എന്താണ് നാം തിരഞ്ഞെടുപ്പ് കാലത്തും ചാനൽ ചർച്ചകളിലും ആവർത്തിച്ചാവർത്തിച്ച് കേൾക്കുന്ന വലതുപക്ഷ രാഷ്ട്രീയവും ഇടതുപക്ഷ രാഷ്ട്രീയവും…?

പ്രിൻസ് പവിത്രൻ

ഇടതുപക്ഷ ജനാധിപത്യമുന്നണിയെന്നും, വലതുപക്ഷ ജനാധിപത്യമുന്നണിയെന്നും പലവട്ടം കേട്ടുതഴമ്പിച്ച നമ്മൾ മലയാളികൾക്ക് ഈ രണ്ടുപക്ഷങ്ങളും എങ്ങിനെ ഉണ്ടായി എന്ന ചരിത്രം ചുരുങ്ങിയ വാക്കുകളിൽ വിശദീകരിക്കാം.

ലോകത്ത് ജനാധിപത്യം ആദ്യമായി ബി.സി 508-ൽ പിറവിയെടുത്ത ‘ഗ്രീസ്’ ഉൾക്കൊള്ളുന്ന യൂറോപ്യൻ യൂണിയനിലെ ‘ഫ്രാൻസിലിലാണ്’ ഈ ചിന്താധാരക്കും തുടക്കമായത്. എല്ലാം തുടങ്ങിവെച്ചതാകട്ടെ പ്രശസ്തമായ ‘ഫ്രഞ്ച് വിപ്ളവവും’!!
വളരെകുറഞ്ഞവാക്കുകളിൽ ഫ്രഞ്ച് വിപ്ളവം എന്തെന്ന് പറയാം. ‘കിങ്ങ്ഡം ഓഫ് ബ്രിട്ടണും’ ‘കിങ്ങ്ഡം ഓഫ് ഫ്രാൻസും’ തമ്മിൽ നടന്ന ‘സെവൻ ഇയർ വാർ’ (1756 മുതൽ 1763 വരെ)എന്ന യുദ്ധത്തെതുടർന്ന് ഫ്രഞ്ച് ജനത പട്ടിണിയിലും പരിവട്ടത്തിലുമായി. രാജ്യത്തെ ജനങ്ങളുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കാതെ 97% വരുന്ന പാവപ്പെട്ടവരുടെ മേൽ ഫ്രെഞ്ച് ചക്രവർത്തി അധികനികുതി അടിച്ചേൽപ്പിക്കുകയും തുടർന്ന് രാജ്യത്താകെമാനം പട്ടിണിമരണങ്ങളുണ്ടാകുകയും കലാപങ്ങൾ പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ഇത് ഏറ്റവും കൂടുതൽ ബാധിച്ചത് തലസ്ഥാനമായ പാരീസ് നഗരത്തെ തന്നെയായിരുന്നു.

തുടക്കത്തിൽ രാജാവിന്റെ സേന കലാപങ്ങൾ അടിച്ചമർത്തി. ശിരഛേദങ്ങളിലൂടെയും കൂട്ടക്കൊലകളിലൂടെയും തന്റെ അധികാരത്തിന് എതിരെ വെല്ലുവിളിയുയർത്തിയവരെ പട്ടാളത്തെ ഉപയോഗിച്ച് രാജാവ് അടിച്ചമർത്തി. പക്ഷേ കലാപം നഗരവീധികളെ മാത്രമല്ല, രാജാവിന്റെ കോട്ടകൊത്തളങ്ങൾ കടന്ന് അന്തപ്പുരത്തിൽ വരെയെത്തി. സ്തീകളുടെ നേതൃത്വത്തിൽ വലിയൊരു ജനക്കൂട്ടം രാജാവിനേയും രാജ്ഞിയേയും വീട്ടുതടങ്കലിലാക്കി. ഫ്രഞ്ച് കലാപകാരികൾ പിന്നീട് രാജാവിനേയും രാജ്ഞിയേയും വധിക്കുകയും അവരോട് കൂറ്പുലർത്തിയിരുന്ന എല്ലാവരേയും വധിക്കുകയും ചെയ്തു. എന്നാലേറ്റവും രസകരമായ വസ്തുത ഈ കലാപത്തിനുശേഷം കലാപകാരികൾ പരസ്പരം അധികാരത്തിനായി കൂട്ടക്കുരുതികൾ നടത്തിയെന്നതാണ്. ഇതേതുടർന്നാണ് ലോകംകണ്ട ഏറ്റവും കരുത്തനായ ചക്രവർത്തി ‘നെപ്പോളിയൻ ബോണപ്പാർഡ്’ അധികാരമേറ്റത്. ‘ഫ്രഞ്ച് റെവലൂഷൻ’ നടന്നത് 1789 മുതൽ 1799 വരെയായിരുന്നു.

