ഉറുദു കവി ഗൗഹര്‍ റാസയെ അപമാനിച്ചു; സീ ന്യൂസിനെതിരെ നടപടി

ന്യൂഡല്‍ഹി: ശാസ്ത്രജ്ഞനും ഉറുദു കവിയുമായ ഗൗഹര്‍ റാസ സീ ന്യൂസിനെതിരെ നല്കിയ പരാതിയില്‍ ചാനലിനെതിരെ നടപടി. റാസയെ ‘അഫ്‌സല്‍ പ്രേമി ഗാംഗി’ലെ അംഗം എന്നു വിളിച്ചതിനെതിരെ ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിക്ക് (എന്‍.ബി.എസ്.എ) ലഭിച്ച പരാതിയിലാണ് വിധി. 2018 ഫെബ്രുവരി 16-നു രാത്രി 9 മണിക്ക് ചാനലിലൂടെ മാപ്പ് പറയാനും എഴുതികാണിക്കാനുമാണ് എന്‍.ബി.എസ്.എ നിര്‍ദേശിച്ചിരിക്കുന്നത്. ഏഴു ദിവസത്തിനുള്ളില്‍ 1 ലക്ഷം രൂപ ചാനല്‍ കെട്ടിവെയ്ക്കണം.

ഒരു ചാനലിന് എന്‍.ബി.എസ്.എ നല്‍കുന്ന ഏറ്റവും വലിയ ശിക്ഷയാണ് ഇത്. പരാതിയെ തുടര്‍ന്ന് മാപ്പ് പറയാന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും ചാനല്‍ അതിനെതിരെ അപ്പീല്‍ നല്‍കി. ചാനല്‍ നല്‍കിയ ഈ അപ്പീല്‍ കഴിഞ്ഞ ശനിയാഴ്ച എന്‍.ബി.എസ്.എ തള്ളി. അശോക് വാജ്‌പേയീ, ശര്‍മിള ടാഗോര്‍, ശുഭ മുദ്ഗാല്‍, സായിദ ഹമീദ് എന്നീ പ്രശസ്ത വ്യക്തികള്‍ക്കൊപ്പമാണ് റാസ പരാതി നല്കിയത്. അഭിഭാഷകയായ വൃന്ദ ഗ്രോവറാണ് ഇവര്‍ക്കുവേണ്ടി എന്‍.ബി.എസ്.എയില്‍ ഹാജരായത്. മാപ്പപേക്ഷ വ്യക്തമായി കേള്‍ക്കാന്‍ കഴിയുന്ന ശബ്ദത്തിലായിരിക്കണമെന്നും വലിയ അക്ഷരത്തില്‍ സാവധാനത്തില്‍ എഴുതി കാണിക്കണമെന്നുമാണ് നിര്‍ദേശം.

2016 മാര്‍ച്ച് 9-നും മാര്‍ച്ച് 12-നും ഇടയ്ക്ക് ‘അഫ്‌സല്‍ പ്രേമി ഗാംഗ് കാ മുശായിര’, ‘പോയട്രി നൈറ്റ് ഓണ്‍ ദി ലവ് ഫോര്‍ അഫ്‌സല്‍ ഗുരു ഗാംഗ്’ എന്നീ പരിപാടികള്‍ സീ ന്യൂസ് സംപ്രേഷണം ചെയ്തിരുന്നു. ഇന്ത്യയിലും പാകിസ്ഥാനിലും നിന്നുള്ള ഉറുദു കവികളുടെ വേദിയായ 51-ാമത് ശങ്കര്‍ ഷാദ് മുഷായിരയില്‍ റാസ തന്റെ മൂന്നു കവിതകള്‍ വായിക്കുന്നത് ആ പരിപാടിയില്‍ കാണിച്ചിരുന്നു. നാടക പ്രവര്‍ത്തകനായ സഫ്ദര്‍ ഹാഷ്മിയെക്കുറിച്ചും 2010ല്‍ ഇറാഖില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചുമായിരുന്നു റാസയുടെ കവിതകള്‍. സമീപകാലത്ത് നല്‍കിയ അഭിമുഖത്തില്‍ ദേശീയതാവാദത്തിന്റെ പേരില്‍ സമൂഹത്തില്‍ വെറുപ്പ് വളര്‍ത്തുന്നതിനും മാധ്യമ മര്യാദകള്‍ ലംഘിക്കുന്നതിനും റാസ ചാനലിനെ കുറ്റപ്പെടുത്തിയിരുന്നു.

ഗൗഹര്‍ റാസ ഖാനെയും ജെ.എന്‍.യു അധ്യാപികയും സ്ത്രീ വിമോചന പ്രവര്‍ത്തകയുമായ നിവേദിത മേനോനെയും ദേശദ്രോഹികളായി മുദ്രകുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ സാമൂഹ്യ രാഷ്ട്രീയ അക്കാദമിക രംഗത്തെ പ്രമുഖര്‍ വരികയും ചെയ്തിരുന്നു.

എന്‍.ബി.എസ്.എ നിര്‍ദ്ദേശിച്ച മാപ്പപേക്ഷ ഇപ്രകാരമാണ്:
”9.3.2016 മുതല്‍ 12.3.2016 വരെ, ന്യൂഡല്‍ഹിയില്‍ 5.3.2016-നു നടന്ന വാര്‍ഷിക (ഇന്തോ-പാക്) ശങ്കര്‍ ഷാ മുഷായിരയില്‍ പ്രൊഫ. ഗൌഹര്‍ റാസയുടെ കാവ്യാലാപനത്തെക്കുറിച്ച് ‘അഫ്‌സല്‍ പ്രേമി ക മുഷായിര’ എന്ന പേരില്‍ സംപ്രേഷണം ചെയ്ത പരിപാടി/വാര്‍ത്തക്കിടയില്‍ ഉപയോഗിച്ച അടിക്കുറിപ്പുകളില്‍ സീ ന്യൂസ് ഖേദിക്കുന്നു. പ്രൊഫ. ഗൌഹര്‍ റാസയെയും പരിപാടിയില്‍ പങ്കെടുത്തവരെയും ‘അഫ്‌സല്‍ പ്രേമി ഗാംഗ്’ എന്നു വിളിച്ചതിലും സീ ന്യൂസ് ഖേദിക്കുന്നു.”