എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സിഐയെ കാണാനില്ല; പൊലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സിഐയെ കാണാതായതായി പരാതി. സെന്‍ട്രല്‍ സിഐ വിഎസ് നവാസിനെ കാണാനില്ലെന്നാണ് പരാതി. സിഐയുടെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് കൊച്ചി പൊലീസ് ഇദ്ദേഹത്തെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ലെന്നാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്. സെന്‍ട്രല്‍ സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഔദ്യോഗിക ചുമതലകള്‍ ഇന്നലെ ഈ ഉദ്യോഗസ്ഥന്‍ ഒഴിഞ്ഞതായി വിവരമുണ്ട്.

ഇന്നലെ ഒരു മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം തന്‍റെ ഔദ്യോഗിക ഫോണ്‍ നമ്പറിന്‍റെ സിം കീഴുദ്യോഗസ്ഥന് കൈമാറിയുകയും ചെയ്തുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നു. ഇതിന് ശേഷം ഇദ്ദേഹം തന്‍റെ ഭാര്യയ്ക്ക് എസ്എംഎസ് സന്ദേശം അയച്ചതായും സൂചനയുണ്ട്. 

ഉദ്യോഗസ്ഥനെ കണ്ടെത്താന്‍ ഗൗരവമായി അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി ഇന്ന് രാവിലെ ചുമതലയേറ്റ ഐജി വിജയസാക്കറെ അറിയിച്ചു. സിഐയുടെ ഭാര്യയുടെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.