1789ൽ ഫ്രഞ്ച് റെവലൂഷന് മുമ്പ് ഫ്രാൻസ് രാജാവായിരുന്നത് ലൂയിസ് പതിനാറാമൻ (ലൂയിസ് കാപ്പെറ്റ്) ആയിരുന്നു. അദ്ദേഹമാണ് നമ്മുടെ ഇടത്പക്ഷ/വലത്പക്ഷ വിഷയത്തിന്റെ കാരണഭൂതനെന്ന് ചുരുക്കത്തിൽ പറയാം. 1789 ലെ ലൂയിസ് പതിനാറാമൻ്റെ വേനൽക്കാല നിയമനിർമ്മാണ സഭയാണ് (ഫ്രഞ്ച് നാഷണൽ അസംബ്ലിയാണ്) ഒറ്റവാക്കിൽ പറഞ്ഞാൽ ലോകത്തിന് മുന്നിൽ ഇടതുപക്ഷം എന്നും വലതുപക്ഷം എന്നും രണ്ട് ചിന്താധാരകൾക്ക് തുടക്കമിട്ടത്.

അധിക നികുതിയെത്തുടർന്നുണ്ടായ കലാപത്തേയും സാമ്പത്തികരംഗത്തെ അസ്ഥിരതയേയും പറ്റി ചർച്ചചെയ്യാൻ ലൂയിസ് പതിനാറാമൻ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ ക്ഷണിച്ചുവരുത്തി. ഫ്രഞ്ച് നാഷണൽ അസംബ്ലിയിൽ പ്രധാനമായും മൂന്ന് തരത്തിലുള്ള പ്രതിനിധികളായിരുന്നു ഉണ്ടായിരുന്നത്. ക്ലെർജി,നൊബിളിറ്റി,മറ്റുള്ളവർ എന്നിങ്ങനെയായിരുന്നു ഈ തരം തിരിവ്.

രാജ്യത്തുണ്ടായ അരക്ഷിതാവസ്ത ഫ്രഞ്ച് നാഷണൽ അസംബ്ലിയിലെ നല്ലൊരു ശതമാനത്തെ രാജാവിനും രാജഭരണത്തിനുമെതിരെ ചിന്തിക്കാൻ പ്രേരിപ്പിച്ചു. തുടർന്ന് അവർ ജനാധിപത്യത്തിനും കൂടുതൽ സ്വാതന്ത്ര്യങ്ങൾക്കും വേണ്ടി വാദിക്കുന്നവരുമായി മാറി.

ലൂയിസ് പതിനാറാമന്റെ  ഫ്രഞ്ച് നാഷണൽ അസംബ്ലി മന്ദിരത്തിന്റെ പ്രധാന കോൺഫെറൻസ് റൂമിൽ രാജാവിന്റെ ഇരിപ്പിടം മദ്ധ്യത്തിലായായിരുന്നു. തുടർന്ന് ചർച്ചകൾ പുരോഗമിച്ച്  ദിവസങ്ങൾ കഴിഞ്ഞപ്പോൾ ലൂയിസ് പതിനാറാമൻ രാജാവിന്റെ വലതുഭാഗത്ത് അദ്ദേഹത്തേയും രാജഭരണത്തേയും നയങ്ങളേയും പിന്തുണക്കുന്നവരും ഇടതുഭാഗത്ത് ജനാധിപത്യത്തിനുവേണ്ടിയും രാജാവിന്റെ വികലമായ നയങ്ങളെ എതിർക്കുന്നവരും ഇരിക്കുവാൻ തുടങ്ങി. അത് പലദിവസങ്ങളിലും ആവർത്തിച്ചാവർത്തിച്ച് എഴുതപ്പെടാത്ത ഒരു നിയമം പോലെയായി. ഈ പ്രക്രീയ 1790 വരെ തുടർന്നു. 1790 ആയപ്പോഴേക്കും ഈ വേർതിരിവിന്റെ അഥവാ അഭിപ്രായവ്യത്യാസത്തിന്റേയും അതിനെ തുടർന്ന് ഇരിപ്പിടത്തിന്റെ സ്ഥാനത്തിനുമുണ്ടായ മാറ്റം അന്നത്തെ പത്രമാധ്യമങ്ങളിലും സാഹിത്യകാരന്മാരുടെ എഴുത്തുകളിലും കൂടി ലോകമറിഞ്ഞുതുടങ്ങി.

