‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ ജൂലൈയില്‍ തിയേറ്ററുകളിലേക്ക്..

എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചു. ജൂലൈയില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനൂപ് മേനോനാണ്. സൂരജ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനൂപ് മേനോനാണ് നായക വേഷം അവതരിപ്പിക്കുന്നത്.

മിയയും പുതുമുഖ നടിയായ ഹന്നയുമാണ് ചിത്രത്തില്‍ നായികമാരുടെ വേഷത്തില്‍ എത്തുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്ത് വിട്ടിട്ടുണ്ട്. സംവിധായകന്‍ സൂരജ് തോമസാണ് ചിത്രത്തിന്റെ പുതിയ പോസ്റ്ററുകള്‍ പുറത്ത് വിട്ടത്.

ചിത്രത്തില്‍ ഒരു പാചകക്കാരന്റെ വേഷത്തിലാണ് അനൂപ് മേനോന്‍ അഭിനയിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം അനൂപ് മേനോന്‍ തിരക്കഥ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. മെഴുകുതിരിയുണ്ടാക്കുന്ന പെണ്‍കുട്ടിയായായി മിയയും ചിത്രത്തില്‍ അഭിനയിക്കും.

ഊട്ടിയാണ് ചിത്രത്തിന്റെ പ്രഥാന ലൊക്കേഷന്‍. സംവിധായകരായ ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ലാല്‍ ജോസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അലന്‍സിയര്‍, ബൈജു എന്നിവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. എം ജയചനന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്.