എന്തിനാണ് ഈ ജലസംഗമം?

വി. ശശികുമാർ  

കഴിഞ്ഞ ആഗസ്റ്റിലെ മഹാപ്രളയം മറവിയുടെ ആഴങ്ങളിലേക്ക് വീണുകഴിഞ്ഞു. വികസനത്തിന്റെയും വീടുവയ്‌പ്പിന്റെയുമൊക്കെ പേരിൽ മരം വെട്ടും മലവെട്ടും പാടം നികത്തലുമൊക്കെ  തകൃതിയായി പുരോഗമിക്കുന്നു. മാധ്യമങ്ങൾ സ്ഥാനാർത്ഥികളുടെ ‘റോഡ് ഷോക്ക്’ കാത്തുനിന്നപ്പോൾ റോഡ് അരികിലെ കാറ്റ് ചീറ്റുന്ന പൈപ്പുകൾക്ക് ചുറ്റും നിൽക്കുന്ന വീട്ടമ്മമാരെ കാണാതെ പോയിരിക്കാം. പക്ഷെ സത്യമാണ്, ആറുമാസം മുൻപ് പ്രയാളത്തിലാണ്ടുമുങ്ങിയ നമ്മുടെ നാട് ഇന്ന് ജലക്ഷാമത്തിന്റെ പിടിയിലാണ്. 

ജൂൺ നാലിന് ഇടവപ്പാതിയെത്തുമെന്ന് ‘സ്കൈമെറ്റ്’ എന്ന സ്വകാര്യ കാലാവസ്ഥാനിരീക്ഷണസ്ഥാപനം പറയുന്നു. തങ്ങൾ അത് തന്നെ പറഞ്ഞാൽ പിന്നെ എന്തുവിലയെന്ന് തോന്നിയതുകൊണ്ടാവണം ഇന്ത്യ മിറ്റിയോറോളജി ഡിപ്പാർട്ടമെന്റ് തിരുത്തലുമായി രംഗത്ത് വന്നിട്ടുണ്ട്. ജൂൺ നാലിനല്ല ആറിനാണ് മഴയെത്തുക എന്നാണ് അവരുടെ കണ്ടുപിടുത്തം. നാലിന് വരുന്ന മഴ രാജ്യത്ത് പലഭാഗത്തും  ശരാശരിയിൽ നിന്ന് 93 ശതമാനം വരെ കുറയാമെന്ന് ‘സ്കൈമെറ്റ്’. ഹേയ്, അങ്ങിനെയല്ല നിറയെ മഴകിട്ടുമെന്ന് സർക്കാർ സ്ഥാപനം. 

മഴയൊരു പൊള്ളുന്ന സത്യമാവല്ലേ എന്ന് നമുക്ക് പ്രാർത്ഥിക്കാം. കാരണം, കേരളം സമീപകാലത്ത് അനുഭവിച്ചിട്ടില്ലാത്ത കടുത്ത ചൂടുള്ള വേനലിലൂടെയാണ് നാമിന്ന് കടന്നു പോകുന്നത്. സൂര്യാതപം ഒരു വാർത്തയല്ലാതായ കാലം. വേനലിൽ പുഴകളും  തോടുകളും കുളങ്ങളും എല്ലാം ഉണങ്ങി കിടന്നപ്പോൾ അവയൊന്നും ശുദ്ധീകരിക്കാനുള്ള ഒരു കർമ്മപദ്ധതിയും നമുക്കുണ്ടാക്കാൻ കഴിഞ്ഞില്ല. 

അങ്ങിനെ പ്രതീക്ഷയുടെ കണിക പോലും വറ്റിയ കേരളത്തിലേക്ക്  ‘ജലസംഗമം’ എന്ന ആശയവുമായി വന്നിരിക്കുകയാണ്  ഹരിതകേരളം മിഷൻ. മൂന്ന് ദിവസം നീണ്ടു   നിൽക്കുന്ന  ജലസംഗമം തിരുവനന്തപുരത്ത് മെയ് 29 മുതൽ 31 വരെയാണ് നടക്കുക. എന്നുവച്ചാൽ മഴത്തുന്നതിന് കഷ്ടിച്ച് ഒരാഴ്ച്ച മുൻപ്. സംഗമത്തിൽ ഉയർന്നുവരുന്ന ആശയങ്ങൾ നടപ്പിലാക്കി വരുമ്പോഴേക്കും അടുത്ത  വെള്ളപ്പൊക്കമെത്തിയേക്കാം. 

