എഎൻ 32 വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തി; സ്ഥിരീകരിച്ച് വ്യോമസേന

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ മെചൂകയിൽ  കാണാതായ വ്യോമസേനയുടെ ചരക്കുവിമാനം എഎൻ 32 വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തി. അരുണാചലിലെ ലിപോ മേഖലയിലാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ഇതുവഴി പോകുകയായിരുന്ന ഇന്ത്യന്‍ വ്യോമസേനയുടെ തന്നെ എംഐ-17 ഹെലികോപ്‌റ്ററാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. വാര്‍ത്ത വ്യോമസേന സ്ഥിരീകരിച്ചു. വ്യോമസേനാംഗങ്ങള്‍ ഈ പ്രദേശത്ത് കൂടുതല്‍ തിരച്ചിലുകള്‍ നടത്തുകയാണ്. വിമാനത്തിന്റെ പാതയില്‍ നിന്ന് 15-20 കിലോമീറ്റര്‍ വടക്ക് മാറിയാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കാണാതായവരിൽ മൂന്നു മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ്  വിവരം.

അസമിലെ ജോർഹത് വ്യോമതാവളത്തിൽ നിന്ന് അരുണാചലിലെ ഷി യോമി ജില്ലയിലുൾപ്പെട്ട മേചുകയിലേക്കു കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.27 നു പുറപ്പെട്ട വിമാനം ഒരു മണിയോടെയാണു കാണാതായത്. 8 സേനാംഗങ്ങളും 5 യാത്രക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. ചൈന അതിർത്തിയിൽ നിന്ന് 35 കിലോമീറ്റർ അകലെയാണു മേചുക താവളം.