മാറ്റമാഗ്രഹിക്കുന്ന വിപ്ലവ സ്വഭാവമുണ്ടായിരുന്നവർ ഇടതുവശത്തും മാറ്റമാഗ്രഹിക്കാത്ത രാജഭക്തർ മറുവശത്തും ഇരിക്കുന്നത് അങ്ങിനെ ലോകം അറിഞ്ഞു. ലൂയി പതിനാറാമന്റെ പതനത്തിനുശേഷം നെപ്പോളിയൻ ബോണപ്പാർഡ് അധികാരത്തിലെത്തിയതോടെ ഈ വേർതിരിവ് കുറച്ചുകാലത്തേക്ക് ഇല്ലാതായെങ്കിലും 1814 ഓടെ ബോർഡൻ റീസ്റ്റോറേഷനടക്കമുള്ള മാറ്റങ്ങൾ ഫ്രാൻസിലുണ്ടാവുകയും ഭരണഘടനാപരമായ ഭരണപ്രക്രീയ നടപ്പാവുകയും ചെയ്തതോടെ വീണ്ടും ഇടതുഭാഗത്ത് ലിബറൽ,സോഷ്യലിസ്റ്റ്,ജനാധിപത്യ രാഷ്ട്രീയകാഴ്ചപ്പാടുള്ളവരും വലതുഭാഗത്ത് പാരമ്പര്യ വാദികളും ഫ്രഞ്ച് നാഷണൽ അസംബ്ലിയിൽ ഇരിപ്പുറപ്പിച്ചു. ഇത് ഇരുപതാംനൂറ്റാണ്ടിന്റെ പകുതിവരെ തുടർന്നുകൊണ്ടേയിരുന്നു.

കൃത്യമായിപ്പറഞ്ഞാൽ 1966 വരെ ഇത് ഇടത്/വലത് ചിന്താധാരകളായി അറിയപ്പെട്ടു. എന്നാൽ 1966 നുശേഷം ഇത് ഇടതപക്ഷ വിശാലരാഷ്ട്രീയ ചിന്താഗതി (LEFT WING POLITICS) വലത്പക്ഷ വിശാലരാഷ്ട്രീയ ചിന്താഗതി (RIGHT WING POLITICS)എന്നീ പേരുകളിൽ  അറിയപ്പെട്ടു. ഇടത് വിശാലരാഷ്ട്രീയ ചിന്താഗതിയിൽ (LEFT WING POLITICS) കമ്മ്യൂണിസ്റ്റുകളും ഫെമിനിസ്റ്റുകളും അനാർക്കിസ്റ്റുകളും മതേതരവാദികളും നിരീശ്വരവാദികളുമടങ്ങുന്ന വിശാലസഖ്യം രൂപപ്പെട്ടപ്പോൾ മറുഭാഗത്ത് ഫാസിസ്റ്റ്,നിയൊ-നാസി,വർഗ്ഗീയ അടിസ്ഥാനവാദികളും രാജഭക്തരും ഏകാധിപത്യവിശ്വാസികളും കുടുംബവാഴ്ചകളും മൗലികവാദികളും അടങ്ങുന്ന വലത് വിശാലരാഷ്ട്രീയ ചിന്താഗതി (RIGHT WING POLITICS) രൂപപ്പെട്ടു.

വലതുപക്ഷം,ഇടതുപക്ഷം,സോഷ്യലിസം,ഫാസിസം,നാസിസം,കൺസർവേറ്റ്സ്,മോണോപ്പൊളിറ്റ്സ്,ഫണ്ടമെന്റലിസ്റ്റ്സ്,ലിബറൽസ് അങ്ങിനെ സമയവും രാഷ്ട്രവും ഭരണാധികാരികളും മാറുന്നതിനനുസരിച്ച് ഒരുവിധം എല്ലാ ലോകരാജ്യങ്ങളിലും ഈ രണ്ട് ചിന്താധാരകളും പലപേരുകളിലായി  മാറിമാറി വന്നുകൊണ്ടേയിരിക്കുന്നു

