എന്റെ ഗ്രാമക്കാഴ്ചകൾ

സായിനാഥ്‌ മേനോൻ

ഇത്‌ തേങ്കുറുശ്ശി- പേരു പോലെ തന്നെ ( തേൻ കുറുശ്ശി) മാധുര്യമേറുന്ന ഒരു പാലക്കാടൻ ഗ്രാമമാണു തേങ്കുറുശ്ശി. പാലക്കാട്‌ നിന്നു ഒരു ഒമ്പത്‌ കിലോമീറ്റർ ദൂരമെ ഉള്ളൂ തേങ്കുറുശ്ശിയിലേക്ക്‌.കഴിഞ്ഞ ഞായറാഴ്ചയിലെ എന്റെ യാത്ര ഈ ഗ്രാമത്തിലേയ്ക്കായിരുന്നു.

പച്ചവിരിച്ച ഗ്രാമം. നെൽപ്പാടങ്ങളാൽ ചുറ്റപ്പെട്ട തേങ്കുറുശ്ശി . അവിടെ അവിടെ കരിമ്പനകൾ തലയാട്ടി ഉയർന്നു നിൽക്കുന്നു തനത്‌ ഗാംഭീര്യത്തോടെ.ഇവിടുത്തെ കാറ്റിനു പോലും കർഷകന്റെയും നെല്ലിന്റെയും മണ്ണിന്റെയും ഒക്കെ മണമാണു.പഴമ വിട്ടു മാറാത്ത സുന്ദരഭൂമിയാണു തേങ്കുറുശ്ശി . തനിനാട്ടിൻപ്പുറം.മണ്ണിൽ പണിയെടുക്കുന്നവരുടെ , അധ്വാനിക്കുന്നവരുടെ ഭൂമിയാണു തേങ്കുറുശ്ശി .പത്തയാപ്പുരകളും എട്ടുകെട്ടും നാടൻ ചായക്കടയും , പഴയസൈക്കിൾ കടയും, നാടൻ പച്ചക്കറികടകളും, കുളങ്ങളും , തോപ്പും , പാടങ്ങളും , നല്ല മനുഷ്യരും എല്ലാമുള്ള മനോഹരമായ തേങ്കുറുശ്ശി

തേങ്കുറുശ്ശിയിലേക്ക്‌ പോകുമ്പോൾ എന്റെ മനസ്സിൽ കണ്ടാത്ത്‌ തറവാട്‌ എന്ന പ്രൗഡഗംഭീരമായ എട്ടുകെട്ട്‌ കാണണം എന്നു മാത്രേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ തേങ്കുറുശ്ശിയുടെ പ്രകൃതി ഭംഗി എന്നെ വരവേറ്റത്‌ വേറെ ഒരു മനോഹര ലോകത്തെയ്ക്ക്കായിരുന്നു. പാടശേഖരങ്ങളാണീ ഗ്രാമത്തിലേക്കു വന്ന എന്നെ ആദ്യം വരവേറ്റത്‌. അതും മനോഹരമായ പാടശേഖരങ്ങൾ. തേങ്കുറുശ്ശിയുടെ അഭിമാനമായ കണ്ടാത്ത്‌ തറവാട്‌ വിശദമായി കണ്ടു( ഇതിനു മുന്നത്തെ കണ്ടാത്ത്‌ തറവാടിനെക്കുറിച്ചുള്ള എന്റെ പോസ്റ്റ്‌ കൂട്ടുകാർ വായിച്ചു കാണും എന്നു വിശ്വസിക്കുന്നു)കണ്ടാത്ത്‌ പോകുന്ന റോഡിൽ ഗ്രാമീണ സ്ത്രീകൾ നെല്ലു ഉണക്കാൻ ഇട്ടിരിക്കുന്നു, ഒരു കൂട്ടർ നെല്ല് പാറ്റുകയും വീശുകയും ചെയ്യുന്നു. റോഡിൽ ഉണക്കാൻ ഇട്ട വയ്ക്കോലിൽ കിടന്നു മറയുന്ന സുന്ദരനായ ശുനകൻ. നാട്ടിൻപ്പുറത്തിനു മാത്രം അവകാശപ്പെടാൻ പറ്റുന്ന ദൃശ്യങ്ങൾ. അവർ ക്യാമറയും തൂക്കി നടക്കുന്ന എന്നെ കണ്ടപ്പോൾ ഇവൻ എവിടുന്നു വന്നപ്പാ എന്ന ഭാവത്തിൽ എവിടാ ഉണ്ണ്യെ വീട്‌ എന്നു ചോദ്യശരമെയ്തു , കോങ്ങാട്‌ എന്ന മറുപടിയും ഒരു പുഞ്ചിരിയും പാസാക്കി ഞാൻ കണ്ടാത്ത്‌ തറവാടിലേക്ക്‌ ചെന്നു.കണ്ടാത്ത്‌ കണ്ടശേഷം പുറത്തേക്കിറങ്ങി നോക്കിയപ്പോൾ പാടത്തിന്റെ അക്കരയിൽ കുറെ വല്ലിയ പുരകൾ കാണുന്നു . നേരെ വിട്ടു അവിടെയ്ക്കു വണ്ടി. ചുറ്റും പാടത്തിനു നടുവിലൂടെയുള്ള യാത്ര.

