എന്റെ അവികസിത ചിന്തകള്‍

ബിജു ചിരുകണ്ടോത്ത്‌

നവോത്ഥാനം -വികസനം – വൈരുധ്യം

വിശ്വാസവും അന്ധവിശ്വാസവും ആചാരങ്ങളും അനാചാരങ്ങളും വേര്‍തിരിച്ചറിയാന്‍ വളരെ എളുപ്പമാണ്.

പരിസ്ഥിതിയുടെയോ മനുഷ്യരുടെയോ ജീവജാലങ്ങളുടെയോ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുന്ന ഇടപെടലുകളെയും, പൊതു ഇടങ്ങളില്‍ സാമാന്യ മര്യാദകള്‍ ലംഘിക്കപ്പെടുന്നതുമായ കാര്യങ്ങളെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമായി കണക്കാക്കുക.

നിലവിലെ സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഗണത്തില്‍ പെടുത്തിയിരിക്കുന്നത് പ്രാദേശികമായും പാരമ്പര്യമായും നിലനിന്നു പോരുന്ന നിരുപദ്രവങ്ങളായ അനുഷ്ഠാന ചടങ്ങുകളെയാണ്.

ഓരോ ആചാരങ്ങളും കാലചക്രത്തിന്റെ സമയക്രമങ്ങളില്‍ തുടര്‍ന്ന് പോകുമ്പോള്‍, സമൂഹത്തിന്റെ പ്രതീക്ഷകളും ആകുലതകളും വേദനകളും സന്തോഷവും പങ്കുവെക്കാനുള്ള ഇടമായി മാറുന്ന ഉല്‍സവങ്ങളും ആചാരങ്ങളും മറ്റേതൊക്കെയോ അനാചാരങ്ങളുടെ പിന്‍പറ്റി തകര്‍ത്തെറിയാന്‍ ശ്രമിക്കുകയാണ് ഒരു വിഭാഗം മനുഷ്യര്‍.

അവ ഓരോന്നും പ്രാദേശികമായി ഉല്‍പ്പാദന വിപണനരംഗങ്ങള്‍ സജീവമാക്കുകയും ഓരോ പരിതസ്ഥിതിക്കും അനുയോജ്യമായ സംസ്കാരം നിലനിര്‍ത്തുകയും ചെയ്യുന്നവയാണ്. പക്ഷെ നിഷ്ഠകളെ വാണിജ്യവല്‍ക്കരിക്കുകയും പതിയെ ആഗോളീകരണത്തിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്ന കാഴ്ചകളിലൂടെയാണ് നാം കടന്നുപോവുന്നത്.

പരിസ്ഥിതിയെ നശിപ്പിച്ച് വികസനം എന്ന പേരില്‍ കുത്തകമുതലാളിമാരുടെ വ്യാപാര സമുച്ഛയങ്ങള്‍ വയലുകളിലും കുന്നുകളിലും ദിനംപ്രതി ഉയരുമ്പോള്‍ പ്രതികരിക്കാതെ അതിന്റെ എച്ചില്‍ പങ്കുപറ്റി വികസനം കാണാന്‍ പുതിയ തലമുറയെ പഠിപ്പിക്കുന്ന അവികസന പ്രസ്ഥാനങ്ങളാണ് ഭൂരിഭാഗവും ഇവിടെയുള്ളത്.