എന്താണ് കാല് കഴുകിച്ചൂട്ട്..? ആരാണ് കാലു കഴുകിക്കുന്നത്..? വാർത്തയിലെ സത്യവും, മിഥ്യയും

പുടയൂർ ജയനാരായണൻ

ചിലർ അങ്ങിനെയാണ്. ആദ്യം ചുവരിലേക്ക് ഒരു അമ്പെയ്യും. പിന്നെ കൊണ്ട സ്ഥലത്തിന് ചുറ്റും വട്ടം വരയ്ക്കും. അങ്ങിനെ അമ്പ് കൊണ്ടത് വട്ടത്തിനകത്താണ് എന്ന് വരുത്തിത്തീർക്കും. ഇത് ഇവരുടെ സ്ഥിരം ഏർപ്പാടാണ്. ഒരു തീർപ്പ് ആദ്യമേ തന്നെ ഉറപ്പാക്കിയ ശേഷം പിന്നീട് അതിന് പറ്റിയ കഥകൾ മെനഞ്ഞ് ഉണ്ടാക്കും. പിന്നെ അതാണ് സത്യമെന്ന് വരുത്തിത്തീർക്കും. അപ്പോൾ യഥാർത്ഥ ഇരകൾ ഇവിടെ വേട്ടക്കാരാകുന്നു. വേട്ടക്കാർ ഇരകളും ആകുന്നു. ഗീബൽസ് തിയറി ഇങ്ങിനെയാണ് ഇവർ കേരളത്തിൽ നടപ്പാക്കിയത്, ഇന്നും നടപ്പാക്കുന്നത്.

പാലക്കാട്ട് നിന്നുള്ള ഒരു വാർത്ത വളച്ചൊടിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതിനു പിന്നിലും ഈ അമ്പെയ്ത്ത് സംഘം തന്നെയാണ്. സമൂഹത്തിന്റെ മനസിൽ വിദ്വേഷം പടർത്തുന്നതിനായി എന്നും വിഷം പുരട്ടിയ കൂരമ്പുകളുമായി നടക്കുന്ന അതേ അമ്പെയ്ത്ത്കാരുടെ സംഘം. പാലക്കാട്ട് ജില്ലയിൽ ഒറ്റപ്പാലത്തെ കൂനന്തുള്ളി മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി പ്രസ്തുത ദിനം നിശ്ചയിച്ചിട്ടുള്ള “കാല് കഴുകിച്ച് ഊട്ട് ” എന്ന ചടങ്ങിനോടനുബന്ധിച്ച് ക്ഷേത്ര കമ്മറ്റി നോട്ടീസിന്റെ ഒരു ഫോട്ടോ പ്രചരിപ്പിച്ച് കൊണ്ടാണ് പ്രസ്തുത “ജാതി വെറി കമ്മറ്റി ” തങ്ങളുടെ വിഷം കലക്കൽ പരിപാടിയുമായി ഇറങ്ങിയിട്ടുള്ളത്. ഇക്കൂട്ടരുടെ ഓൺലൈൻ പതിപ്പായ അഴിമുഖം എന്ന പേജ് ഈ ചടങ്ങിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ഇങ്ങിനെയാണ്.. ” ബ്രാഹ്മണരുടെ കാല്‍ കഴുകിയ ജലം ഇതര ജാതിക്കാരായ ഭക്തര്‍ കുടിക്കുന്ന ചടങ്ങ്; കൂനന്തുള്ളി മഹാവിഷ്ണു ക്ഷേത്രത്തിലെ ആചാരത്തിനെതിരെ പ്രതിഷേധം.

ഈ വരികൾക്കിടയിലെ വിഷപ്പല്ല് കണ്ടിട്ടില്ലാത്തവർ ഒന്ന് കൂടി വായിക്കുക “ബ്രാഹ്മണരുടെ കാല്‍ കഴുകിയ ജലം ഇതര ജാതിക്കാരായ ഭക്തര്‍ കുടിക്കുന്ന ചടങ്ങ്”കാല് കഴുകിച്ചൂട്ട് എന്താണ് എന്നറിയില്ല എന്നത് പോകട്ടെ… കാല് കഴുകിച്ച വെള്ളം കുടിപ്പിക്കുന്ന ചടങ്ങ് എന്നൊക്കെ അതിനെ അങ്ങ് വച്ച് കാച്ചണമെങ്കിൽ എവിടെ എത്തി ഇവരുടെ കളകൂട വിഷത്തിന്റെ കാഠിന്യം…!

എന്താണ് കാല് കഴുകിച്ചൂട്ട്..? ആരാണ് കാലു കഴുകിക്കുന്നത്..?

