എന്തുകൊണ്ട് പ്ലാസ്റ്റിക്ക് കടല്‍ ആഹാരമാക്കുന്നു ?

ബെന്യാമിൻ ബിൻ ആമിന

പ്രശസ്ത നാച്ചുറലിസ്റ്റും, ബ്രോഡ്കാസ്റ്ററുമായ ഡേവിഡ് ആറ്റൻബറോ ഈയിടെ നടന്ന ഒരു അഭിമുഖത്തിൽ , ഒരു ആൽബട്രോസ് പക്ഷി അതിന്റെ കുഞ്ഞിന് ഭക്ഷണം നൽകുന്ന രംഗം വിവരിക്കുന്നുണ്ട്.
” കാതങ്ങളോളം പറന്നു ഇരതേടി ആല്‍ബട്രോസ് തന്റെ കുഞ്ഞിന് കൊടുക്കുവാൻ ആയി കൊണ്ടുവന്ന വസ്തുക്കളിൽ അവയുടെ മുഖ്യ ഭക്ഷ്യ ഇനങ്ങളായ ചെറുമീനുകൾ , കൂന്തൽ എന്നിവയേക്കാൾ കൂടുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ആയിരുന്നു”.

ആറ്റൻബറോ തുടരുന്നു… ഈ സംഭവം വളരെ വേദനാജനകവും, ആരേയും അതിശയിപ്പിക്കുന്നതുമാണ്. ആയിരക്കണക്കിന് കിലോമീറ്ററുകൾ പറക്കാൻ കഴിവുള്ള, വളരെ മികച്ച വേട്ടക്കാരായ പക്ഷിലോകത്തിലെ ഈ അതിസമർത്ഥര്‍ എന്തുകൊണ്ട് ഇത്ര ദൂരം പറന്ന് വെറും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഇരയായി കണ്ടെത്തുന്നൂ…?

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, കുറഞ്ഞത് 180 ഓളം സ്പീഷ്യസ് കടൽജീവികൾ എങ്കിലും ഇങ്ങിനെ പ്ലാസ്റ്റിക് ആഹരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.. പ്ലവകങ്ങളായ ചെറുജീവികള്‍ മുതൽ കൂറ്റന്‍ തിമിഗലങ്ങൾ വരെ ഇതിൽ പെടും. ചുരുക്കിപ്പറഞ്ഞാൽ ചെറുതും, വലുതുമായ ഒരു പാട്‌ കടൽ ജീവികൾ പ്ലാസ്റ്റിക്ക്‌ മാലിന്യങ്ങളെ അകത്താക്കുന്നണ്ട്‌!!

കടല്‍ ജീവികൾ ഇത്ര വ്യാപകമായി പ്ലാസ്റ്റിക്ക്‌ ഭക്ഷിക്കുന്നതിന് പല കാരണങ്ങളും ഉണ്ട്. പ്രധാനമായിട്ടുള്ള കാരണം നമ്മള്‍ പലവിധത്തിലും വലിച്ചെറിഞ്ഞ് അവസാനം കടലിൽ എത്തിപ്പെടുന്ന പ്ലാസ്റ്റിക്‌ മാലിന്യത്തിന്റെ അതി ഭീകരമായ അളവാണ്. പല രീതിയിലുമായി ഏകദേശം 12.7 മില്യൺ ടൺ മാലിന്യം ഒരു വർഷം കടലിൽ എത്തുന്നു എന്നാണു അനുമാനിക്കപ്പെടുന്നത്‌. കടല്‍ജീവികള്‍ പ്ലാസ്റ്റിക്കിനെ ഭക്ഷ്യ വസ്തുവായി തെറ്റിദ്ധരിക്കപ്പെടുന്നതും മറ്റൊരു പ്രധാന കാരണമാണ്. സൂപ്ലാങ്ങ്ടണ്‍ ഒരു ഉദാഹരണമായി എടുത്താൽ അതിന്റെ ഇരതേടാനുള്ള ഭാഗം ഒരു പ്രത്യേക വലിപ്പത്തിലുള്ള പദാർത്ഥങ്ങളെ കൈകാര്യം ചെയ്യാൻ രൂപത്തില്‍ പാകപ്പെട്ടതാണ്. പ്രശസ്ത പ്ലാങ്ങടൺ ഇക്കോളജിസ്റ്റ്‌ ആയ മൊയ്‌റാ ഗാൽബ്രേത്തിന്റെ അഭിപ്രായത്തില്‍ ” പ്ലാങ്ടണ്‍ ഈ പ്രത്യേക വലിപ്പത്തിൽ ഉള്ള എല്ലാ വസ്തുക്കളേയും ഭക്ഷണമായിട്ടാണ് കരുതുന്നത്. ഇത് പോലെ തന്നെയാണ് ഒട്ടുമിക്ക ജീവികളുടെ കാര്യവും. അതിനാല്‍ സ്വാഭാവികമായും വലിയ അളവിൽ പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ കടലിൽ എത്തപ്പെടുമ്പോൾ ഈ ചെറിയ വലിപ്പത്തിലുള്ള പ്ലാസ്റ്റിക്‌ പദാർഥങ്ങളും അവയില്‍ ഉണ്ടാവുകയും തെറ്റിദ്ധരിക്കപ്പെട്ട കടല്‍ജീവികള്‍ അവയെ ആഹാരമാക്കുകയും ചെയ്യുന്നു. കടലിന്റെ അടിത്തട്ടിൽ നിന്നും ഭക്ഷണ പദാർത്ഥങ്ങൾ തേടുന്ന സീ കുക്കുംബർ പോലുള്ള ജീവികളുടെ പ്ലാസ്റ്റിക്‌ ഉപഭോഗത്തിനു കാരണവും കടലിന്റെ അടിത്തട്ടില്‍ അടിഞ്ഞ് കൂടിയ ഈ ഭീകരമായ അളവിലുള്ള മാലിന്യ കൂമ്പാരമാണ്.

