എങ്ങോട്ടാണ് നിങ്ങള്‍ ത്രിപുരയോട് മാറാന്‍ പറയുന്നത് ?

എ.പി.രാഗിന്ദ്‌

ത്രിപുര ഒരിക്കല്‍ കൂടി തന്റെ വിരലുകളില്‍ മഷി പുരട്ടുകയാണ്. നീതികേടിനെ ചോദ്യം ചെയ്യുന്ന ചൂണ്ടുവിരല്‍ കൊണ്ടുതന്നെയാണവര്‍ ഇനിയും വിധിയെഴുതാന്‍ പോകുന്നത്. ഒരു കാര്യം സമ്മതിക്കാതെ വയ്യ. ത്രിപുര മാറിയിട്ടുണ്ട്.  ത്രിപുരയുടെ രാഷ്ട്രീയ സ്ഥിതിയും മാറിയിട്ടുണ്ട്. പക്ഷേ അതെങ്ങനെയെന്ന് വിലയിരുത്തുന്നതിലാണ് പലര്‍ക്കും തെറ്റുപറ്റുന്നത്. കഴിഞ്ഞ കാലങ്ങളിലെല്ലാം പ്രതിപക്ഷത്തിരുന്ന കോണ്‍ഗ്രസിനെ മറികടന്ന് ഇടതുപക്ഷത്തിനെതിരെ ബി.ജെ.പി മുഖ്യ എതിരാളിയാവുന്ന ഒരുപക്ഷേ രാജ്യത്തെ ആദ്യത്തെ തിരഞ്ഞെടുപ്പായിരിക്കും ഇത്.

സി.പി.എമ്മിന്റെയോ ഇടതുപക്ഷത്തിന്റെയോ പങ്കുപറ്റിയായിരുന്നില്ല ഇത്. നേരെ മറിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി അടപടലം താമര പിടിക്കാന്‍ സങ്കോചമേതുമില്ലാതെ തയ്യാറായതാണ് കാരണം.

രണ്ട് വര്‍ഷത്തിനിടയില്‍ നേതാക്കന്‍മാരടക്കം നിരവധിയാളുകളാണ് കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലെത്തിയത്. ഇതിന്റെ ഫലമായി ബി.ജെ.പിയുടെ മെമ്പര്‍ഷിപ്പിലെ വര്‍ദ്ധനയാവട്ടെ രണ്ട് ലക്ഷത്തിലധികവും.

നേരാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മിക്കതും ഇന്ന് ബി.ജെ.പിയുടെ കൈകളിലാണ്. പക്ഷേ ഇതിലെത്ര വിജയങ്ങളില്‍ അവര്‍ക്ക് ജനാധിപത്യം അവകാശപ്പെടാന്‍ കഴിയും. മുഖ്യമന്ത്രി ഉള്‍പ്പെടെ 33 പീപ്പിള്‍സ് പാര്‍ട്ടി എം.എല്‍.എമാരെ ചാക്കിട്ട് പിടിച്ചാണ് അരുണാചലില്‍ അവര്‍ ഭരണം നേടിയത്. മണിപ്പൂരിലാണെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷമുള്ള കൂറുമാറ്റങ്ങളിലൂടെ. സ്വതസിദ്ധമായ വര്‍ഗീയതയ്‌ക്കൊപ്പം ഇതേ കുറുക്കുവഴി തന്നെയാണവര്‍ക്ക് ത്രിപുരയിലും ഇറക്കാനുള്ളത്.

എന്നാല്‍, ഇവിടെയവര്‍ വിയര്‍ക്കുന്നത് മറ്റൊന്നും കൊണ്ടല്ല. മൂന്നു പതിറ്റാണ്ടായി ത്രിപുരയുടെ മനസ്സറിയുന്ന മണിക് സര്‍ക്കാറിനോടാണവര്‍ അങ്കം കുറിക്കുന്നത്. കേരളത്തിലെ തിരുവനന്തപുരത്തോളം മാത്രം ജനസംഖ്യയുള്ള ഒരു സംസ്ഥാനത്ത് കേന്ദ്രമന്ത്രിമാരുള്‍പ്പെടെ അമ്പതോളം വരുന്ന നേതാക്കളാണ് മാസങ്ങളായി തമ്പടിച്ച് പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

