‘എന്റെ അറിവില്‍ ഷമി വളരെ നല്ലൊരു മനുഷ്യനാണ്’; ഷമിയെ ന്യായീകരിച്ച്‌ ധോണി

മുംബൈ: തന്റെ അറിവില്‍ മുഹമ്മദ് ഷമി വളരെ നല്ലൊരു മനുഷ്യനാണെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി. ഷമിയുടേത് കേവലം കുടുംബ പ്രശ്‌നം മാത്രമാണെന്നും അതില്‍ മറ്റുള്ളവര്‍ ഇടപെടുന്നത് ശരിയല്ല എന്നും ധോണി പറഞ്ഞു.
ടീം ഇന്ത്യയുടെ നായകനായിരിക്കെ ഷമിയുടെ കരിയറില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയും താരവുമായി അടുത്ത വ്യക്തി ബന്ധം സൂക്ഷിക്കുകയും ചെയ്ത വ്യക്തിയാണ്‌ ധോണി.

‘എന്റെ അറിവില്‍ ഷമി വളരെ നല്ലൊരു മനുഷ്യനാണ്. അവന് ഭാര്യയേയും രാജ്യത്തേയും ചതിക്കാനാവില്ല. ഇത് ഷമിയുടെ വ്യക്തിപരമായ കാര്യമാണ്. അതുകൊണ്ട് മറ്റാരും വിഷയത്തില്‍ അധികം ഇടപെടുന്നത് ശരിയല്ല’ ഒരു പ്രാദേശിക മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ധോണി പറഞ്ഞു.

അതിനിടെ ഷമിയുടെ കരിയറില്‍ തന്നെ കരിനിഴല്‍ വീഴ്ത്തുന്ന തരത്തിലാണ് ഭാര്യ ഹാസിന്‍ ജഹാന്‍ ഉയര്‍ത്തിവിട്ട ആരോപണങ്ങള്‍ വളരുന്നത്. വിവാദത്തെ തുടര്‍ന്ന് ഷമിയുടെ നിലവിലുള്ള കരാര്‍ പുതുക്കാന്‍ ബിസിസിഐ വിസമ്മതിച്ചിരുന്നു. പ്രതിവര്‍ഷം മൂന്നു കോടി രൂപയുടെ വേതനം ലഭ്യമാകുന്ന കാറ്റഗറിയിലാണു ഷമി ഇപ്പോള്‍. ഈ കരാറാണു ബിസിസിഐ തടഞ്ഞുവച്ചിരിക്കുന്നത്.