അതിഥി പൂജയിൽ ഏറ്റവും ശ്രേഷ്ഠമായ ഒരു ചടങ്ങാണ് അത്. ഒരു കുടുബത്തിൽ പ്രത്യേക ക്ഷണിതാവായി വരുന്ന അതിഥിയെ കാലുകഴുകിച്ച്, ആനയിച്ചിരുത്തി വിശേഷ ഭക്ഷണം നൽകി സന്തോഷിപ്പിക്കുന്ന ഒരു ചടങ്ങ്. അതിഥി ദേവോ ഭവ എന്ന സങ്കൽപ്പത്തിൽ ഭാരതത്തിലെമ്പാടും ഈ ചടങ്ങ് കാണാം. കേരളത്തിൽ ബ്രാഹ്മണരുടെ പിതൃ കർമ്മങ്ങളിലെ എറ്റവും പ്രധാന ചടങ്ങും ഇത് തന്നെയാണ്. യോഗ്യനായ ഒന്നോ അതിലധികമോ വ്യക്തികളെ ക്ഷണിച്ച് അദ്ദേഹത്തിനെ ഉപചാരപൂർവ്വം സ്വീകരിച്ചാനയിച്ച് പിണ്ഡകർത്താവ് അദ്ദേഹത്തിന്റെ കാലു കഴുകിച്ച് സമൃദ്ധമായി ഭക്ഷണം നൽകി സന്തോഷിപ്പിച്ച് മാത്രമാണ് പിതൃകർമ്മങ്ങളുടെ ഭാഗമായ പിണ്ഡം വയ്ക്കുന്നത് അഥവാ ബലി ഇടുന്നത്. ഇത് പോലെ വൈശാഖ മാസത്തിൽ കുഞ്ഞുങ്ങളുടെ കാല് കഴുകിച്ച് അവർക്ക് മധുരം നൽകി സന്തോഷിപ്പിക്കുന്ന ആചാരവും വളരെ ശ്രേഷ്ഠമായി കരുതുന്ന ഒന്നാണ്. ഇത് തന്നെയാണ് ക്ഷേത്രങ്ങളിൽ നടക്കുന്ന കാല് കഴുകിച്ചൂട്ടലുകളിലും നടക്കുന്നത്. ക്ഷേത്രത്തിലെ തന്ത്രിയാണ് ഇവിടെ കാല് കഴുകിക്കുന്നത്. ദേവനെ പൂജിച്ച്, നിവേദ്യത്തിന്റെ സമയത്ത് ദേവന് ഭൂരിയായ നിവേദ്യങ്ങൾ നേദിച്ച് കഴിഞ്ഞ ശേഷം ക്ഷണിക്കപ്പെട്ട, തികച്ചും യോഗ്യരായ ബ്രാഹ്മണരെ ദേവനായിത്തന്നെ സങ്കൽപ്പിച്ച് ഉപചാര പുരസരം അവരെ കാലുകഴുകിച്ച് മന്ത്ര സഹിതം പൂജിച്ച് നിവേദിക്കാൻ തയ്യാറാക്കിയ പായസത്തിന്റെ ഒരു ഭാഗം വിളമ്പി അത് ഊട്ടി, ദക്ഷിണ നൽകി സമൂഹത്തിനാകമാനം അനുഗ്രഹം തേടുന്ന ഒരു ചടങ്ങ്. അത് മാത്രമാണ് ഈ കാലു കഴുകിച്ചൂട്ട് എന്ന ആചാരം. അങ്ങിനെയുള്ള ഒരു ആചാരത്തെയാണ് കർണ്ണാടകത്തിലെ “മടൈ സ്നാനം” എന്ന ആചാരവുമൊക്കെയായി ഇവിടെ ഇക്കൂട്ടർ ബന്ധിപ്പിക്കുന്നത്. ഇവർ പ്രചരിപ്പിക്കുന്നത് പോലെ ബ്രാഹ്മണരുടെ കാല് കീഴ്ജാതിക്കാരെക്കൊണ്ട് കഴുകിക്കുന്നതല്ല ഈ ആചാരം. ഇവർ ഈ പ്രചരിപ്പിക്കുന്നത് പോലെ ആരെയും കാലു കഴുകിയ തീർത്ഥം കുടിപ്പിക്കുകയോ അത് കൊണ്ട് കുളിപ്പിക്കുകയോ ചെയ്യുന്നില്ല. ഇതാണ് സത്യമെന്നിരിക്കെ അവയൊന്നും മനസിലാക്കാൻ ശ്രമിക്കാതെ ഇപ്പോൾ നടത്തുന്ന പ്രചാരണങ്ങൾ എല്ലാം കൃത്യമായ അജണ്ട വച്ച് കൊണ്ടുള്ള അസത്യ പ്രചാരണമാണ്.