‘ചലോ പാല്‍ട്ടായ്’ (നമുക്ക് മാറാം) എന്നതാണ് ബി.ജെ.പിയുടെ ത്രിപുരയിലെ മുദ്രാവാക്യം. പക്ഷേ എങ്ങോട്ടാണ് മാറേണ്ടത്. സാക്ഷരതയിലും കാര്‍ഷിക മേഖലയിലും കേരളത്തോടൊപ്പം രാജ്യത്തോട് കിടപിടിക്കുന്ന സംസ്ഥാനം വിളകള്‍ക്ക് വിലയില്ലാതെ കര്‍ഷകര്‍ തെരുവിലിറങ്ങി തീ കൊളുത്തേണ്ട ഉത്തരേന്ത്യന്‍ പരിതസ്ഥിതിയിലോട്ടോ?

മൂന്ന് വര്‍ഷം മുന്‍പ് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്‍പില്‍ മോഡി വിളമ്പിയ അതേ വാഗ്ദാനത്തിന്റെ വീഞ്ഞ് തന്നെയാണവര്‍ ത്രിപുരയിലും പ്രയോഗിക്കുന്നത്. അധികാരത്തിലേറി ഒറ്റ വര്‍ഷം കൊണ്ട് രാജ്യത്തെ കള്ളപ്പണം മുഴുവന്‍ തിരിച്ച് പിടിക്കുമെന്ന് പ്രഖ്യാപിച്ചവര്‍ അര്‍ദ്ധരാത്രിയിലെ നോട്ട് നിരോധനം കൊണ്ട് രാജ്യത്തെ കള്ളപ്പണം മുഴുവന്‍ വെളുപ്പിക്കാന്‍ വഴിയൊരുക്കി. രാജ്യത്തെ സമ്പന്നനും ദരിദ്രനും തമ്മിലുള്ള അന്തരം നാല്പത് ശതമാനത്തില്‍ നിന്നും എഴുപത് ശതമാനത്തിലേയ്ക്ക്‌ ഉയര്‍ന്നു.

23 ലക്ഷം വോട്ടര്‍മാര്‍ മാത്രമുള്ള ത്രിപുരയില്‍ 499 ഹെല്‍ത്ത് സബ് സെന്ററുകളും, 45 പ്രൈമറി ഹെല്‍ത്ത് സെന്ററുകളും, 7 കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളുമുണ്ട്. ബി.ജെ.പി ഭരിക്കുന്ന ഏതെങ്കിലുമൊരു സംസ്ഥാനത്തിന്റെ, രാജ്യത്തിന്റെ തന്നെ ശരാശരികള്‍ ഇതുമായി തട്ടിച്ച് നോക്കാന്‍ തന്റേടമുണ്ടോ അവര്‍ക്ക്?

എങ്ങോട്ടാണ് നിങ്ങള്‍ ത്രിപുരയോട് മാറാന്‍ ആഹ്വാനം ചെയ്യുന്നത്? ട്രൈബല്‍ ലിറ്ററസി റേറ്റില്‍ 86.4 ശതമാനം കൈവരിച്ച് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനത്തെ രാജ്യത്തിന്റെ ശരാശരിയായ 68.5 ശതമാനത്തിലേയ്ക്ക്‌
താഴ്ത്തുമെന്നതാണോ നിങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മാറ്റം? അങ്ങനെയെങ്കില്‍ ഒന്നുകൂടി അറിയുക ആദിവാസി സ്ത്രീകളുടെ വിദ്യാഭ്യാസ ശരാശരിയിലും സംസ്ഥാന ശരാശരിയുടെ (71.6%) എത്രയോ പിറകിലാണ് രാജ്യത്തിന്റേത് (49.4%).

അധികാരം ലഭിച്ചാല്‍ ഒറ്റ വര്‍ഷം കൊണ്ട് ത്രിപുരയെ സമ്പന്നമാക്കുമെന്ന് പറയുന്ന അമിത് ഷാ അതിന് പഠിച്ചുവെച്ചിരിക്കുന്ന തന്ത്രങ്ങള്‍ ആദ്യം പറഞ്ഞുകൊടുക്കേണ്ടത്‌
നരേന്ദ്ര മോദിയ്ക്കാണ്. കാരണം ത്രിപുരയില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ജനങ്ങള്‍ 14.05 ശതമാനമാണെങ്കില്‍ മൂന്ന് വര്‍ഷമായി ബിജെപി ഭരണം തുടരുന്ന ഇന്ത്യയില്‍ ഇപ്പോഴുമത് 21.92 ശതമാനമാണ്. ബിജെപി തന്നെ ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ അത് 29.43 ശതമാനവും.