ജല ദുർവ്യയം കുറയ്ക്കാനും, ജലമലിനീകരണം  ഒഴിവാക്കാനും, ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം സാധ്യമാകാനുമാണ് മിഷൻ പ്രവർത്തിക്കുന്നത്.  നാട്ടുകാരുടെ പങ്കാളിത്തത്തോടെ നടത്തിയ   നദികൾ, കുളങ്ങൾ, അരുവികൾ എന്നിവയുടെയെല്ലാം പുനരുജ്ജീവന പ്രവർത്തനങ്ങൾ വലിയ ജനശ്രദ്ധ  പിടിച്ചു പറ്റുകയും  ഈ പ്രവർത്തനങ്ങൾക്ക് മിഷൻ ദേശീയ  അവാർഡുകൾ  കരസ്ഥമാക്കുകയും ചെയ്തു. 

ഹരിതകേരളം മിഷന്റെ മേൽനോട്ടത്തിൽ  നദി പുനരുജ്ജീവനത്തിന് ജനകീയ കൂട്ടായ്മകൾ  രൂപപ്പെട്ടത് മറ്റൊരു ‘കേരള മാതൃക’യാണ്.  അതിലൂടെ  ഹരിതകേരളം  മിഷൻ തിരിച്ചു പിടിച്ച പ്രധാന നദികളാണ് കുട്ടംപേരൂരാർ,   കോലറയാർ, മീനച്ചിലാർ, കൊടൂരാർ,  പള്ളിക്കലാർ,  മീനന്തറയാർ, കാനാമ്പുഴ,  കിള്ളിയാർ  തുടങ്ങിയവ.  നിരവധി  നീർത്തടപദ്ധതികൾ  ഇതേത്തുടർന്ന്  വിജയകരമായി പൂർത്തീകരിക്കാൻ ഹരിതകേരളം  മിഷന്  കഴിഞ്ഞിട്ടുണ്ട്.

ഹരിത കേരളം മിഷന്റെ ഉപമിഷൻ പദ്ധതിയായ  ‘ജലസമൃദ്ധി’യിലൂടെ ജലസംരക്ഷണത്തിനും  കുടിവെള്ളത്തിനും ജലസേചനത്തിനും  സമഗ്ര  വികസനത്തിനും   വേണ്ടി   സംസ്ഥാനത്തിന്റെ  ജലാശയങ്ങൾ   സംരക്ഷിക്കുന്നതിനും ഉപയോഗപ്പെടുത്തുന്നതിനും പരിപാലിക്കുന്നതിനും ഒരു പുതിയ സംസ്കാരം രൂപീകരിക്കാൻ   ഇതിനോടകം   ഹരിതകേരളം  മിഷന് കഴിഞ്ഞിട്ടുണ്ട്. 

തുടർന്നും പ്രാദേശികമായ ജലസംരക്ഷണ വെല്ലുവിളികൾ ഏറ്റെടുക്കുന്നതിനും നീർത്തട സംരക്ഷണ  പ്രവർത്തങ്ങൾക്ക് തുടർച്ച  ലഭിക്കുന്നതിനും   പ്രവർത്തനങ്ങൾ സംസ്ഥാനവ്യാപകമായി   എല്ലാ തദ്ദേശസ്ഥാപന/വാർഡ് തലത്തിലേക്ക്   വ്യാപിക്കുന്നതിനുമാണ് ഹരിതകേരളം മിഷൻ ലക്ഷ്യം  വയ്ക്കുന്നത്.

