എടിഎമ്മിലും കള്ളനോട്ടുകള്‍

എടിഎമ്മിലും കള്ളനോട്ടുകള്‍. കാണ്‍പൂരിലെ മാര്‍ബിള്‍ മാര്‍ക്കറ്റിലെ ഒരു പ്രൈവറ്റ് ബാങ്കിന്റെ എടിഎമ്മില്‍ നിന്നുമാണ് കള്ളനോട്ടുകള്‍ ലഭിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കാണ്‍പൂര്‍ സ്വദേശികളായ ഹിമാംശു ത്രിപാഠി, രാമേന്ദ്ര അശ്വതി എന്നിവര്‍ക്കാണ് 500 രൂപയുടെ കള്ളനോട്ടുകള്‍ ലഭിച്ചത്.

കഴിഞ്ഞദിവസം എടിഎമ്മില്‍നിന്നും നോട്ടുകളെടുത്തശേഷം എണ്ണുന്നതിനിടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് രണ്ടു നോട്ടുകള്‍ കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞതെന്ന് ഹിമാംശു പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് മാര്‍ബിള്‍ മാര്‍ക്കറ്റിങ് അസോസിയേഷന്‍ പ്രസിഡന്റ് വിജയ് കുമാര്‍ സ്ഥലത്തെത്തി ബാങ്കുകാര്‍ക്ക് വിവരം നല്‍കി.

സ്വകാര്യ എജന്‍സിയായ സിഎംഎസ് ആണ് എടിഎമ്മില്‍ പണം നിറയ്ക്കുന്നതെന്നാണ് ബാങ്കിന്റെ വിശദീകരണം. ബാങ്കും കമ്പനിയും സംഭവത്തില്‍ അന്വേഷണം നടത്തും. എടിഎമ്മില്‍ പണം നിറയ്ക്കുന്ന തൊഴിലാളികള്‍ കള്ളനോട്ടുകള്‍ തിരുകിവച്ചതാണെന്നാണ് സൂചന. വിഷയത്തില്‍ ആര്‍ബിഐ പ്രതികരിച്ചിട്ടില്ല. വിശദമായ അന്വേഷണത്തിനുശേഷം പ്രതികരിക്കാമെന്നാണ് ആര്‍ബിഐയുടെ നിലപാട്.