‘എനിക്ക്‌ എഞ്ചിനീയറിങ്ങ് ഡിഗ്രിയുണ്ട്‌, പാര്‍ട്ടിയുടെ സുപ്രധാന തീരുമാനങ്ങള്‍ ഞാനെടുത്തത്‌’; വീണ്ടും മോദി

ന്യൂഡല്‍ഹി: ‘മേഘ സിദ്ധാന്ത’ത്തിനും 1988 ലെ ഡിജിറ്റല്‍ ക്യാമറ, ഇ-മെയില്‍ ഉപയോഗത്തിനും ശേഷം ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് 1992 ല്‍ മോദി കന്നഡ ടാബ്ലോയിഡിന് നല്‍കിയ ഒരു അഭിമുഖമാണ്.

നാല്‍പത് വയസിന് മുമ്പേ താന്‍ ഗുജറാത്ത് ബിജെപി പ്രസിഡന്‍റായിരുന്നെന്നും ഗുജറാത്തിലെ ബിജെപിയുടെ വിജയത്തിന്‍റെ ആണിക്കല്ല് താനാണെന്നും മോദി അഭിമുഖത്തില്‍ അവകാശപ്പെടുന്നു. തനിക്ക് ആര്‍എസ്എസ് പശ്ചാത്തലമുണ്ടെന്നും 1974 ല്‍ ജയപ്രകാശ് നാരായണന്‍ ആരംഭിച്ച നവനിര്‍മ്മാണ സേനയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് വരുന്നതെന്നും മോദി കന്നഡ ടാബ്ലോയിഡിനോട്  പറയുന്നു. 

ഇതിനിടെ തനിക്ക് എഞ്ചിനീയറിങ്ങ് ഡിഗ്രിയുണ്ടെന്നും മോദി അവകാശപ്പെടുന്നു. ബിജെപിയിലെ സാമ്പത്തിക കാര്യമടക്കമുള്ള എല്ലാ സുപ്രധാന നയപരമായ തീരുമാനങ്ങളും താനാണെടുത്തതെന്നും മോദി അഭിമുഖത്തില്‍ അവകാശപ്പെടുന്നു. കന്നട പത്രമായ ഉദയവാണിയുടെ ടാബ്ലോയിഡ് പതിപ്പായ ‘തരംഗ’യാണ് മോദിയുടെ അഭിമുഖം 1992 ല്‍ പ്രസിദ്ധീകരിച്ചത്.