ഹാ എന്തു രസാ. ആൽത്തറ ക്ഷേത്രങ്ങളിലെ ദേവനും ദേവിയും എനിക്കു സ്വാഗതമേകി. അവിടെ മരച്ചുവട്ടിൽ ഇരിക്കുന്ന ചേട്ടന്മാരോട്‌ തിരക്കി ഏതാണു ആ പുരകൾ എന്നു. അതെല്ലാം നൂറും ഇരുനൂറും വർഷം പഴക്കമുള്ള പത്തായപ്പുരകൾ ആണെന്നും മറ്റും അവരിൽ നിന്നും അറിയാൻ കഴിഞ്ഞു.

ആദ്യത്തെ പത്തായപ്പുരയായ രഘു ഏട്ടന്റെ പുത്തൻപത്തായപ്പുരയിലേക്കു നീങ്ങി ഞാൻ . നൂറ്റമ്പത്‌ വർഷം പഴക്കമുള്ള മനോഹരമായ പത്തായപ്പുര. അവിടെ അരവിന്ദൻ സംവിധാനം ചെയ്ത ലാലേട്ടൻ ചിത്രമായ വാസ്തുഹാര ഷൂട്ട്‌ ചെയ്തിട്ടുണ്ട്‌. പത്തായപ്പുരയ്ക്കു മുന്നിൽ ചേച്ചിമാർ നെല്ലുണക്കാനും ചാക്കിലാക്കാനും ഒക്കെ നിൽക്കുന്നു. അവരോട്‌ കുറച്ചു നേരം സംസാരിച്ചു. പത്തായം പെറും , ചക്കി കുത്തും, അമ്മ വയ്ക്കും, ഞാൻ ഉണ്ണും എന്ന പഴംഞ്ചൊല്ലു ഞാൻ അവരോട്‌ പറഞ്ഞപ്പോൾ , ഉണ്ണ്യെ ഉണ്ണിക്കു ഇതക്കറിയാലെ , ഇപ്പൊഴത്തെ കുട്ടികൾക്കൊന്നും ഇത്‌ ഒന്നും മനസിലാവില്ലാ എന്നവർ എന്നോട്‌ ചിരിച്ചു കൊണ്ട്‌ പറഞ്ഞു.അതും തനി പാലക്കാടൻ ഭാഷയിൽ തന്നെ.ഉണ്ണ്യെ എന്ന ആ നിഷ്കളങ്കമായ വിളി എനിക്കിഷ്ടായി . വാത്സല്ല്യത്തോടെയുള്ള ആ വിളിയിൽ കാപട്യമില്ലാ, കാരണം അവർ ശുദ്ധരാണു.ഉച്ച നേരമായി , ആ പത്തയപ്പുരയുടെ ഉടമസ്ഥൻ രഘു ഏട്ടൻ ഊണു കഴിക്കാൻ എന്നെ നിർബന്ധിച്ചു , അവരെ ബുദ്ധിമുട്ടിക്കാൻ താൽപ്പര്യമില്ലാത്തത്‌ കൊണ്ട്‌ പിന്നെ വാരാം എന്നു യാത്ര പറഞ്ഞു ഞാനിറങ്ങി

