ഉള്ളു നോവുന്നൊരു ടെൻ ഇയർ ചലഞ്ച്‌

സിജി. ജി. കുന്നുംപുറം

10 വര്‍ഷ ചലഞ്ചിന്റെ ഭാഗമായി ചില ചിത്രങ്ങൾ ചിരി സമ്മാനിക്കുമ്പോൾ ഉള്ളു നോവിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ലക്ഷ്മി അഗർവാൾ ഈ ചലഞ്ചിന്റെ ഭാഗമായത്.
“നിങ്ങള്‍ എന്റെ മുഖത്തല്ല സ്വപ്നങ്ങളില്‍ ആസിഡ് ഒഴിച്ചു. നിങ്ങളുടെ ഹൃദയത്തില്‍ പ്രണയമായിരുന്നില്ല, ആസിഡായിരുന്നു”.

2014ല്‍ അന്താരാഷ്ട്ര തലത്തില്‍ ധീരതയ്ക്ക് നൽകുന്ന ഇന്റർനാഷണൽ വിമണ്‍ ഓഫ് കറേജ് അവാർഡ് സ്വീകരിച്ച് സദസിനു മുന്നില്‍ ലക്ഷ്മി പറഞ്ഞ വാക്കുകളാണിത്.

Related image

തെക്കൻ ഡൽഹിയിലെ ഒരു ദരിദ്രകുടുംബത്തിലായിരുന്നു ലക്ഷ്മി അഗർവാളിന്റെ ജനനം. പിതാവ്‌ ഒരു ധനിക കുടുംബത്തിലെ പാചകക്കാരനായിരുന്നു. എങ്കിലും ഉള്ളതുകൊണ്ട്‌ അവർ സസന്തോഷം ജീവിച്ചു. അവൾക്ക്‌ അന്ന്‌ പ്രായം 15. അയൽപക്കത്ത്‌ അവൾക്ക്‌ നല്ല ഒരു കൂട്ടുകാരിയുണ്ടായിരുന്നു. അവർ ഒരുമിച്ച്‌ പാട്ടുകൾ പാടി, നൃത്തംചെയ്തു. ചിത്രങ്ങൾ വരച്ചു. അപ്പോഴെല്ലാം അവളറിയാതെ മറ്റൊരാളുടെ കണ്ണുകൾ അവൾക്കൊപ്പമുണ്ടായിരുന്നു. നഹീംഖാൻ-ആ കൂട്ടുകാരിയുടെ 32-കാരനായിരുന്ന സഹോദരൻ.

പലപ്പോഴും അയാൾ ലക്ഷ്മിയോട് പ്രണയാഭ്യർഥന നടത്തി. ഓരോ തവണയും അവൾ നിരസിച്ചു. കുടുംബങ്ങൾക്കിടയിലെ സൗഹൃദം തകർക്കരുതെന്ന്‌ അഭ്യർഥിച്ചു. ഒന്നും ചെവിക്കൊള്ളാൻ അയാൾ തയ്യാറായിരുന്നില്ല. ഒരുദിവസം, ലക്ഷ്മിയുടെ ചിരികളിലേക്ക്‌ അയാൾ അഗ്നി കോരിയൊഴിച്ചു. ഖാന്‍ മാർക്കറ്റിൽ ഒരു പുസ്തകം വാങ്ങാന്‍ പോയപ്പോഴാണ് ഡൽഹിയിലെ തിരക്കേറിയ ഒരു കവലയിലെ ബസ്‌സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ലക്ഷ്മിയുടെ മുഖലാവണ്യത്തെ ആ നരാധമൻ ആസിഡ്‌ ഒഴിച്ച്‌ വികൃതമാക്കിയത്.
ബസ്‌സ്റ്റോപ്പിൽ കൂടി നിന്നവർ നാലുപാടും ചിതറിയോടി. ആരും അവൾക്കരികിലേക്ക്‌ വരാനോ സഹായിക്കാനോ ധൈര്യപ്പെട്ടില്ല. അതിവേഗം വിനാശം വിതയ്ക്കുന്ന ആസിഡ്‌ അവളുടെ മുഖം, ചെവി, കൈത്തണ്ടകൾ എന്നിവയെ കരിച്ചുകളഞ്ഞു.
അതുവഴി കടന്നുവന്ന ഒരു രാഷ്ട്രീയനേതാവിന്റെ ഡ്രൈവറാണ്‌ അവസാനം ലക്ഷ്മിയെ ആശുപത്രിയിൽ എത്തിച്ചത്‌.

