എസ്ബിഐ ട്രഷറി ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാവിന്‍റെ പങ്ക് സ്ഥിരീകരിച്ച്‌ പൊലീസ്

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിവസം തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപത്തെ എസ്ബിഐ ട്രഷറി ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ എന്‍ജിഒ യൂണിയന്‍ നേതാവ് സുരേഷ് ബാബുവിന്‍റെ പങ്ക് സ്ഥിരീകരിച്ച്‌ പൊലീസ്. സിസിടിവി ദൃശ്യങ്ങളില്‍ സുരേഷ് ബാബു ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

നേരത്തേ അറസ്റ്റിലായ എന്‍ജിഒ യൂണിയന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഹരിലാല്‍, എന്‍ജിഒ യൂണിയന്‍ തൈക്കാട് ഏരിയാ സെക്രട്ടറി അശോകന്‍ എന്നീ ജില്ലാ നേതാക്കളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. നഗരമധ്യത്തില്‍ നടന്ന ആക്രമണം ഗൗരവമുള്ളതെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

അതേസമയം കേസില്‍ അറസ്റ്റിലായവര്‍ക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകും. അക്രമണത്തില്‍ ബാങ്കില്‍ ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കമ്ബ്യൂട്ടര്‍, ലാന്‍റ്ഫോണ്‍, മൊബെല്‍ ഫോണ്‍, ടേബിള്‍ ഗ്ലാസ് എന്നിവ അക്രമികള്‍ നശിപ്പിച്ചിരുന്നു.