കേരളം നേരിടുന്ന ജലസംബന്ധിയായ പ്രശ്നങ്ങൾക്ക്  ഉത്തരം കണ്ടെത്തുകയാണ് ‘ജലസംഗമം 2019’ലൂടെ ലക്ഷ്യ മിടുന്നത്. മൺസൂൺ കാലത്തുണ്ടായ വെള്ളപ്പൊക്കത്തിനു  ശേഷം പോലും കേരളം കടുത്ത  വരൾച്ച നേരിടുകയാണ്  വരുന്ന മാസങ്ങളിൽ ജലദൗർലഭ്യം  കൂടുതൽ  വഷളാകാൻ  സാധ്യത ഏറെയാണ്. ശരിയായ പദ്ധതികളുമായി മുന്നോട്ട് പോയില്ലെങ്കിൽ വലിയൊരു ജലക്ഷാമത്തിലേക്ക് കേരളം ചെന്നെത്തിപ്പെടും. 

കേരളത്തിലെ ജലലഭ്യത ഓരോ സീസണിലും ലഭിക്കുന്ന മഴയെ ആശ്രയിച്ചാണ് നിൽക്കുന്നത്. അതുതന്നെയും ജില്ലാടിസ്ഥാനത്തിൽ ഏറിയും കുറഞ്ഞും വരുന്ന പ്രവണതയാണ് സമീപകാലത്ത് കാണുന്നത്. പ്രാദേശിക  ജലസ്രോതസ്സുകളുടെ പുനരുജ്ജീവനവും നദീശൃംഖലയുടെ പുനരുദ്ധാരണവുമാണ് ഇതിൽ നിന്നും രക്ഷനേടാനുള്ള പ്രധാന ഉപായം. 

ജലസംരക്ഷണ പ്രവർത്തനങ്ങളുടെ നിരവധി  വിജയകരമായ മോഡലുകൾ രാജ്യത്തുടനീളവും സംസ്ഥാനത്തിനകത്തും നടന്നിട്ടുണ്ട്.  ഇത്തരം  മോഡലുകൾ പ്രദർശിപ്പിക്കുകയും ദിവസം തോറും എന്നവണ്ണം ഉയർന്നുവരുന്ന വെല്ലുവിളികൾക്കുള്ള പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുകയുമാണ് ‘ജലസംഗമം  2019’ന്റെ പ്രധാന ഉദ്ദേശമെന്നും നിരവധി വിദഗ്ധരും അക്കാദമിഷ്യന്മാരും അതിൽ പങ്കെടുക്കുമെന്നാണ് ഹരിതകേരളം മിഷൻ അധികൃതർ അറിയിക്കുന്നത്. 

ഇവിടെ ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടേണ്ടതുണ്ട് എന്ന തോന്നലിൽ നിന്നാണ് ഈ കുറിപ്പ്. പ്രളയം കഴിഞ്ഞ് ആലപ്പുഴയിലെ നീരുറവകളിൽ ജലമൊഴുകാതെ ജീവികളെല്ലാം ചത്തൊടുങ്ങുന്ന വാർത്ത മാധ്യമങ്ങളിലും, സോഷ്യൽ മീഡിയയലും വന്നപ്പോഴും യാതൊന്നും ചെയ്യാൻ തയ്യാറാകാതിരുന്ന തദ്ദേശഭരണ- ജലസേചന വകുപ്പു അനങ്ങാപ്പാറകൾ ഹരിത കേരളം മിഷൻ നടത്തുന്ന ഈ സംഗമത്തിൽ നിന്ന് എന്തെങ്കിലും പാഠം പഠിക്കുമോ? ജലാശയങ്ങളിൽ കെട്ടിക്കിടന്ന  മണ്ണും ചെളിയും വാരി മാറ്റാൻ വളരെ അനുകൂലമായ സാഹചര്യമായിരുന്നു കഴിഞ്ഞ ആഴ്ച്ചകളിൽ  ഉണ്ടായിരുന്നത്,  ഇപ്പോഴും,അങ്ങിനെ തന്നെ. പക്ഷെ ഒരു നടപടിയുമില്ലെന്ന് മാത്രം. 