Related image

നീണ്ട പത്താഴ്ചകളുടെ ആശുപത്രി വാസം . ഏഴ്‌ ശസ്ത്രക്രിയകൾ. അതിനായി മുഖചർമ്മം
പൂർണമായും നീക്കം ചെയ്യേണ്ടിയിരുന്നു.
ആശുപത്രി വിട്ടപ്പോഴും നിലനിന്നിരുന്ന ശാരീരിക വേദനയോട്‌ അപ്പോഴേക്കും അവൾ സമരസപ്പെട്ടുകഴിഞ്ഞിരുന്നു. പക്ഷേ, മനസ്സിന്റെ വേദന താങ്ങാനാവാത്തതായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും അവളുടെ വീട്ടിലേക്ക്‌ വരാതായി. ഏറെനാൾ അവൾ അടച്ചിട്ട മുറിക്കുള്ളിൽ ഇരുട്ടിന്‌ കൂട്ടിരുന്നു. അവളുടെ ജീവിതത്തിന്റെ നിറംകെടുത്തിയ നഹീംഖാന്റെ തുടർജീവിതത്തിന്റെ ജാതകമാണ്‌ അതിലേറെ വേദനിപ്പിച്ചത്‌.

ഒരു മാസത്തിനുള്ളിൽ ജാമ്യംനേടി പുറത്തിറങ്ങിയ അയാൾ വിവാഹം കഴിച്ചു.
ആ വാർത്ത ലക്ഷ്മിയിൽ വലിയ മാറ്റങ്ങൾ വരുത്തി. അവൾ ഇരുട്ടിനെ വകഞ്ഞുമാറ്റി വെളിച്ച ത്തിലേക്ക്‌ ഇറങ്ങിനടന്നു. മുഖം മറയ്ക്കാതെ. ആസിഡിനാൽ കരിനിഴൽവീണ ആ മുഖം തൂവാലയുടെ പോലും മറയില്ലാതെ സമൂഹത്തിലേക്ക്‌ ഇറങ്ങിവന്നു. മുന്നോട്ടുള്ള ജീവിതത്തിന്‌ ഒരു തൊഴിൽ വേണം. അതിനായി പലയിടങ്ങളിലും കയറിയിറങ്ങി. ആസിഡിന്‌ തൊടാൻ കഴിയാത്ത ആത്മധൈര്യമായിരുന്നു കൈമുതൽ.

ആസിഡിനാൽ മുഖം വികൃതമായവളെ പക്ഷേ ആർക്കും വേണ്ടായിരുന്നു.
ജീവിതത്തോട് തിരിച്ചു യുദ്ധം ചെയ്യാനായിരുന്നു അവളുടെ തീരുമാനം. സീനിയര്‍ സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കാനും കംപ്യൂട്ടര്‍ കോഴ്‌സില്‍ പങ്കെടുക്കാനും വീട്ടുകാര്‍ സഹായിച്ചു.

Related image

ജീവിതത്തിലുണ്ടായ എല്ലാ മാനസിക പീഡനങ്ങൾക്കും അവളുടെ ശരീരത്തിനേറ്റ പൊള്ളലുകള്‍ക്കും അവളെ തളർത്താൻ കഴിയാതെ പോയത് അങ്ങനെയാണ്.

പിന്നീട്‌ ലക്ഷ്മിയുടെ ജീവിതം പൊരുതാനുള്ളതായി. അവൾ വക്കീലിനെക്കണ്ട്‌ സുപ്രീംകോടതിയിൽ വീണ്ടും കേസ്‌ നൽകി. പതുക്കെപ്പതുക്കെ രാജ്യത്തിന്റെ മറ്റിടങ്ങ ളിലുണ്ടായിരുന്ന ആസിഡ്‌ ആക്രമണ ഇരകളുമായി ബന്ധം സ്ഥാപിച്ചെടുത്തു. ആക്രമണത്തിൽ കാഴ്ച നഷ്ടപ്പെട്ടവർ, കേൾവിശക്തി നഷ്ടപ്പെട്ടവർ, ശസ്ത്രക്രിയയെക്കുറിച്ച്‌ ചിന്തിക്കാൻപോലും സാമ്പത്തികശേഷി ഇല്ലാത്തവർ…
അവിടെനിന്നാണ്‌ ‘സ്റ്റോപ്പ്‌ ആസിഡ്‌ അറ്റാക്സ്‌’ (Stop Acid Attacks-SAA)) എന്ന കാമ്പയിൻ ജന്മമെടുക്കുന്നത്‌. ലക്ഷ്മി ഒരു ഓൺലൈൻ പരാതി തയ്യാറാക്കി. 27,000 പേർ അതിൽ ഒപ്പുവെച്ചു. അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന സുശീൽകുമാർ ഷിൻഡെയ്ക്ക്‌ അത് സമർപ്പിച്ചു. ആസിഡ്‌ ആക്രമണങ്ങളിൽപ്പെട്ട്‌ നരകജീവിതം നയിക്കുന്നവരുടെ പരിമിതമായ ചില ആവശ്യങ്ങൾ അടങ്ങിയതായിരുന്നു ആ നിവേദനം.