യുവാക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കാനൊരുങ്ങുന്ന ബിജെപി മറച്ചു പിടിക്കുന്നൊരു സത്യമുണ്ട്. ജനസംഖ്യാനുപാതികമായി നൂറില്‍ 12 പേര്‍ക്ക് ത്രിപുരയില്‍ തൊഴില്‍ ലഭിക്കുമ്പോള്‍ ഇന്ത്യയില്‍ അത് കേവലം 3 എന്ന സംഖ്യയില്‍ ഒതുങ്ങി നില്‍ക്കുകയാണിപ്പോഴും എന്നതാണത്. തൊഴിലുറപ്പ് പദ്ധതിയിലൂടെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക്‌ 80 മുതല്‍ 94 ദിവസം വരെ തൊഴില്‍ നല്‍കാന്‍, കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് മണിക് സര്‍ക്കാറിന് കഴിഞ്ഞെങ്കില്‍ ഇന്ത്യ ഭരിക്കുന്ന ബിജെപിയ്ക്ക്‌ 40 മുതല്‍ 49 ദിവസം വരെ തൊഴില്‍ നല്‍കാനെ കഴിഞ്ഞുള്ളു.

ഇനിയൊന്നു കൂടി. രാജ്യത്തിന്റെ ക്രമസമാധാന നിലയെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം
2018 ഫെബ്രുവരി ആറിന്‌ ലോക്‌സഭയില്‍ നല്‍കിയൊരു കണക്കുണ്ട്. ആ കണക്ക് പ്രകാരം 2014 മുതല്‍ 2017 വരെയുള്ള കാലയളവില്‍ രാജ്യത്ത് നടന്നത് 822 സാമുദായിക കലാപങ്ങളാണ്.

സംസ്ഥാനങ്ങള്‍ തിരിച്ച് കണക്കെടുക്കുകയാണെങ്കില്‍ 195 എന്ന നമ്പറുമായി ഒന്നാം സ്ഥാനത്ത് തന്നെയുണ്ട് ഉത്തര്‍ പ്രദേശ്. കഴിഞ്ഞ 10 വര്‍ഷക്കാലത്തെ കണക്കെടുക്കുകയാണെങ്കില്‍ 1488 വര്‍ഗീയ കലാപങ്ങളാണ് യു.പിയില്‍ നടന്നിട്ടുള്ളത്. മഹാരാഷ്ട്ര (940), കര്‍ണാടക (880), മധ്യപ്രദേശ് (862), ഗുജറാത്ത് (605) . ഒക്കെയും കണക്കുകളാണ് പൊള്ളയായ ആരോപണങ്ങളല്ല.

Global Restrictions on Religion Rise Modestly in 2015, Reversing Downward Trend

ലോകസഭ കണക്കുകൾ വർഷ ക്രമത്തിൽ താഴെ നിരത്തുന്നു..!!

1)http://164.100.47.193/Annexture_New/lsq15/5/au2545.htm(ആഗസ്റ്റ് 10, 2010 )

2)http://164.100.47.193/Annexture_New/lsq15/13/au6502.htm(മെയ് 7, 2013 )

3)http://164.100.47.193/Annexture_New/lsq16/3/au1606.htm( ഡിസംബർ 2, 2014)

4)http://164.100.47.190/loksabhaquestions/annex/12/AU3586.pdf(ആഗസ്റ്റ 8, 2017)

5)http://164.100.47.190/loksabhaquestions/annex/14/AU590.pdf(ഫെബ്രുവരി 8, 2018 )                                                                                                    ഇവിടേക്കൊക്കെയാണോ ത്രിപുരയേയും നിങ്ങള്‍ മാറ്റാനൊരുങ്ങുന്നത്? ഈ മാറ്റത്തിനാണോ ത്രിപുര നിങ്ങളെ തിരഞ്ഞെടുക്കേണ്ടത്…?