എം.വി ജയരാജന്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജനെ തിരഞ്ഞെടുത്തു. നിലവില്‍ ജില്ലാ സെക്രട്ടറിയായ പി.ജയരാജന്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിനെ തുടര്‍ന്നായിരുന്നു പാര്‍ട്ടിയുടെ തീരുമാനം.

പുതിയ ജില്ലാ സെക്രട്ടറിയായ എം.വി ജയരാജന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും,​ സി.പി.എം സംസ്ഥാന കമ്മറ്റി‌ അംഗവുമാണ്. ഇന്ന് ചേര്‍ന്ന ജില്ലാ കമ്മറ്റി‌യിലാണ് അദ്ദേഹം ജില്ലാ സെക്രട്ടറി സ്ഥാനത്തിന്റെ ചുമതലയേറ്റത്.

പാര്‍ട്ടി പ്രവര്‍ത്തകയായ യുവതിയുടെ പീഡനാരോപണത്തെ തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട ശേഷം പാര്‍ട്ടിയിലേക്ക് തിരികെയെത്തിയ മുന്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ശശി വീണ്ടും നേതൃനിരയിലേക്ക് എത്തും. കൂടാതെ ജില്ലാ കമ്മറ്റിയിലേക്ക് അദ്ദേഹത്തെ ഉള്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.