എം.എം.ഹസന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം നല്‍കിയേക്കും 

എം. മനോജ്‌ കുമാര്‍ 

തിരുവനന്തപുരം:    ജനമോചനയാത്രയുമായി മുന്നോട്ട് പോകുന്ന കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന് പ്രസിഡന്റ് സ്ഥാനം നഷ്ടമാകുമെങ്കിലും ഹസന്‍ അപമാനിതനായി പുറത്തു പോകേണ്ട സാഹചര്യം വരില്ലെന്ന് സൂചന.

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റുമ്പോള്‍ ഹസന് പകരം പദവി എന്ന  കാര്യത്തില്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട ആലോചനകളാണ് നടക്കുന്നത്. കെപിസിസി അധ്യക്ഷ സ്ഥാനം പോകുമ്പോള്‍    ഹസന്  യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം നല്‍കും  എന്നാണു സൂചനകള്‍.

ഒരു പ്രത്യേക സാഹചര്യത്തിലാണ് ഹസന്‍ കെപിസിസിയുടെ തലപ്പത്ത് എത്തുന്നത്. വി.എം.സുധീരന്‍ പൊടുന്നനെ സ്ഥാനം ഒഴിഞ്ഞപ്പോള്‍ ഹസനെ ആ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ നിയോഗിക്കുകയായിരുന്നു. ഒരു പ്രതിസന്ധി  ഘട്ടത്തില്‍  കെപിസിസിയുടെ ചുമതല ഏറ്റെടുത്ത് നല്ല രീതിയില്‍ കെപിസിസിയെ നയിച്ച ഹസനെ പൊടുന്നനെ ഇറക്കിവിടുന്നതില്‍ കോണ്‍ഗ്രസിനകത്ത് നിന്നും ശക്തമായ എതിര്‍പ്പുണ്ട്. ഇത് പരിഗണിച്ച്  ഒരു മികച്ച പദവി തന്നെ ഹസന് നല്‍കാനാണ് തീരുമാനം.

ഹസന് മികച്ച പദവി നല്‍കാന്‍ രണ്ടു കാരണങ്ങള്‍ കോണ്‍ഗ്രസിന് മുന്നിലുണ്ട്. ഒന്ന് ഹസന്‍ പ്രതിസന്ധി ഘട്ടത്തില്‍ കെപിസിസിയെ നല്ല രീതിയില്‍ നയിച്ചു. രണ്ടാമത് മുസ്ലിം സമുദായാംഗമായ ഹസന് ഒരു പദവി നല്‍കുകയും പെട്ടെന്ന് ഇറക്കിവിടുകയും ചെയ്യുന്നതില്‍ സമുദായത്തിന്നകത്ത് നിന്നും ഉയരുന്ന അസംതൃപ്തി.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പും അധികം വൈകാതെ ലോക്സഭാ തിരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ മുസ്ലിം സമുദായ വോട്ടുകള്‍ പാര്‍ട്ടിക്ക് നഷ്ടമാകാതിരിക്കണം. ഈ രണ്ടു കാരണങ്ങള്‍ മുന്നില്‍ നില്‍ക്കെ  സ്ഥാനചലനം വരുമ്പോള്‍ ഹസന് പുതിയ  പദവി എന്നതാണ് പാര്‍ട്ടിക്ക്  മുന്നിലുള്ളത്.

മുസ്ലിം സമുദായ പിന്തുണ ഇടത്ത് നിന്നും വലത്തോട്ട് തിരിയുന്നു എന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്ന സമയത്ത് ഹസനെ ഒഴിവാക്കുമ്പോള്‍ അത് തിരിച്ചടിക്കുമോ എന്ന ഭീതിയും കോണ്‍ഗ്രസിനകത്തുണ്ട്.

നിലവില്‍ യുഡിഎഫ് കണ്‍വീനറായ പി.പി.തങ്കച്ചന്‍ ശാരീരിക അസ്വാസ്ഥ്യങ്ങളുടെ പിടിയിലാണ്.

യുഡിഎഫ് യോഗം നടന്നാലും തങ്കച്ചനല്ല പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയാണ് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ എത്തുന്നത്. യുഡിഎഫ് യോഗം തങ്കച്ചന്‍ വിളിച്ചു കൂടുന്നത് തന്നെ തീരെ കുറവുമാണ്. തങ്കച്ചന്‍ ആണെങ്കില്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധനുമാണ്.

