മോദി സര്‍ക്കാര്‍ എംഎല്‍എമാരെ എന്‍ഫോഴ്‌സ്‌മെന്റിനെ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തുന്നുവെന്ന് കുമാരസ്വാമി

ബംഗളൂരു: കര്‍ണാടകയില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഗുരുതര ആരോപണവുമായി ജെഡിഎസ് നേതാവ് എച്ച്‌.ഡി. കുമാരസ്വാമി. കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിങ്ങിനെ എന്‍ഫോഴ്‌സ്‌മെന്റ് ഭീഷണിപ്പെടുത്തിയെന്നു കുമാരസ്വാമി ബംഗളൂരുവില്‍ മാധ്യമങ്ങളോടു പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുവെന്ന് കുമാരസ്വാമി തുറന്നടിച്ചു.ഒരു എംഎല്‍എയെ ഡെല്‍ഹിയിലേക്കു ചാര്‍ട്ടേഡ് വിമാനത്തില്‍ കടത്തി. ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഇക്കാര്യം പ്രതിപക്ഷ പാര്‍ട്ടികളോടും മുഖ്യമന്ത്രിമാരോടും അഭ്യര്‍ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയനഗരയില്‍ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച്‌ ജയിച്ച ആനന്ദ് സിങ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബാണ് കോണ്‍ഗ്രസിലെത്തിയത്. റെഡ്ഡി സഹോദരന്മാരുടെ അടുത്ത സുഹൃത്തായ ആനന്ദ് സിങ് ടിപ്പു ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് ബിജെപിയുമായി അകന്നത്.

കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ജനങ്ങള്‍ക്കറിയാവുന്നതാണ്. അതിനാലാണ് എംഎല്‍എമാരെ സുരക്ഷിതരാക്കി മാറ്റി താമസിപ്പിച്ചിരിക്കുന്നതെന്നും കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.വിധാന്‍ സൗധയില്‍ നിന്നും രാജ്ഭവനിലേക്ക് മാര്‍ച്ച്‌ നടത്തുമെന്നും മുഴുവന്‍ ബിജെപി ഇതര പാര്‍ട്ടികളും പ്രതിപക്ഷ നേതാക്കളും മാര്‍ച്ചില്‍ പങ്കെടുക്കുമെന്നും കുമാരസ്വാമി അറിയിച്ചു.