‘എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല…’; സമരത്തിനൊപ്പം നിന്നവർക്കെല്ലാം കണ്ണീരോടെ നന്ദി പറഞ്ഞ് ദയാഭായി

തിരുവനന്തപുരം: സമരത്തിനൊപ്പം നിന്നവർക്കെല്ലാം കണ്ണീരോടെ നന്ദി പറഞ്ഞ് ദയാഭായി. സ‍ർക്കാരുമായുള്ള സമരസമിതിയുടെ ചർച്ച വിജയമാണെന്ന പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ദയാഭായി.

തനിക്ക് വാക്കുകൾ കിട്ടുന്നില്ലെന്ന് പറഞ്ഞ  ദയാഭായി എൻഡോസൾഫാൻ ബാധിതരായ കുട്ടികളുടെ വേദനയും വിഷമവും കഷ്ടപ്പാടും മനസ്സിലാക്കിയ എല്ലാവർക്കും തന്‍റെ സ്നേഹം അറിയിച്ചു. തന്നെക്കുറിച്ചും തനിക്കെതിരെയും പറഞ്ഞവരോടൊന്നും ദേഷ്യമോ വിഷമമോ ഒന്നുമില്ലെന്നും അതെല്ലാം താൻ ഈ സമരത്തിന് നൽകിയ വിലയാണെന്നും ദയാഭായി കൂട്ടിച്ചേർത്തു.

അതേസമയം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വിജയം. അര്‍ഹരായവര്‍ക്ക് ആനുകൂല്യം നല്‍കുമെന്ന സര്‍ക്കാര്‍ ഉറപ്പിനെ തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. 2017ല്‍ മെഡിക്കല്‍ സംഘം കണ്ടെത്തിയവര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കും. അന്ന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് ആനുകൂല്യം നല്‍കാനാണ് തീരുമാനം. തുടര്‍ നടപടികള്‍ക്ക് കലക്ടറെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ അറിയിച്ചു.