എവറസ്റ്റിൽ നിന്ന് 11 ടണ്‍ മാലിന്യവും നാല് മൃതശരീരങ്ങളും കണ്ടെത്തി

കാഠ്മണ്ടു: എവറസ്റ്റ് കൊടുമുടിയിലേക്കുള്ള വഴി നീളെ ശുചീകരണം നടത്തിയപ്പോള്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച. 11 ടണ്‍ മാലിന്യവും നാല് മൃതശരീരങ്ങളും കണ്ടെത്തി. നേപ്പാള്‍ സക്കാരിന്റെ നിദ്ദേശത്തോടെ എവറസ്റ്റിന്റെ ബേസ് ക്യാംപിനോട് ചേര്‍ന്ന് താമസിക്കുന്നവരാണ് ശുചീകരണം നടത്തിയത്. പര്‍വ്വതത്തിന്റെ 8,850 മീറ്ററോളം കയറിയിറങ്ങിയ ശേഷമാണ് ഇത്രയധികം മാലിന്യങ്ങള്‍ കണ്ടെത്തിയത്. മനുഷ്യവിസര്‍ജ്ജം, ഉപയോഗിച്ച ഓക്‌സിജന്‍ സിലിണ്ടറുകള്‍, ടെന്റുകള്‍, തകര്‍ന്ന ഏണികള്‍, കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍ തുടങ്ങി പര്‍വ്വതാരോഹകര്‍ ഉപേക്ഷിച്ച മാലിന്യങ്ങളാണ് എവറസ്റ്റില്‍ കണ്ടത്.

മാലിന്യത്തിന് പുറമെ ഇതുവരെ എവറസ്റ്റ് കീഴടക്കാന്‍ പോയി പാതിവഴിയില്‍ മരിക്കുകയും വീണ്ടെടുക്കാന്‍ സാധിക്കാത്തതുമായ 300 പേരുടെ മൃതദേഹങ്ങളും ഈ മലനിരയിലുണ്ട്.മഞ്ഞില്‍ ഉറഞ്ഞുകിടക്കുന്ന ഈ മൃതദേഹങ്ങള്‍ വേനല്‍ക്കാലത്ത് കാണാന്‍ സാധിക്കുമെങ്കിലും വീണ്ടെടുക്കാനാകാറില്ല. കണ്ടെത്തിയ നാല് മൃതദേഹങ്ങള്‍ ആരുടേതൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നേപ്പാളിന്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളിലൊന്നാണ് എവറസ്റ്റ് സന്ദര്‍ശനം. ഒരാള്‍ക്ക് 11000 ഡോളറാണ് എവറസ്റ്റിലേക്ക് കയറുന്നതിനുള്ള പ്രവേശന പാസ് നിരക്ക്. ഇത്തവണ 381 പേര്‍ക്കാണ് എവറസ്റ്റ് കൊടുമുടിയിലേക്ക് പോകാന്‍ നേപ്പാള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.