എക്കിള്‍ ഉണ്ടാവുന്നത് എങ്ങനെ? നിര്‍ത്താന്‍ പല വഴികള്‍

എക്കിള്‍ (Hiccups) ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. അമിതമായി ചിരിക്കുക, ധൃതിപിടിച്ച് ഭക്ഷണം കഴിക്കുക, ദഹനക്കുറവുണ്ടാവുക, ഏറെ എരിവുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കുക തുടങ്ങിയ അവസരങ്ങളില്‍ നമുക്ക് എക്കിള്‍ അനുഭവപ്പെടാറുണ്ട്. ഡയഫ്രത്തിലെ കോച്ചിവലിയാണ് എക്കിളിന് കാരണം. അതേസമയം, എക്കിള്‍ അമിതമാവുന്നത് അപകടകരമാകാറുണ്ട്.

 
ശരീരത്തിനകത്തുള്ള ഡയഫ്രത്തിലോ, അതിലേക്കുള്ള നാഡികളിലോ എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുമ്പോള്‍ ഡയഫ്രം പെട്ടന്ന് ചുരുങ്ങുകയും ഈ ചുരുങ്ങല്‍ തടയുന്നതിന് വേണ്ടി ചെറുനാക്ക് അടയുകയും ചെയ്യുന്നു. ചെറുനാക്കിന്റെ അടയലാണ് നമുക്ക് എക്കിളായി അനുഭവപ്പെടുന്നത്. എക്കിള്‍ ഒരു രോഗമല്ല. എന്നാല്‍ മെനഞ്ചറ്റിസ്, ന്യൂമോണിയ, യുറേമിയ എന്നീ രോഗങ്ങള്‍ ഉള്ളവര്‍ക്ക് തുടര്‍ച്ചയായി എക്കിള്‍ അനുഭവപ്പെടാറുണ്ട്.

 
ഭക്ഷണം കഴിക്കുന്നതിനിടെയും ശേഷവും അല്ലാത്ത സമയങ്ങളിലും എക്കിള്‍ അനുഭവപ്പെടാറുണ്ട്. എക്കിള്‍ അനിയന്ത്രിതമായി തുടര്‍ന്നാല്‍ അപകടം സംഭവിക്കാറുമുണ്ട്. ഇത് നിയന്ത്രിക്കുന്നതിനും നിര്‍ത്തുന്നതിനും പല മാര്‍ഗങ്ങള്‍ പരീക്ഷിക്കാം. ഇതില്‍ ഓരോ മാര്‍ഗത്തിന്റെയും പ്രായോഗികത അത് പരീക്ഷിക്കുന്ന വ്യക്തിയുടെ ശരീരം അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. സാധാരണ പ്രയോഗത്തിലുള്ള ചില മാര്‍ഗങ്ങളാണ് ചുവടെ പറയുന്നു.

  • ഒരു സ്പൂണ്‍ പഞ്ചസ്സാരയോ കല്‍ക്കണ്ടത്തരിയോ ചവച്ചരച്ച് കഴിക്കുക
  • എക്കിള്‍ അനുഭവപ്പെട്ടാലുടന്‍ മൂന്നു നാല് വായു ഗുളികകള്‍ ചവച്ചരച്ച് കഴിക്കുക.
  • മുക്കാല്‍ മിനിറ്റ് നേരത്തേക്ക് ശ്വാസം പിടിച്ചു നില്‍ക്കുക. തുടര്‍ന്ന് ശ്വാസം വിടുക.
  • ശ്വാസം വിടാതെ ഒരു ഗ്ലാസില്‍നിന്ന് പതിനഞ്ച് തവണ വെള്ളം വലിച്ചുകുടിക്കുക.
  • ഒരു തുണിയില്‍ ഐസ് ക്യൂബ് കെട്ടി വയറിനും നെഞ്ചിനുമിടയില്‍ ഉരോദരഭിത്തിയുടെ ഭാഗത്ത് ഏതാനും നിമിഷം വയ്ക്കുക.
  • മൂന്നു മണിക്കൂറിനു ശേഷവും ഈ മാര്‍ഗങ്ങളൊന്നും ഫലപ്രദമല്ലെന്നു കണ്ടാല്‍ എത്രയും വേഗം ഒരു ഡോക്ടറെ സമീപിക്കുക.