‘ഉറങ്ങാതെ’ സുപ്രീം കോടതി; ഇതിനുമുമ്പും ഇതുപോലെ വിധികള്‍


ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഗവര്‍ണറുടെ തീരുമാനത്തിനെതിരായി കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചത് ഇന്നലെ രാത്രി. ഒടുവില്‍ യെദ്യൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാമെന്ന വിധി വന്നത് പുലര്‍ച്ചെയും.

ഇതാദ്യമായല്ല പരമോന്നത കോടതി വിധികള്‍ക്കായി രാജ്യം ഉറക്കമിളച്ച് കാത്തിരിക്കുന്നത്. യാക്കൂബ് മേമനു വധശിക്ഷ വിധിക്കുന്നതിനും നിഥാരി കൂട്ടക്കൊലക്കേസിലെ വിധിയുമെല്ലാം സുപ്രീം കോടതി പ്രഖ്യാപിച്ചത് പുലര്‍ച്ചെയായിരുന്നു. യാക്കൂബ് മേമനെ തൂക്കിക്കൊല്ലാന്‍ കോടതി വിധിച്ചപ്പോള്‍ നിഥാരി കേസിലെ പ്രതി സുരീന്ദര്‍ കോലിയുടെ വധശിക്ഷ റദ്ദാക്കുകയായിരുന്നു കോടതി ചെയ്തത്.

കര്‍ണാടകയില്‍ ഗവര്‍ണര്‍ക്കെതിരായ കോണ്‍ഗ്രസിന്റെ അപേക്ഷ സുപ്രീംകോടതി രാത്രിയേറെ വൈകി പരിഗണിച്ചപ്പോള്‍ ചരിത്രത്തില്‍ തൊട്ടുപിന്നിലുള്ളത് മുംബൈ സ്‌ഫോടനകേസിലെ ഒന്നാംപ്രതി യാക്കൂബ് മേമനു വധശിക്ഷ വിധിക്കാനായി 2015 ജൂലൈ 30നു പുലര്‍ച്ചെ സുപ്രീംകോടതി കൂടിയതാണ്. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതോടെ 29നു രാത്രി 10.30നു യാക്കൂബ് മേമനു വേണ്ടി പുതിയ ഹര്‍ജിയെത്തുകയായിരുന്നു. ഇത് ദീപക് മിശ്രയുടെ മൂന്നംഗ ബെഞ്ചിനാണു ചീഫ് ജസ്റ്റിസ് കൈമാറിയത്.

2015 ജൂലൈ 30ന് പുലര്‍ച്ചെ 2.15ന് ഹര്‍ജി പരിഗണിക്കുന്നതിനു കോടതി ചേര്‍ന്നു. അവസാന ഹര്‍ജിയും തള്ളി 4.55നു വിധിയെത്തി. പുലര്‍ച്ചെ 6.43നു മേമന്റെ വധശിക്ഷയും നടപ്പാക്കി. നിഥാരി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി സുരീന്ദര്‍ കോലിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയതും ഇത്തരത്തില്‍ പുലര്‍ച്ചെ ചേര്‍ന്നാണ്. വധശിക്ഷ നടപ്പാക്കുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പാണു 2014 സെപ്റ്റംബര്‍ എട്ടിനു പുലര്‍ച്ചെ 1.40നു ജസ്റ്റിസുമാരായ എച്ച്.ആര്‍.ദത്തു, എ.ആര്‍.ദാവെ എന്നിവരുടെ ബെഞ്ച് ശിക്ഷ റദ്ദാക്കിയത്.