മുകളിൽ കണ്ട ഉദാഹരണങ്ങളിൽ നിന്നും ജീവികൾ എങ്ങനെയാണ്, എന്തുകൊണ്ടാണ് കടലില്‍ എത്തിപ്പെടുന്ന പ്ലാസ്റ്റിക്‌ ഭക്ഷണമാക്കുന്നത് എന്ന് നമ്മൾ മനസ്സിലാക്കിയതാണ്. എന്നാൽ മറ്റു ചില ജീവികൾ പ്ലാസ്റ്റിക്കിനെ ഭക്ഷണം അല്ലെങ്കിൽ ഇരയെന്ന രീതിയിൽ തിരഞ്ഞെടുത്ത്‌ അല്ലെങ്കിൽ വേട്ടായാടി കഴിക്കാറുണ്ട്‌. എന്ത് കൊണ്ട് ഇവക്ക് പ്ലാസ്റ്റിക്ക് ഒരു ആകര്‍ഷണീയ വസ്തു ആവുന്നെന്ന് മനസ്സിലാക്കണമെന്നുണ്ടെങ്കിൽ അവ അവയുടെ ചുറ്റുപാടിനെ എങ്ങനെ ഉള്‍ക്കാള്ളുന്നൂ എന്ന് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഈ ജീവികൾ അതിന്റെ ചുറ്റുമുള്ള പരിസ്ഥിതിയെ ഗ്രഹിക്കുന്നത് മനുഷ്യനില്‍ നിന്ന് ഏറെ വ്യത്യസ്തം ആയിട്ടാണ്. ഇവയുടെ ഇന്ദ്രീയങ്ങളുടെ ഉപയോഗവും മറ്റും നമ്മിൽ നിന്നും ഏറെ വ്യത്യസ്തമാണ്. നമ്മൾ ഒരു വസ്തുവിനെ തിരിച്ചറിയുന്ന രീതിയിൽ നിന്നും ഏറെ വ്യത്യസ്തമായ രീതിയില്‍ ആണ് ഈ ജീവികൾ ആ വസ്തുവിനെ തിരിച്ചറിയുന്നത്‌.

അപ്പോള്‍ പറഞ്ഞ് വരുന്നത് പ്ലാസ്റ്റിക്‌ പദാർത്ഥങ്ങൾ ആഹരിക്കുവാനുള്ള മറ്റൊരു കാരണം ജീവികൾ അവയെ പരിചിതമായ ഭക്ഷണ പദാർത്ഥമായി തെറ്റിദ്ധരിക്കപ്പെടുന്നത് കൊണ്ടാണ്. ഉദാഹരണത്തിന്, പ്ലാസ്റ്റിക്‌ പെല്ലറ്റുകൾ വളരെ രുചികരമായ മീൻ മുട്ടയുമായി തെറ്റിദ്ധരിക്കപ്പെടുകയും ധാരാളമായി ആഹരിക്കപ്പെടുകയും ചെയ്യുന്നു . വീണ്ടും ഓർക്കുക നമ്മള്‍ മനുഷ്യരുടെ കാഴ്ച്ചയല്ല ഈ ജീവികൾക്ക്‌ ഉള്ളതെന്ന്. ഇത്‌ പോലെ തന്നെയാണ് കടലാമകൾ പ്ലാസ്റ്റിക്‌ കവറുകൾ ആഹരിക്കുന്നത്‌. സുതാര്യമായ കവറുകളെ രുചികരമായ ജെല്ലി ഫിഷ്‌ ആയി തെറ്റിദ്ധരിച്ചാവാം ഇതെന്നാണ് കരുതപ്പെടുന്നത്‌.