ഒന്നുറപ്പിക്കാം ശബരിമല ഇവർക്ക് ഒരു ടെസ്റ്റ് ഡോസ് ആയിരുന്നു. അതിനു ശേഷം ഹൈന്ദവ ആചാര പദ്ധതികൾക്കെതിരെ നടക്കുന്ന അടുത്ത കാൽവയ്പ്പ് തന്നെയാണ് ഇപ്പോളത്തെ വിവാദം. ശബരിമല വിഷയത്തിൽ വിശ്വാസി സമൂഹം ഒറ്റക്കെട്ടായിരുന്നു. അത് കൊണ്ട് തന്നെ ചെറുത്ത് നിൽപ്പ് വളരെ ശക്തവുമായിരുന്നു. ജാതി പറഞ്ഞ് ഭിന്നിപ്പിക്കാതെ ഇവരുടെ പദ്ധതികൾ വിലപ്പോവുകയില്ല എന്ന് മനസിലാക്കിയ ഇക്കൂട്ടർ അവരുടെ തുരുപ്പ് ചീട്ട് തന്നെയാണ് ഇക്കുറി കളത്തിലിറക്കിയിരിക്കുന്നത്. അതെ, സമൂഹത്തിന്റെ മനസിൽ ഏറ്റവും എളുപ്പം വിഷം കലക്കണമെന്നുണ്ട് എങ്കിൽ അവിടെ ബ്രാഹ്മണമേധാവിത്വം ഉണ്ട് എന്ന് സ്ഥാപിച്ചാൽ മതി. ബ്രാഹ്മണ്യം എന്ന വാക്ക് ഇവരെന്നും തരാതരം പോലെ ഉപയോഗിക്കുന്ന ഒന്നാണ്. വിഷം കലക്കേണ്ടപ്പോൾ ബ്രാഹ്മണ്യം ഒരു ജാതിപ്പേരാവുകയും, അല്ലാത്തപ്പോൾ അത് കർമ്മം മൂലം ആർജിച്ചെടുക്കേണ്ട ഒരു മഹത്തായ സംഗതിയുമായി പരിണമിക്കും. അതെന്നും അങ്ങിനെയാണ്. അതെന്തോ ആകട്ടെ. കഴിഞ്ഞ അഞ്ച് ദശകങ്ങളായി കേരളത്തിൽ ജാതീയമായ അധിക്ഷേപങ്ങൾക്ക് ഏറ്റവും അധികം പാത്രീഭൂതരാകേണ്ടി വന്നവരാണ് നമ്പൂതിരി സമുദായം. അത് കൊണ്ട് തന്നെ കേവലം ജാതി അധിക്ഷേപങ്ങളെ ഇന്ന് ഈ സമൂഹം പരിഗണിക്കാറെയില്ല. പക്ഷേ ഇത് കേവലം അധിക്ഷേപം മാത്രമല്ല, ബ്രാഹ്മണ്യത്തിന്റെ പേര് ഉപയോഗിച്ച് സമൂഹ മനസിൽ വിഷം കലക്കുവാൻ ഉള്ള ശ്രമമാണ്. ഒരു നുണ നൂറിലേറെ തവണ ആവർത്തിച്ചാൽ സത്യമെന്ന പ്രതീതീയുണ്ടാക്കാനാവും എന്ന ഗീബല്സിന്റെ പഴയ തന്ത്രം ഇന്നും പയറ്റിക്കൊണ്ടിരിക്കുന്ന ചിലരാണ് ഇതിന് പിന്നിൽ.

അമേരിക്കൻ അസോസിയേഷൻ ഫോർ അഡ്വാൻസ്മെൻറ് ഓഫ് സയൻസിന്റെ ലോക പ്രശസ്ത പ്രസിദ്ധീകരണമായ സയൻസ് മാഗസിന്റെ 2018 മാർച്ച് മാസത്തിലെ കവർ സ്റ്റോറി വീണ്ടുമൊന്ന് വായനയ്ക്ക് വയ്ക്കുന്നത് ഈ ഘട്ടത്തിൽ നല്ലതാണ് എന്ന് തോന്നുന്നു.

“False news traveled farther, faster, deeper, and more broadly than the truth in every category of information, sometimes by an order of magnitude, and false political news traveled farther, faster, deeper, and more broadly than any other type.”

ഇന്റർനെറ്റിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത്തിന്റെ രീതികളെ പറ്റിയുള്ള സയൻസ് മാഗസിനിൽ വന്ന ഒരു റിസർച് റിപ്പോർട്ടിലെ ചില വരികളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. തെറ്റായ വാർത്തകൾ യഥാർത്ഥ വസ്തുതകളേക്കാൾ നൂറ് മടങ്ങ് വേഗത്തിൽ സഞ്ചരിക്കുമെന്നും അത് പ്രചരിപ്പിക്കുന്നതിലെ മനശാസ്ത്രവും ആണ് പ്രസ്തുത ലേഖനം വിശകലനം ചെയ്യുന്നത്. The Science of fake News എന്ന പ്രസ്തുത ലേഖനത്തിൽ അതിശയിപ്പിക്കുന്നതും അസ്വസ്ഥതയുളവാക്കുന്നതും എന്നാണ് ഗവേഷകർ ഈ കണ്ടെത്തലിനെ വിശേഷിപ്പിച്ചത്.
ഇവരുടെ ഈ കണ്ടെത്തൽ അക്ഷരംപ്രതി ശരിയാണെന്നതിന്റെ ജീവനുള്ള തെളിവുകളാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.