ഇടതുപക്ഷനയങ്ങൾ:-

ഇടതുപക്ഷചിന്താധാരയിൽ ഗവൺമെന്റിന് രാജ്യത്തിന്റെ സാമ്പത്തിക/സാമൂഹികമേഖലകളിൽ പൂർണ്ണ അധികാരം നിക്ഷിപ്തമായിരുന്നു. സ്വകാര്യവത്ക്കരണത്തെ എതിർത്തും പൊതുമേഖലക്ക് ഊന്നൽ നല്കിയുമാണ് ഇടതുപക്ഷം ഭരണം നടത്തിയിരുന്നത്. സാമൂഹികപരമായി പുരോഗമനാത്മക ചിന്താഗതികളായിരുന്നു ഉണ്ടായിരുന്നത്. രാഷ്ട്രീയകാര്യങ്ങളിൽ നിന്ന് ജാതി/മത ചിന്തകളെ അകറ്റിനിർത്തുവാൻ ഇവർ പ്രത്യേകം ശ്രദ്ധിച്ചു. സാംസ്ക്കാരിക കാര്യങ്ങളിൽ അവർ എന്നും യുദ്ധമുഖത്തായിരുന്നു നിലകൊണ്ടത്. മാറ്റമായിരുന്നു അവരുടെ ചിന്തകൾക്കാധാരം. അതിനാൽ സംസ്ക്കാരങ്ങളുമായി ഇടതുപക്ഷചിന്താധാരകൾ ഒരു സന്ധിയില്ലാസമരത്തിൽ തന്നെയായിരുന്നു. ദേശീയതയുടെ കാര്യത്തിലും ഇടതുപക്ഷചിന്താധാരകൾ വേറിട്ടുനിന്നു.

വൈവിദ്ധ്യാത്മകമായ ആഗോളചിന്താഗതിയായിലാരുന്നു അവരുടെ വിശ്വാസം. ഒരുപക്ഷേ പലരാജ്യങ്ങളിലും ഈ ചിന്താഗതിക്കേറ്റ തിരിച്ചടിക്ക് ഒരു പ്രധാനകാരണവും ഇതാണെന്നാണ് പല ചരിത്രകാരന്മാരും പറയുന്നത്. ന്യൂനപക്ഷങ്ങൾക്ക് പ്രത്യേകപരിഗണനനല്കുന്ന നയങ്ങളാണ് എന്നും ഇടതുപക്ഷം സ്വീകരിച്ചത്. ആഗോളവത്ക്കരണത്തെ നഖശിഖാന്തം എതിർത്തിരുന്ന ഇടതുപക്ഷം ലോകത്തെ പുത്തൻ നവലിബറൽ നയങ്ങളോട് അന്നും ഇന്നും അവരുടെ എതിർപ്പുകൾ പ്രകടിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

വലതുപക്ഷനയങ്ങൾ:-

വലതുപക്ഷചിന്താധാരയിൽ ഗവൺമെന്റിന് രാജ്യത്തിന്റെ സാമ്പത്തിക/സാമൂഹികമേഖലകളിൽ അധികാരവികേന്ദ്രീകരണ നയങ്ങളിൽ നിക്ഷിപ്തമായിരുന്നു. സ്വകാര്യവത്ക്കരണത്തെ അനുകൂലിച്ചും പൊതുമേഖലക്ക് ഊന്നൽ നൽകാതെ ക്യാപ്പിറ്റലിസ്റ്റ് ചിന്തയൂന്നിയുമാണ് വലതുപക്ഷം ഭരണം നടത്തിയിരുന്നത്. സാമൂഹികപരമായി പുരോഗമനാത്മക ചിന്താഗതികൾക്കുപകരം പാരമ്പര്യവാദമായിരുന്നു അവരുടെ നയങ്ങളിൽ ഉണ്ടായിരുന്നത്.