മറ്റു ചില ജീവികൾ കാഴ്ച്ചയേക്കാൾ കൂടുതൽ ഗന്ധത്തെ ആശ്രയിച്ചാണ് ഭക്ഷണം തേടുന്നത്‌. നമ്മൾ ആദ്യം പറഞ്ഞ ആൽബട്രോസും, ചില കടൽ പക്ഷികളും, മീനുകളും പ്രാഥമികമായി ഗന്ധത്തെ ആശ്രയിച്ചാണ് ഇരതേടുന്നത്‌. പ്ലാസ്റ്റിക്കിൽ വളരുന്ന ആൽഗകളെ ക്രിൽ പോലുള്ള ജീവികൾ ആഹരിക്കുകയും ഡൈ മീഥൈൽ സൾഫൈഡ്‌ പുറപ്പെടുവിക്കുകയും ചെയ്യുന്നു. ക്രിൽ മത്സ്യങ്ങൾ ഒരു പാട്‌ കടൽ പക്ഷികളുടെയും, മീനുകളുടെയും ഇഷ്ട ഭക്ഷണമാണ്. ഡൈ മീതൈൽ സൾഫൈറ്റിന്റെ ഗന്ധത്തിൽ ആകർഷിതരായി എത്തുന്ന ജീവികള്‍ ക്രില്ലിനു പകരം പ്ലാസ്റ്റിക്ക്‌ ആഹരിക്കുന്നു.

ഡോൾഫിൻ , ചിലയിനം തിമിംഗലങ്ങൾ എന്നിവയൊക്കെ എക്കോലൊക്കേഷൻ എന്ന മാര്‍ഗ്ഗം ഉപയോഗിച്ചാണ് ഇര തേടുന്നത്‌. ശബ്ദധ്വനികള്‍ ഉപയോഗിച്ച് ഇര തേടുന്ന മാര്‍ഗ്ഗമാണ് എക്കോലൊക്കേഷന്‍. എക്കോലൊക്കേഷൻ വളരെയധികം കൃത്യതയുള്ള ഒരു ഇരപിടിക്കൽ മാർഗ്ഗമായിട്ടുകൂടി പല മരിച്ച തിമിംഗലങ്ങളുടെയും ആമാശയത്തിൽ നിന്ന് നമ്മൾ പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്‌. അതായത്‌ എക്കോലൊക്കേഷൻ പോലും പ്ലാസ്റ്റിക്കിനെ ഭക്ഷ്യ പദാർത്ഥമായി അടയാളപ്പെടുത്തുന്നു എന്നാണ് നാം മനസ്സിലാക്കേണ്ടത്.

പ്ലാസ്റ്റിക്കിനെ ഭക്ഷണത്തിൽ നിന്നും വേർ തിരിച്ചു കാണാൻ കഴിയാത്തതിനാൽ ഈ ജീവികൾ കഴിവുകുറഞ്ഞ ജീവികളാണ് എന്ന് ഇതിന് അര്‍ത്ഥമില്ല. ഇവയെല്ലാം നല്ല വേട്ടക്കാരും, പരിണാമത്തിലെ പല അപകടാവസ്ഥകളും തരണം ചെയ്ത്‌ വന്ന ജീവിവർഗ്ഗങ്ങൾ ആണ്. പക്ഷെ നമ്മൾ പ്ലാസ്റ്റിക്കെന്ന ഈ മഹാവിപത്തിനെ അവയുടെ ആവാസ വ്യവസ്ഥയിൽ അടിച്ചേൽപ്പിച്ചിട്ട്‌ ചുരുങ്ങിയ കാലമായിട്ടേയുള്ളൂ .

ഈ പ്രശനത്തിന് നിലവിൽ ഒറ്റയടിയ്ക്ക് ഒരു പരിഹാരവും ഇല്ല. നമ്മള്‍ മനുഷ്യര്‍ മാത്രമല്ല മറ്റുള്ള ജീവികളും ഈ ഭൂമിയുടെ അവകാശികളാണെന്ന സത്യം മനസ്സിലാക്കി പ്ലാസ്റ്റിക്കിന്റെ ഉപയോഗവും , അവയില്‍ നിന്ന് ഉണ്ടാവുന്ന മാലിന്യത്തിന്റെ തോതും കുറയ്ക്കുക എന്നതേ നിലവിൽ നമുക്ക്‌ ചെയ്യാൻ കഴിയൂ.. ഓര്‍ക്കുക നമ്മള്‍ ഭൂമിയുടെ അവകാശികളല്ല, ഭൂമി നമ്മുടെ അധികാരിയാണ്..