എല്ലാ വ്യാപാരികൾക്കും ജിഎസ്‌ടി ഈടാക്കാനാവില്ല!

അടുത്ത തവണ സാധനം വാങ്ങാൻ കടയിൽ പോകുമ്പോൾ കടയുടെ ബോർഡ് ഒന്ന് നന്നായി വായിക്കുക. ബിൽ കിട്ടുമ്പോൾ ശ്രദ്ധിച്ച് നോക്കുക. അല്ലെങ്കിൽ നിങ്ങൾ അനാവശ്യമായി ജിഎസ്‌ടി നല്കുകയാവും ഫലം.
കടയുടെ ബോർഡിലും നിങ്ങൾക്ക് ലഭിക്കുന്ന ബില്ലിലും ‘വിതരണത്തിൽ നികുതി പിരിക്കാൻ അർഹതയില്ലാത്ത നികുതിദായകൻ’ എന്ന് മലയാളത്തിലോ ‘Composition taxable person, not eligible to collect tax on supply’ എന്ന് ഇംഗ്ലീഷിലോ എഴുതിയിട്ടുണ്ടെങ്കിൽ ജിഎസ്‌ടി നൽകണ്ട. പക്ഷെ അത്രയും വായിക്കാൻ മെനക്കെടണം.
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പാണ് ഈ അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.  കോമ്പോസിഷൻ വ്യവസ്ഥയിൽ നികുതിയടക്കുന്ന പല വ്യാപാരികളും ജിഎസ്‌ടി ഈടാക്കുന്നു എന്ന് കണ്ടതിനെ തുടർന്ന് വ്യാപാരികൾക്ക് ഇക്കാര്യത്തിൽ ശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് വകുപ്പ് കമ്മീഷണർ ടിങ്കു ബിസ്വാൾ. 
‘കോമ്പോസിഷൻ’ തെരഞ്ഞെടുത്തിട്ടുള്ള വ്യാപാരികൾ അവരുടെ മൊത്തം വിറ്റുവരവിന്റെ ഒരു നിശ്ചിത ശതമാനമാണ് നികുതിയായി അടക്കുന്നത്. പക്ഷെ ഈ വിഭാഗത്തിൽ പെടുന്ന  പല വ്യാപാരികളും ജിഎസ്‌ടി ഈടാക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ചരക്ക് സേവന നികുതി കമ്മീഷണർ  പറഞ്ഞു.