ലക്ഷ്മിയുടെ നിയമപോരാട്ടങ്ങൾ പതുക്കെ ഫലം കണ്ടുതുടങ്ങി. നഹീംഖാന്‌ കോടതി ഏഴുവർഷം തടവുശിക്ഷ വിധിച്ചു. വർധിച്ച് വരുന്ന ആസിഡ് ആക്രമണങ്ങൾക്ക് തടയിടാന്‍ പരിഹാരം കണ്ടെത്തണമെന്ന് ചൂണ്ടിക്കാട്ടിയാണ് ലക്ഷ്മി പൊതുതാല്പര്യ ഹർജി സമർപ്പിച്ചത് . ഇതിന്റെ ഫലമായി 2013 ജൂലൈ 18-ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നു-ആസിഡ് വില്പനയിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട്.

പതിനെട്ട് വയസ്സ് പൂർത്തിയാക്കിയവർക്ക് മാത്രമേ ആസിഡ് വിൽക്കാവൂ എന്നും, ആസിഡ് വാങ്ങുന്നതിന് തിരിച്ചറിയല്‍ കാർഡ് നിർബന്ധമാക്കണമെന്നും ഉത്തരവില്‍ പരാമർശിച്ചിരുന്നു.

Image result for lekshmi agarval acid

ആസിഡ്‌ ആക്രമണം ജാമ്യംലഭിക്കാത്ത കുറ്റമായി മാറി. ആക്രമണത്തിന്റെ തീവ്രതയനുസരിച്ച്‌ ശിക്ഷ അഞ്ചുമുതൽ പത്തുവർഷം വരെയാകാമെന്ന്‌ നിയമ ഭേദഗതിയുണ്ടായി. ആസിഡ്‌ ആക്രമണങ്ങൾക്ക്‌ ഇരകളാകുന്നവർക്ക്‌ മൂന്നുലക്ഷം രൂപ വീതം നഷ്ടപരിഹാരം അതത്‌ സംസ്ഥാനങ്ങൾ നൽകണമെന്ന്‌ സുപ്രീംകോടതി വിധി വന്നു.

ആ നിയമപോരാട്ടങ്ങളുടെ ചരിത്രവിജയങ്ങൾ ലക്ഷ്മിയെ 2014-ൽ വൈറ്റ്‌ഹൗസ്‌ വരെ എത്തിച്ചു. മിഷേൽ ഒബാമയുടെ സാന്നിധ്യത്തിൽ ഇന്റർനാഷണൽ വുമൺ ഓഫ്‌ കറേജ്‌ അവാർഡ്‌ ഏറ്റുവാങ്ങാനായിരുന്നു അത്‌. എൻ.ഡി.ടി.വി.യുടെ ഇന്ത്യൻ ഓഫ്‌
ദ ഇയർ പുരസ്കാരവും അതേ കാലയളവിൽത്തന്നെ ലക്ഷ്മി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്ന ലക്ഷ്മി അഗർവാളിനെ തേടിയെത്തി.
ആമിർഖാന്റെ പ്രശസ്തമായ ‘സത്യമേവ ജയതേ’ എന്ന ടെലിവിഷൻ പരിപാടിയിൽ ലക്ഷ്മി പ്രത്യക്ഷപ്പെട്ടു.

