എല്ലാ പാര്‍ട്ടിയിലെയും അംഗങ്ങള്‍ കുടുംബത്തില്‍ ഉണ്ട്; പ്രതികരിച്ച്‌ ശശി തരൂര്‍

തിരുവനന്തപുരം: തന്‍റെ ബന്ധുക്കള്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന പി എസ് ശ്രീധരന്‍പിള്ളയുടെ അവകാശവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എം പി. ബന്ധുക്കള്‍ വര്‍ഷങ്ങളായി ബിജെപിക്ക് വോട്ട് ചെയ്യുന്നവരാണെന്ന് ശശി തരൂര്‍ പറഞ്ഞു. എല്ലാ പാര്‍ട്ടിയിലെയും അംഗങ്ങള്‍ കുടുംബത്തില്‍ ഉണ്ട്. സിപിഎം ഭാരവാഹികളായ ബന്ധുക്കളും തനിക്കുണ്ട്. തന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ തെറ്റ് ചൂണ്ടിക്കാണിക്കാന്‍ കഴിയാത്തതു കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും തരൂര്‍ വ്യക്തമാക്കി. ചടങ്ങിന്‍റെ ആവശ്യമെന്തെന്ന് ശ്രീധരന്‍പിള്ളയോട് ചോദിക്കണമെന്നും തരൂര്‍ പറഞ്ഞു.

ശി തരൂരിന്‍റെ അമ്മയുടെ അനിയത്തി ശോഭന, ഭര്‍ത്താവ് ശശികുമാര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയില്‍ നിന്ന് ഇവര്‍ അംഗത്വം സ്വീകരിച്ചുവെന്നാണ് അവകാശവാദം. എന്നാല്‍ തങ്ങള്‍ പണ്ടേ ബിജെപി അനുഭാവികളാണെന്നും ഇപ്പോള്‍ ഇങ്ങനെയൊരു ചടങ്ങ് എന്തിനാണെന്ന് അറിയില്ലെന്നും ശശി തരൂരിന്‍റെ ചെറിയമ്മ ശോഭന പറഞ്ഞു.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ശശി തരൂരിന്‍റെ ബന്ധുക്കളായ പത്ത് പേര്‍ക്ക് അംഗത്വം നല്‍കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തു. അംഗത്വമെടുത്ത കുടുംബാംഗങ്ങള്‍ ഫോട്ടോ സെഷനുമായി സഹകരിക്കാനോ മാധ്യമങ്ങളോട് പ്രതികരിക്കാനോ തയ്യാറാകാതെ പെട്ടെന്ന് തന്നെ വേദി വിടുകയായിരുന്നു.