പിന്നെയുള്ള പത്തായപ്പുരയിലേക്ക്‌ വഴി ചോദിയ്ക്കാനായി അവിടുത്തെ ചായക്കടയുടെ മുന്നെ ഞാൻ എന്റെ വണ്ടി നിർത്തി. ചോദ്യം പകുതിയായപ്പോഴെക്കും വണ്ടിയിലേക്ക്‌ മണി ഏട്ടൻ ചാടിക്കയറി ഇരുന്നു കൊണ്ട്‌ എന്നൊട്‌ പറഞ്ഞു കുഞ്ചു ഞാൻ കാണിച്ചു തരാം എല്ലാം , വണ്ടി എടുക്കൂ. ഒരു പരിചയമില്ലാത്ത എന്നെ കുഞ്ചു എന്ന് മണി ഏട്ടൻ വിളിച്ചപ്പോൾ വല്ലാത്ത ഒരു സന്തോഷം തോന്നെ എന്റെ ഉള്ളിൽ, മണി ഏട്ടനു അറുപത്തിയഞ്ചു വയസ്സായി ഇപ്പോഴും പാടത്ത്‌ പണിക്കു പോകുന്നുണ്ട്‌, സിക്സ്പാക്ക്‌ ശരീരം ,നിഷ്കളങ്കമായ ചിരി, മൊബെയിൽ എന്ന അസുഖം അവർക്കൊന്നും ബാധിച്ചിട്ടില്ലാ എന്നു മനസ്സിലായി. അവർക്കൊക്കെ മണ്ണിനെയും മനുഷ്യനെയും ഒക്കെ സ്നേഹിക്കാനെ അറിയൂ.അങ്ങനെ മണി ഏട്ടനെയും കൂട്ടി നാട്ടുവഴികളിലൂടെ യാത്ര തുടങ്ങി . യാത്രയ്ക്കിടയിൽ കൃഷിയെയും കുറിച്ചും മറ്റും മണി ഏട്ടൻ വാചാലനായി. മണി ഏട്ടൻ എന്നെ കൃഷ്ണദാസ്‌ ഏട്ടന്റെ കടുങ്ങോത്‌ പത്തയപ്പുരയിൽ കൊണ്ട്‌ പോയി. കൃഷ്ണദാസേട്ടൻ , ഊഷ്മളമായ സ്വീകരണമേകി എനിക്ക്‌ . അദ്ദേഹത്തിന്റെ ഇരുനൂറുവർഷത്തിനടുത്ത്‌ പഴക്കമുള്ള ആ പത്തായപ്പുരയെക്കുറിച്ചു വിശദീകരിച്ച്‌ തന്നു. ടൺകണക്കിനു നെൽസംഭരണശേഷിയുള്ള പത്തായത്തിന്റെ സവിശേഷതയും മറ്റും അദ്ദേഹം വിവരിച്ചു തന്നു. നല്ല വിദ്യഭ്യാസം നേടിയ ആളാണു കൃഷ്ണദാസേട്ടൻ , പക്ഷെ ജീവിതം അദ്ദേഹം കൃഷിയ്ക്കായി നീക്കി വച്ചു.അദ്ദേഹത്തിന്റെ ടേബിളിൽ പുരാണപുസ്തകങ്ങളുടെ നിര തന്നെയുണ്ട്‌, ചുമരിൽ ഗീതവാചകങ്ങൾ എഴുതി വച്ചിരിക്കുന്നു, ഹൃദിസ്ഥമാക്കനാണത്രെ.

നല്ല ഒരു മനുഷ്യൻ, ഊണു കഴിക്കാൻ ഒരുപാട്‌ നിർബന്ധിച്ചു . ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചു ഞാൻ ഭക്ഷണം ഒഴിവാക്കി. അപ്രതീക്ഷിതമായി അവരെ ബുദ്ധിമുട്ടിക്കേണ്ടല്ലോ. ഒന്നാം വിള നഷ്ടായി എന്നും രണ്ടാം വിള നന്നായി എന്നും , വല്ല്യ ലാഭമില്ലാ എങ്കിലും കൃഷി നമ്മുടെ ജീവിതത്തിന്റെ ഭാഗമല്ലേ , അതു കൊണ്ട്‌ തുടർന്ന് പോകുന്നു എന്നെല്ലാം അദ്ദേഹം പറഞ്ഞു. ശരിയാണു ഈ കർഷകർ ഒന്നുമില്ലെൽ നമ്മൾ പട്ടിണിയാകി പോകില്ലെ. മനസ്സു കൊണ്ട്‌ അദ്ദേഹത്തൊടെ നന്ദി പറഞ്ഞ്‌, അവിടെ നിന്നിറങ്ങി ഞാൻ . മണി ഏട്ടനും അദ്ദേഹത്തിന്റെ കുഞ്ചുവായ ഞാനും കൂടി കുറച്ചു ദൂരം കൂടി യാത്ര ചെയ്തു. മണി ഏട്ടനെ ഞാൻ കുളക്കടവിൽ ഇറക്കി പിന്നീട്‌ കാണാമെന്നു പറഞ്ഞിറങ്ങി.ജാഡയില്ലാത്ത മനുഷ്യർ ഇവിടുത്തെ പ്രത്യേകതയാണു. പണത്തിന്റെ അഹങ്കാരത്താൽ ജീവിക്കുന്ന മനുഷ്യർ ഈ നാട്ടിൻപ്പുറങ്ങളിലെ മനുഷ്യരെ കണ്ട്‌ പഠിക്കേണ്ടതാണു. കാപട്യമില്ലാത്ത സ്നേഹത്തോടെ എങ്ങനെ പെരുമാറണം എന്നു അവർക്കറിയാം. അതു കൊണ്ടാണവർ എന്നെ ഉണ്ണി എന്നും കുഞ്ചു എന്നൊക്കെ അഭിസംബോധന ചെയ്തത്‌.


