‘എംഎല്‍എമാരില്‍ അവകാശമുന്നയിച്ച് റിസോര്‍ട്ടുകാര്‍’: പരിഹാസവുമായി പ്രകാശ് രാജ്

ബെംഗളൂരു: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത യെദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ വാജുഭായ് വാല നല്‍കിയിരിക്കുന്നത് 15 ദിവസം. ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് കോണ്‍ഗ്രസ്, ജെഡിഎസ് പാര്‍ട്ടികള്‍ എംഎല്‍എമാരെ ഒന്നടക്കം റിസോര്‍ട്ടുകളിലേക്കു മാറ്റിയിരിക്കുകയാണ്. കര്‍ണാടകയില്‍ നടക്കുന്ന ഈ നീക്കങ്ങളെയാണ് തെന്നിന്ത്യന്‍ ചലച്ചിത്ര താരം പ്രകാശ് രാജ് ട്വിറ്ററിലൂടെ പരിഹസിച്ചിരിക്കുത്.

‘കര്‍ണാടക ബ്രേക്കിങ് ന്യൂസ്…! ഹോളിഡേ റിസോര്‍ട്ട് മാനേജര്‍മാര്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. 116 എംഎല്‍എമാര്‍ അവരുടെ കൈവശമുണ്ടെന്നതാണു കാരണം… കളി ഇപ്പോള്‍ തുറന്നിരിക്കുകയാണ്. എല്ലാവരും രാഷ്ട്രീയത്തില്‍ റിസോര്‍ട്ട് കളിക്കുകയാണ്’ എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

സംഘപരിവാര്‍ നിലപാടുകള്‍ക്കെതിരെ എല്ലായിപ്പോഴും ശബ്ദമുയര്‍ത്തിയിട്ടുള്ള ഒരു നടനാണ് പ്രകാശ് രാജ്.