എണ്ണക്കപ്പലുകള്‍ക്കു നേരെ നടന്ന ആക്രമണം; ഇറാനെ പഴിചാരി അമേരിക്ക

വാഷിങ്ടണ്‍: ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ ഇരാനെ പഴിചാരി അമേരിക്ക. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോപറഞ്ഞു. വാര്‍ത്തസമ്മേളനത്തിലാണ് പോംപിയോ ഇറാനെതിരെ ആരോപണം നടത്തിയത്. ആരോപണമുന്നയിക്കുന്നത് തെളിവുകളില്ലാതെയാണെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഇറാന്‍ വ്യക്തമാക്കി.

മേഖലയിലെ താല്‍പര്യം സംരക്ഷിക്കാന്‍ യുഎസിന് പ്രതിരോധിക്കേണ്ടി വരുമെന്നും പോംപിയോ മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര സുരക്ഷക്കും സമാധാനത്തിനും ഇറാന്‍ ഭീഷണിയുയര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ആക്രമണത്തില്‍ അടിമുടി ദുരൂഹത ആരോപിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മജ് ജവാദ് ഷെരീഫ് രംഗത്തെത്തി.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പുമായി യുഎന്നും രംഗത്തെത്തി. ഗള്‍ഫ് മേഖലയില്‍ ഇനിയൊരു യുദ്ധം ലോകത്തിന് താങ്ങാനാവില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.