ഈ ഘട്ടത്തില്‍ യുഡിഎഫ് കണ്‍വീനര്‍ പദവി ഹസന് നല്‍കാനാണ് ആലോചന. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് ഹസന്‍ എത്തുമെന്ന് സൂചനയുള്ളപ്പോള്‍ രാജ്യസഭാ സീറ്റ് പ്രശ്നവും കോണ്‍ഗ്രസിനകത്ത് നിന്നും പുകയുന്നുണ്ട്. ജൂണ്‍ 30 ന് ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളില്‍ ഒന്ന് കോണ്‍ഗ്രസിന് ലഭിക്കുന്നതാണ്.

നിലവില്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനായ കുര്യന്റെ സീറ്റ് കുര്യന് തന്നെ നല്‍കാന്‍ സമ്മര്‍ദ്ദം ശക്തമാണ്. പക്ഷെ ഇനി കുര്യന് സ്ഥാനം  ഒഴിഞ്ഞു കൂടേയെന്ന മറു ചോദ്യവും ഒപ്പം മുഴങ്ങുന്നുണ്ട്.

ഈ സീറ്റിലേക്കും സ്ഥാനമോഹികള്‍ ഒരുപാടുണ്ട്. കോണ്‍ഗ്രസിന് അധികാരം നഷ്ടമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്. നേതാക്കള്‍ ഒരുപാടുണ്ട്. പലര്‍ക്കും സ്ഥാനമില്ല. ഈ ഘട്ടത്തിലാണ് രാജ്യസഭാ പദവി വരുന്നത്.

രാജ്യസഭാ സ്ഥാനത്തിനു അവകാശമുന്നയിച്ച് പല നേതാക്കളും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഈ സീറ്റ് കുര്യന് തന്നെയാണോ അതോ മറ്റു വല്ലവര്‍ക്കും പോകുമോ എന്ന കാര്യത്തിലും ആര്‍ക്കും ഒരുറപ്പുമില്ല. കോണ്‍ഗ്രസിന്റെ കയ്യിലുള്ള ഒരു അധികാര പദവി കൂടിയാണ് നിലവില്‍ കുര്യന്‍ വഹിക്കുന്നത്. രാജ്യസഭാ ഉപാധ്യക്ഷ പദവി. ഇത് പ്രതിപക്ഷത്തിനു അവകാശപ്പെട്ട പദവി കൂടിയാണ്.

കുര്യന്‍ ജയിച്ചു വന്നാല്‍ ഈ പദവി ഒരുപക്ഷെ കോണ്‍ഗ്രസിന്റെ കയ്യില്‍ തന്നെ അമരും.

കുര്യനോടു ബിജെപിയ്ക്ക് വലിയ എതിര്‍പ്പില്ല. ഈ കാര്യം ചൂണ്ടിക്കാട്ടി തന്നെയാണ് കുര്യന് വീണ്ടും സീറ്റ് നല്‍കരുത് എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാദിക്കുന്നത്.  കോണ്‍ഗ്രസ് നേതാവ് പി.സി.ചാക്കോയ്ക്കും ഈ സീറ്റില്‍ കണ്ണുണ്ട്. 2003-ല്‍ ചാക്കോയ്ക്ക് നഷ്ടപ്പെട്ട സീറ്റ് കൂടിയാണിത്.

രാഹുല്‍ ഗാന്ധിയോട് പുലര്‍ത്തുന്ന സവിശേഷ അടുപ്പം ഈ സീറ്റിനു ചാക്കോയ്ക്ക് കൂടി അര്‍ഹത ഉറപ്പാക്കുന്നുണ്ട്. പക്ഷെ രണ്ടു മാസം ഈ കാര്യത്തില്‍ കോണ്‍ഗ്രസിന് മുന്നിലുണ്ട്. അതുകൊണ്ട് തന്നെ പദവിയ്ക്ക് ചരട് വലിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സമയമുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ.ആന്റണിയുടെ അഭിപ്രായം ഈ കാര്യത്തില്‍  നിര്‍ണ്ണായകമാകും.

എന്തായാലും കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവമാണ്. ഒരു പ്രമുഖ നേതാവ് 24 കേരളയോട് പറഞ്ഞത് പോലെ തീരുമാനം ഡല്‍ഹിയില്‍ നിന്ന് തന്നെ വരണം. അപ്പോള്‍ മാത്രമേ ഈ സീറ്റുകള്‍ ആര്‍ക്കാണ് ലഭിക്കുക എന്ന് അറിയാന്‍ കഴിയൂ.