രാഷ്ട്രീയകാര്യങ്ങളിൽ നിന്ന് ജാതി/മത ചിന്തകളെ അകറ്റിനിർത്തുവാൻ ഇവർ പരിശ്രമിച്ചില്ലെന്നുമാത്രമല്ല കൂടുതൽ അധികാരങ്ങൾ പ്രത്യക്ഷത്തിലും പരോക്ഷത്തിലും അവർ നല്കി. സാംസ്ക്കാരികകാര്യങ്ങളിൽ അവർ പൗരാണികവാദക്കാരായിരുന്നു. തങ്ങളുടെ സംസ്ക്കാരത്തിലൂന്നിയ നയങ്ങൾ മുന്നോട്ടുവയക്കുവാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. സാംസ്ക്കാരിക പാരമ്പര്യവാദമായിരുന്നു അവരുടെ ചിന്തകൾക്കാധാരം. ദേശീയത വലതുപക്ഷചിന്താധാരകളുടെ നട്ടെല്ലായിരുന്നു .വൈവിദ്ധ്യാത്മകമായ ആഗോളചിന്താഗതിയായിലൂന്നിയ ഇടത്ശക്തികളെ ശക്തിയുക്തം എതിർക്കാൻ ദേശീയത (തീവ്രദേശീയത) എന്ന ബ്രഹ്മാസ്ത്രം ഉപയോഗിച്ച് വലതുപക്ഷം നേരിട്ടുകൊണ്ടേയിരുന്നു(നേരിട്ടുകൊണ്ടേയിക്കുന്നു)

ന്യൂനപക്ഷങ്ങൾക്ക് പ്രത്യേകപരിഗണന നല്കുന്ന നയങ്ങളെ എതിർത്ത് എല്ലാവരും തുല്യരാണെന്ന സമീപനമാണ് വലതുപക്ഷം സ്വീകരിച്ചത്. ആഗോളവത്ക്കരണത്തെ വാരിപ്പുണരുകയും ഫ്രീട്രേഡ് അടക്കമുള്ള ആഗോളവത്ക്കരണ നയങ്ങളെ സ്വാഗതംചെയ്തും വലതുപക്ഷം ലോകത്തെ പുത്തൻ നവലിബറൽ നയങ്ങളോടുള്ള അനുകൂലനയം പ്രകടിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

ഇന്ത്യയിലെ ഇടത്/വലത് രാഷ്ട്രീയ ചിന്താധാരകൾ രാഷ്ട്രീയ ശാസ്ത്രജ്ഞന്മാരാൽ പരക്കെ ചർച്ചചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു. ഇത് പൂർണ്ണരൂപത്തിൽ മനസ്സിലാക്കുന്നതിന് നമുക്ക് രാഷ്ട്രീയ ശാസ്ത്രജ്ഞന്മാരാൽ രചിക്കപ്പെട്ട ഒരു ഗണിതചിത്രത്തിലൂടെ മനസ്സിലാക്കാം.

ആദ്യം പത്ത് സെന്റീമീറ്റർ നീളത്തിൽ ഒരു വരവരക്കുക. ആദ്യം ആ വരയുടെ മദ്ധ്യം 5 ൽ ഒരു കുത്തിടുക. ഇതാണ് ഇടത്പക്ഷത്തിനും വലതുപക്ഷത്തിനുമിടയിലെ മദ്ധ്യം (Center). അതിനുശേഷം 2.5 ഇരുഭാഗത്തേക്കും മാറികുത്തിട്ട് അടയാളപ്പെടുത്തുക(അതായത് 2.5 & 7.5). ഇതിൽ ഇടത് ഭാഗത്തെ വര ഇടതുപക്ഷത്തിനും (Left Wing) വലത് ഭാഗത്തെ വര വലത്പക്ഷത്തിനും(Right Wing) നല്കുക. ഈ ചിത്രത്തിൽ ഇടത് ഭാഗത്തെ വരയുടെ ഇടത്തേയറ്റത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികളും ഇടത് ഭാഗത്തെ വരയുടെ മദ്ധ്യഭാഗത്ത് എല്ലാ സോഷ്യലിസ്റ്റ് പാർട്ടികളും മദ്ധ്യത്തോട് ചേർന്ന് ഇടതുഭാഗത്തുതന്നെ കോൺഗ്രസ് പാർട്ടിയും വരുമെന്ന് രാഷ്ട്രീയ ശാസ്ത്രജ്ഞന്മാർ പറയുന്നു.

ഈ ചിത്രത്തിൽ വലത്തെ വരയുടെ മദ്ധ്യത്തിനോട് ചേർന്ന് ബി.ജെ.പിയും വലത്തെ വരയുടെ അവസ്സാനത്തിൽ(10) ഇന്ത്യയിലെ സർവ്വ ജാതി,മത,വർണ്ണ,ഭൂപ്രകൃതി,ഭാഷ എന്നിവയിലൂന്നിയ രാഷ്ടീയപ്പാർട്ടികളും നിലകൊള്ളുന്നു.