ആ പരിപാടിയുടെ പ്രക്ഷേപണം കഴിഞ്ഞ്‌ ഏറെ വൈകാതെ നടൻ മമ്മൂട്ടി പാലക്കാട്ടുള്ള പതഞ്ജലി ആയുർവേദ ചികിത്സാലയത്തിൽ ലക്ഷ്മിക്കുവേണ്ട ചികിത്സ ഏർപ്പാടാക്കി.
സ്റ്റോപ്പ്‌ ആസിഡ്‌ അറ്റാക്സ്‌ കാമ്പയിന്റെ കനൽവഴികളിൽ വെച്ചാണ്‌ ലക്ഷ്മി അലോക്‌ ദീക്ഷിതിനെ കണ്ടുമുട്ടുന്നത്‌. വിമുക്തഭടനായ അലോക്‌ അക്കാലത്ത്‌ ഒരു ന്യൂസ്‌
ചാനലിൽ ജേർണലിസ്റ്റും അറിയപ്പെടുന്ന ഒരു ആക്ടിവിസ്റ്റുമായി മാറിക്കഴിഞ്ഞിരുന്നു. ആ പരിചയവും ഒരുമിച്ചുള്ള പ്രവർത്തനങ്ങളും പ്രണയത്തിലേക്ക്‌ വളർന്നു. ഇന്ന്‌ അവർ ഒരുമിച്ച്‌ ജീവിക്കുന്നു. പരസ്പരം സ്‌നേഹിക്കുന്ന രണ്ടു പേർക്ക് ഒരുമിച്ച് ജീവിക്കാന്‍ ഒരു വിവാഹ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ദീക്ഷിത് പറഞ്ഞു .കൂടാതെ വിവാഹമെന്ന സങ്കല്പത്തിൽ ഇരുവരും വിശ്വസിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ ലിവിംഗ് ടുഗദറാണ്. ഇങ്ങനെ തന്നെ തുടർന്ന് പോകാനാണ് തീരുമാനമെന്നും ദീക്ഷിത് കൂട്ടിച്ചേർത്തു .

Related image

അവരുടെ സന്തോഷത്തിലേക്ക്‌ മൂന്നാമതൊരാൾ വന്നിരിക്കുന്നു-മകൾ പിഹു. 2013-ൽ ലക്ഷ്മിയും അലോകും മറ്റ്‌ സമാന മനസ്കരും ചേർന്ന്‌ ഛാൻവ്‌ ഫൗണ്ടേഷന്‌ രൂപംനൽകി. ഇന്ന്‌ ഈ സംഘടന ആസിഡ്‌ ഇരകളുടെ മുന്നോട്ടുള്ള ജീവിതത്തിന്‌ ആശ്രയവും അഭയവുമായി മാറിയിരിക്കുന്നു. ടെക്സ്റ്റൈൽ ഷോപ്പുകളുടെയും ജൂവലറികളുടെയും പരസ്യങ്ങൾക്ക് മോഡലാവുക സാധാരണ ചലച്ചിത്ര താരങ്ങളും മോഡലുകളുമായ സുന്ദരിമാരാണെങ്കില്‍ ഗുജറാത്ത് ആസ്ഥാനമായുള്ള വിവ ആൻഡ്‌ ദിവ (Viva and Diva) എന്ന ഫാഷൻ ബോർഡിന്റെ സാരഥി മന്നാൻ ഷായുടെ നിശ്ചയദാർഢ്യം കണ്ട് കൂടെ യുണ്ടായിരുന്നവർ ഞെട്ടി:

അതിസുന്ദരിമാരുടെ കേളീരംഗമായ പരസ്യമേഖലയിൽ ഷാ തികച്ചും വ്യത്യസ്തമായ ഒരു പരീക്ഷണത്തിന്‌ മുതിരുകയായിരുന്നു. ഒരു നരാധമന്റെ ആസിഡ് ആക്രമണത്തിൽ മുഖം തകർന്ന ലക്ഷ്മി എന്ന പെൺകുട്ടി അങ്ങനെ ക്യാമറയ്ക്കുമുന്നിൽ നിന്നു. ‘ഫെയ്‌സ്‌ ഓഫ്‌ കറേജ്‌’ (Face of courage) എന്ന്‌ പേരിട്ട ആ കാമ്പയിൻ അങ്ങനെ ലക്ഷ്മിയുടെ ആത്മധൈര്യത്തിന്റെയും പരസ്യമേഖലയുടെ ഒരു പുതിയ ചുവടുവയ്പിന്റെയും വേദിയായി.
പരസ്യചിത്രത്തിന്‌ മോഡലാകാനുള്ള ക്ഷണം കിട്ടിയപ്പോൾ ലക്ഷ്മിക്ക്‌ ആദ്യം വിശ്വസിക്കാനായില്ല.