മാർച്ച് മുപ്പത്തിയൊന്നിന് മുൻപ്  സാമ്പത്തികവർഷത്തെ പദ്ധതികൾ (വീട്/റോഡ്  നിർമാണം) തീർക്കാൻ  തദ്ദേശ വകുപ്പ് പാടുപെടുമ്പോൾ  അവരെങ്ങനെ  കുടിവെള്ളം സംരക്ഷിക്കാനും ജലസ്രോതസുകൾ ശുദ്ധീകരിക്കാനും മുൻപോട്ടു വരും? ലൈഫ്/റോഡ് പദ്ധതികൾക്ക് കോടികൾ ചിലവഴിക്കുകയും അതൊക്കെ വോട്ട് ആയി  മാറുകയും ചെയ്യുമ്പോൾ ജലവും, പരിസരശുദ്ധീകരണവും ഹരിത കേരളം മിഷന്റെപരിപാടികളും ഏറ്റെടുക്കാൻ   ഏതു കർമസേനയാണ് വരുക? 

ശുചിത്വവാരാചരണത്തിന്റെ ഭാഗമായി  സംഭരിച്ച  പ്ലാസ്റ്റിക്ക് വസ്തുക്കൾ പല ഇടങ്ങളിലും ഇപ്പോൾ ചാക്കിൽ   കെട്ടിവെച്ചിരിക്കുകയാണ്. പാർലമെന്റ്  തിരഞ്ഞെടുപ്പു  വന്നപ്പോൾ എല്ലാവരുടെയും ശ്രദ്ധ അതിലേക്കായി. ഇനി തെരഞ്ഞെടുപ്പ് ഫലവും വന്ന് അതിന്റെ പൊടിപടലമൊക്കെ അടങ്ങിക്കഴിയുമ്പോഴാവും ജലസംഗമം നടക്കുക. ഒന്നാലോചിച്ചാൽ ഇപ്പോഴെങ്കിലും നടത്താണ് തീരുമാനിച്ചത് നന്നായി.  തദ്ദേശഭരണ തെരഞ്ഞെടുപ്പ് ഉടൻ വരുമല്ലോ?

നാട് നീളെ കോടിക്കണക്കിനു മരതൈകൾ  ഉത്പാദിപ്പിച്ചു തൊഴിലുറപ്പുകാരെ കൊണ്ട് നടീച്ചെങ്കിലും ഈ മരങ്ങൾ  എത്ര എണ്ണം വലുതായി എന്നോ സംരക്ഷിക്കപ്പെടുന്നു എന്നോ ആരും നോക്കുന്നില്ല. വെച്ച മരങ്ങളുടെയും  വളരുന്ന മരങ്ങളുടെയും കണക്ക് ഏതെങ്കിലും ഏതെങ്കിലും പഞ്ചായത്തിലോ ഹരിത മിഷന്റെ കൈവശമോ ഉണ്ടോ? 

തൊഴിലുറപ്പുപദ്ധതിയിലൂടെ തൊഴിൽ  കണ്ടെത്തി നൽകാൻ ബാധ്യസ്ഥരായ തദ്ദേശസ്വയംഭരണ വകുപ്പ് തൊഴിൽ നൽകാൻ കയർഭൂവസ്ത്ര പദ്ധതി നടപ്പിലാക്കി. എല്ലാ  പഞ്ചായത്തുകളെയും കൊണ്ട് കയർ  ഭൂവസ്ത്രമെടുപ്പിച്ചു. തൃക്കുന്നപ്പുഴ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ ഭൂവസ്ത്രം അണിഞ്ഞതും, ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകിയതും.