വീണ്ടും രണ്ട്‌ മൂന്നു പത്തായപ്പുരകൾ കണ്ടു ഞാൻ, അവിടെ നിന്നു വീണ്ടും യാത്ര തിരിച്ചു. ആൽത്തറയിൽ ഇരിക്കുന്ന ചേട്ടന്മാരോട്‌ തേങ്കുറുശ്ശിയിലെ പഴയ വീടുകളെ കുറിച്ചു അന്ന്വെഷിച്ച്‌. ബാബു ഏട്ടൻ എന്ന ചേട്ടൻ ഉടനെ മറുപടി തന്നു ഞാൻ കാണിച്ചു തരാം പഴയ വീടുകൾ എന്നു പറഞ്ഞു എന്റെ കൂടെ വണ്ടിയിൽ കയറി.

അദ്ദേഹം ഇങ്ങനെ അഭിസംബോധന ചെയ്തു തുടങ്ങി, ഞാൻ മദ്യപാനിയാണു , ഇത്തിരി മദ്യപിച്ചിട്ടുണ്ട്‌, സാർ പോലീസല്ലലോ, എന്നെ ജയിലിൽ ഇടില്ലല്ലോ എന്നൊക്കെ സരസരൂപേണ എന്നോട്‌ സംസാരിച്ചു കൊണ്ടെ ഇരുന്നു. നോൺ സ്റ്റോപ്‌ ആയിരുന്നു. രസകരമായിരുന്നു . കണ്ണെട്ടൻ അവിടുത്തെ പഴയ തറവാടുകൾ കാണിച്ചു തരുകയും, പുതിയ വേറെ ചില ലീഡുകൾ തരികയും, മറ്റു വിവരങ്ങൾ എനിക്ക്‌ പകർന്നു തരുകയും ചെയ്തു.

അദ്ദേഹത്തിനു പോകേണ്ട്‌ സ്ഥലത്തെയ്ക്കു ഞാൻ അദ്ദേഹത്തെ എത്തിച്ചു. അതിനു നന്ദിസൂചികമായി ഒരു സല്യൂട്ട്‌ അദ്ദേഹത്തിന്റെ വക എനിക്കു കിട്ടിബോധിപ്പിച്ചു. തമാശ നിറഞ്ഞ നിമിഷങ്ങൾ.അവിടെ നിന്നു ഞാൻ എന്റെ വീട്ടിലേക്ക്‌ തിരിച്ചു.

ഒരു ഗ്രാമയാത്രയുടെ പകൽ അവസാനിച്ചു വീട്ടിലേക്ക്‌ മടങ്ങുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം. അത്രയ്ക്കു മനോഹരമായിരുന്നു തേങ്കുറുശ്ശിയിലെ എന്റെ അനുഭവങ്ങളും കാഴ്ചകളും. കൂട്ടുകാരെ one day trip നടത്താൻ പറ്റിയ സ്ഥലമാണു തേങ്കുറുശ്ശി.കേരളത്തിൽ ഗ്രാമങ്ങളില്ലാ , കൃഷിയില്ലാ, പച്ചപ്പില്ലാ , എന്നൊക്കെ പറഞ്ഞു നടക്കുന്നവരുണ്ടെൽ ഒരിക്കൽ ഇവിടം വന്നു കാണുക. അപ്പോൾ മനസ്സിലാവും നമ്മുടെ നാടിന്റെ ഭംഗി. തേങ്കുറുശ്ശി ഇപ്പോൾ മലയാള സിനിമാ ലോകം മുഴുവൻ ഉറ്റു നോക്കുന്ന ഒടിയൻ സിനിമയുടെ പ്രധാന ലോക്കേഷൻ കൂടിയാണു(തേങ്കുറുശ്ശിയുടെ ഭംഗി സെറ്റ്‌ ആക്കി കോങ്ങാട്‌ മുച്ചീരിയിൽ ആണു ഇട്ടിരിക്കുന്നത്‌. തേങ്കുറുശ്ശിയുടെ ഗ്രാമഭംഗി അതേപടി പകർത്തിയിട്ടുണ്ട്‌. തേങ്കുറുശ്ശിക്കാരൻ ഒടിയൻ മാണിക്യന്റെ കഥ പറയാനായി)ഇവിടുത്തെ കരിമ്പനകളും , പച്ചപ്പും , പിന്നെ ലാലേട്ടനും കൂടി നമുക്കു നല്ല ഒരു ദൃശ്യവിരുന്നു തന്നെ നൽകി.

നാട്ടിൻപ്പുറം നന്മകളാൽ സമൃദ്ധം