Related image

‘‘സൗന്ദര്യം കേവലം ബാഹ്യമല്ല. മുഖമല്ല സൗന്ദര്യ ത്തിന്‌ നിദാനം. അത്‌ ഹൃദയത്തിന്റെ നന്മയാണ്‌. ഈ ഉദ്യമം വിജയിച്ചാൽ ഇന്ന്‌ മുഖപടമണിഞ്ഞ്‌ ഇരുട്ടിൽ അഭയം പ്രാപിച്ചിരിക്കുന്ന ഒരുപാട്‌ പെൺകുട്ടികൾ അത്‌ പൊളിച്ച്‌ പുറത്തുവരും. അത്‌ അവർക്ക്‌ വരുമാനം നൽകും. നല്ല ജീവിതവും’’,

സുമനസ്സായ ഷാ, ലക്ഷ്മിയോട്‌ പറഞ്ഞു. ആ പരസ്യചിത്രം ചുരുങ്ങിയ കാലയളവിൽത്തന്നെ വലിയ ചർച്ചയും വിജയവുമായി മാറിക്കഴിഞ്ഞിരിക്കുന്നു.

സൗന്ദര്യം നിറത്തിലോ സൗന്ദര്യത്തിലോ അല്ല മറിച്ച് മനസിലാണ് എന്ന മഹത്തായ സന്ദേശം കൂടിയാണ് കമ്പനി ഈ പരസ്യത്തിലൂടെ പുറം ലോകത്തിനു മുന്നില്‍ എത്തിച്ചത്. റിയല്‍ ബ്യൂട്ടി ലൈസ് ഇന്‍ ദി ഐസ് എന്ന ടാഗ് ലൈനിലാണ് പരസ്യം പുറത്തിറക്കിയത്. ആസിഡ് ആക്രമണം പോലുള്ള ജീവിതം തകർക്കുന്ന ദുരിതത്തെ അതിജീവിച്ചു ലോകത്തിനു മുന്നില്‍ മാതൃകയാവുകയാണ് തന്റെ ജീവിതത്തിലൂടെ ലക്ഷ്മി ചെയ്യുന്നത്.

ആസിഡ് ആക്രമണങ്ങള്‍ ചെറുക്കാന്‍ ആളുകൾക്ക് പുതിയ പാഠങ്ങള്‍ പറഞ്ഞു കൊടുക്കുകയാണിപ്പോള്‍ ലക്ഷ്മി. ‘സ്‌പോട്ട് ഓഫ് ഷേം'(നാണക്കേടിന്റെ കളങ്കം), ബ്ലാക്ക് റോസ് ക്യാമ്പെയ്ന്‍ തുടങ്ങിയവയാണ് ലക്ഷ്മി നടത്തുന്ന പ്രധാന പ്രചാരണ പരിപാടികള്‍. ഇതൊടൊപ്പം ഷീറോസ് ഹാംഗൗട്ട് എന്ന പേരില്‍ ഒരു കഫെയും നടത്തുന്നു. ലക്ഷ്മി, ലക്ഷ്മിയുടെ ഭർത്താവും സാമൂഹിക പ്രവർത്തകനുമായ അലോക്, കാർട്ടൂണിസ്റ്റ് ഹാഷിം ത്രിവേദി എന്നിവരും ചാന്വ് ഫൗണ്ടേഷന്‍ എന്ന എന്ജി ഒയുമാണ് ഈ കഫെ സംരംഭത്തിന് പിന്നില്‍. 2014 ഡിസംബറിൽ ആഗ്ര ആസ്ഥാനമായാണ് ഷിറോസ് ഹാങ്ങൌട്ട് പ്രവർത്തനമാരംഭിച്ചത്. ആഗ്രയില്‍ താജ് മഹലിന് അടുത്താണ് കഫെ സ്ഥിതി ചെയ്യുന്നത്. ആദ്യം കഫെ മാത്രമായാണ് ആരംഭിച്ചത് എങ്കിലും ഇപ്പോൾ വിശാലമായ ഒരു ലൈബ്രറിയും കൂടെ ഒരുക്കിയിട്ടുണ്ട്.
സ്ത്രീശാക്തീകരണത്തെക്കുറിച്ചുള്ള ജേണലുകളും പുസ്തകങ്ങളും തന്നെയാണ് ഈ വായനാമുറിയുടെ പ്രധാന ആകർഷണം.