ഉറച്ച തോട്ടിൻ കരകളും പൊതു/സ്വകാര്യ തോടും  കുളവുമൊക്കെയാണ് വെട്ടിവൃത്തിയാക്കി  ഭൂവസ്ത്രമണിയിച്ചത്. പക്ഷെ, ഇപ്പോൾ അതൊന്നും  കാണാനില്ല, ഭൂമി പഴയതുപോലെ  ആകുകയും  ചെയ്തു. മണ്ണൊലിപ്പ്   തടയാൻ  വിദഗ്ദ്ധർ   നൽകിയ നിർദ്ദേശമായിരുന്നു ഭൂവസ്ത്രം. എന്നാൽ മണ്ണൊലിപ്പില്ലാത്ത ഇടങ്ങളിലാണ് പലയിടത്തും ഭൂമിയെ ഭൂവസ്ത്രമണിയിച്ചത്. 

 ജനകീയാസൂത്രണത്തിന്റെ ഭാഗമായി   എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെയും കൊണ്ട് അതാതു പ്രദേശത്തെ കുളങ്ങളുടെയും,  കിണറുകളുടെയും കണക്കെടുത്തിരുന്നു. കിണറുകൾ കുളങ്ങൾ എന്നിവയെ പറ്റി ജലസേചനവകുപ്പും  സിഡബ്ള്യുആർഡിഎമ്മും പഠനം നടത്തി  എന്നും പറയുന്നുണ്ട്. പക്ഷെ, അന്ന് സംഭരിച്ച   ആ കണക്കിപ്പോൾ   ആരുടെ പക്കലുമില്ല. ഏതെങ്കിലും  പഞ്ചായത്തിൽ  എവിടെയെങ്കിലുമുണ്ടോ എന്നറിയില്ല.

 തദ്ദേശഭരണവകുപ്പിന്റെ സംസ്ഥാന   ആസ്ഥാനത്തും  ജില്ലാ ആസ്ഥാനത്തും പഞ്ചായത്ത് ഓഫീസുകളിലും അന്വേഷിച്ചിട്ടും ഫലം ഉണ്ടായില്ല. പഠനം നടത്തിയിരുന്നു എന്ന് മുതിർന്ന  ചില ജീവനക്കാർ പറയുന്നുണ്ടെന്ന് മാത്രം.  ജനകീയാസൂത്രണ കാലത്ത് ഉണ്ടായിരുന്ന  പല കിണറുകളും കുളങ്ങളും തോടുകളും ഇന്നില്ല. അവയ്ക്ക് മുകളിൽ ഇപ്പോൾ വീടുകളായി, പലയിടത്തും റോഡുകളും. അപ്പോൾ പഴയ കണക്കുകൾക്ക് എന്ത് പ്രസക്തി?   ജലസംഗമം കഴിയുമ്പോൾ വീണ്ടും ഒരു  സർവ്വേ ഉണ്ടാകുമോ അതോ പഴയ ഡേറ്റ   കണ്ടുപിടിച്ചു  ക്രമീകരിക്കുമോ? 

ഇത്രയും എഴുതിയത് ജലസംഗമത്തെ എതിർക്കാനോ   പരാജയപ്പെടുത്താനോ അല്ല. മുൻകാലങ്ങളിൽ നടത്തിയ പദ്ധതികളുടെ അവസ്ഥ കൂടി നോക്കി വേണം മുന്നോട്ടു പോകേണ്ടത് എന്ന് ചൂണ്ടിക്കാട്ടാൻ മാത്രമാണ്.  മോഡലുകൾ സൃഷ്ടിച്ചതുകൊണ്ടായില്ല. അവ നിലനിൽക്കുന്നു എന്ന് ഉറപ്പുവരുത്തുക കൂടെവേണം എന്ന് ഓർമ്മിപ്പിക്കാനാണ്.  ‘ഗ്രീൻ സിറ്റി, ക്‌ളീൻ സിറ്റി’, ‘ഗോഡ്സ് ഓൺ കൺട്രി’ എന്ന  ശീര്ഷകങ്ങൾ മാത്രമല്ല വേണ്ടത്. അയ്ക്ക് തുടർച്ചകൾ ഉണ്ടാകുന്നു എന്ന് ഉറപ്പാക്കുകയാണ്. അല്ലെങ്കിൽ എല്ലാ സെമിനാറുകളും വെറും കെട്ടുകാഴ്ചകളാകും എന്ന് അടിവരയിട്ട് പറയാനും.