ഇത്തവണ പരീക്ഷയ്‌ക്കെത്തും.

മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതൽ പേർ പരീക്ഷയെഴുതുക. കുട്ടനാടാണ് കുറവ്. മാർച്ച് 28ന് പരീക്ഷ അവസാനിക്കും. ഏപ്രിൽ 5 മുതൽ മെയ് രണ്ട് വരെ രണ്ട് ഘട്ടമായാണ് മൂല്യ നിർ‍ണയം.