ഇന്ത്യയുടെ വ്യത്യസ്തങ്ങളായ രുചികൾ കോർത്തിണക്കിയുള്ള ഭക്ഷണമാണ് പ്രധാന പ്രത്യേകത മാത്രമല്ല, ഷിറോസ് ഹാങ്ങൌട്ടിനോട് അനുബന്ധമായി ബൂട്ടിക്ക് , കരകൗശലവസ്തുക്കളുടെ വിൽപ്പന, പാർട്ടി സ്പേസ് , എന്നിവയും ഒരുക്കിയിരിക്കുന്നു. ഷിറോസ് ഹാങ്ങൌട്ട് ആരംഭിച്ചതോടെ മനക്കരുത്തും വർദ്ധിച്ചു. രൂപയും ഋതുവും ഫാഷൻ ഡിസൈനിംഗ് എന്ന തങ്ങളുടെ ആഗ്രഹം മുന്നോട്ടു കൊണ്ട് പോകാൻ തുടങ്ങി.
സ്വന്തമായി സ്റ്റിച്ചിങ്ങ് യൂണിറ്റ്, ബൂട്ടിക്ക് എന്നിവ ആരംഭിച്ചു. രൂപ തന്റെ ഡിസൈനർ വസ്ത്രങ്ങളുടെ പ്രദർശനവുമായി റാമ്പിൽ എത്തി . തങ്ങളുടെ ധീരമായ കാൽവെപ്പുകൾ ഒരടികൂടി മുന്നോട്ട്‌ വച്ച്‌ അന്താരാഷ്ട്ര വസ്ത്രവ്യാപാര ശൃംഖലയായ മാക്സ് സംഘടിപ്പിച്ച ഫാഷൻഷോയിലും ഇവർ ഈയിടെ പങ്കെടുത്ത്‌ ചരിത്രം കുറിച്ചു.

ആഗ്രയിൽ ആരംഭിച്ച ഷിറോസ് ഹാങ്ങൗട്ട് എന്ന ആദ്യ കഫെ വിജയിച്ചതോടെയാണ് ഇവരെ ലോകം അറിയാൻ തുടങ്ങിയത്. ഷിറോസ് ഹാങ്ങൗട്ട് ഹിറ്റായതോടെ ഇന്ത്യയുടെ വിവിധ ഭാഗത്ത് നിന്നും ആസിഡ് ആക്രമണത്തിന് ഇരകളായ യുവതികൾ ഷിറോസ് ഹാങ്ങൗട്ടിന്റെ ഭാഗമാകാൻ എത്തി. അതോടെ ആഗ്രയിൽ നിന്നും ഇൻഡോർ നഗരത്തിലേക്കും ഷിറോസ് ഹാങ്ങൗട്ട് പറന്നു. അവിടെയും വിജയം കണ്ടെത്താൻ ആയതോടെ ഉദയ്പൂർ നഗരത്തിലേക്ക് ചേക്കേറുകയാണ് ആസിഡ് തകർക്കാത്ത ആത്മ വീര്യവുമായി ഈ പെൺകിടാങ്ങൾ.

‘സമൂഹമാണ് സ്ത്രീകൾക്ക് എതിരേയുള്ള അതിക്രമങ്ങള്‍ ഉടലെടുക്കാ
നും വളരാനും സാഹചര്യം ഒരുക്കുന്നത്. എല്ലാവരും അവർക്ക് എന്തെങ്കിലും സംഭവിക്കുമ്പോള്‍ മാത്രമേ ഇത്തരം അതിക്രമങ്ങളെ അപലപിക്കുന്നുള്ളു. മറ്റുള്ളവരുടെ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് അറിയാനേ ശ്രമിക്കുന്നില്ല. ഇത് വിചിത്രമാണ് “. ലക്ഷ്മി ചൂണ്ടിക്കാട്ടുന്നു.
ദീപിക പദുകോണ്‍ നായികയായ ‘ഛപാക്’ എന്ന ചലച്ചിത്രം ലക്ഷ്മിയുടെ ജീവിതം പ്രമേയമാക്കിയുള്ളതാണ്.