ഉരുളക്കിഴങ്ങിന്റെ കഥയും അയർലണ്ടിന്റെ കണ്ണുനീരും 

സതീശൻ കൊല്ലം

ഇന്നു ഭാര്യ ഉരുളക്കിഴങ്ങിന്റെ വിലയെക്കുറിച്ചു പറഞ്ഞപ്പോഴാണ് അതിന്റെ കഥ പറഞ്ഞാലോ എന്നാലോചിച്ചത് .അവശ്യവസ്തുവായ ഉരുളക്കിഴങ്ങിന്റെ വില ക്രമാതീതമായി വർദ്ധിച്ചാൽ ഭരണകൂടം പോലും തകർന്നു പോകുന്നതാണ് ഇന്നത്തെ ഇന്ത്യന്‍ അവസ്ഥ .അതുകൊണ്ട് ഉരുളക്കിഴങ്ങിന്റെ കഥ പറയാം .

Perennial Solanum Tuberosum എന്ന ഉരുളക്കിഴങ്ങിന്റെ ജന്മദേശം തെക്കേ അമേരിക്കയിലെ വടക്കുപടിഞ്ഞാറൻ ബോളീവിയയും തെക്കൻ പെറുവുമാണെന്നാണ് പറയപ്പെടുന്നത് .പക്ഷെ കാർഷികവിളയെന്ന രീതിയില്‍ ഇന്നു ഉപയോഗിക്കുന്ന തരത്തിലുള്ളവ ചിലിയിൽ നിന്നുമാണ് ലോകം മുഴുവൻ പടർന്നതത്രേ .ഇന്നു ലോകത്തിലേറ്റവും കൂടുതല്‍ ഉരുളക്കിഴങ്ങ് കൃഷിചെയ്യുന്നത് ഇന്ത്യയും ചൈനയുമാണ് .5000 വർഷങ്ങൾക്കു മുൻപു തന്നെ പെറുവിലെ ഇൻകാ ഇന്ത്യക്കാര്‍ ഇത് വ്യാപകമായി കൃഷിചെയ്തിരുന്നു .മലയാളിക്ക് തെങ്ങ് എങ്ങനെയാണോ അതുപോലെയായിരുന്നു ഇൻകാകൾക്ക് ഉരുളക്കിഴങ്ങ് ഭക്ഷണത്തിനും മരുന്നിനും മന്ത്രത്തിനും സൗന്ദര്യവർദ്ധനവിനുമെല്ലാം ഉരുളക്കിഴങ്ങ് കൂടിയേതീരു. ഉരുളക്കിഴങ്ങ് ഉണക്കി ഉടച്ച് വർഷങ്ങളോളം ശേഖരിച്ചു വെയ്ക്കുമായിരുന്നു. ചുന്നു(chunnu)എന്നായിരുന്നു അതിനെ പറഞ്ഞിരുന്നത് .ചുന്നു അവരുടെ ഭക്ഷണം മാത്രമല്ല നാണയം കൂടിയായിരുന്നു.

സ്വർണ്ണം തേടി പുതിയ ലോകത്തെത്തിയ സ്പെയിൻകാരാണ് ഇതു യൂറോപ്പിൽ കൊണ്ടു വന്നത് .പൊതുവേ അവജ്ഞയോടെ യൂറോപ്യന്മാർ കണ്ട ഇൗ വിള സ്പയിനിലെ ബാസ്കൂ പ്രദേശത്തെ മത്സ്യതൊഴിലാളികളാണ് കൃഷി ചെയ്തു തുടങ്ങിയത്. താമസിയാതെ സർ .വൾട്ടർ റാലി ഇത് ഇംഗ്ളണ്ടിനു പരിചയപ്പെടുത്തി .പടിഞ്ഞാറൻ അയർലണ്ടിൽ 40000 ഏക്കര്‍ സ്ഥലത്ത് കൃഷിയാരംഭിച്ചു .മനുഷ്യരുടെ ഭക്ഷണമായിട്ടല്ല മൃഗങ്ങൾക്കുള്ള ഭക്ഷണമായിട്ടായിരുന്നു യൂറോപ്പിൽ ഇതിന്റെ അരങ്ങേറ്റം .ഇൗ വിളയുടെ ഗുണഗണങ്ങൾ മനസ്സിലാക്കിയ കാർഷിക വിദഗ്ദരും ഭരണകൂടങ്ങളും ഉരുളക്കിഴങ്ങ് മനുഷ്യഭക്ഷണവിഭവമെന്ന രീതിയില്‍ കൃഷി ചെയ്യാന്‍ ജനങ്ങളെ നിർബന്ധിച്ചു തുടങ്ങി .എന്നാല്‍ ശാസനകൾക്കും ഉപദേശങ്ങൾക്കും വഴങ്ങാതെ ജനങ്ങൾ മടിച്ചു നിന്നു .

വിപ്ളവയുദ്ധ കാലത്ത് ഇംഗ്ളണ്ടിലുണ്ടായ ഭക്ഷ്യക്ഷാമം ഇംഗ്ളീഷുകാരെ ഉരുളക്കിഴങ്ങ് കൃഷിക്കാരാക്കി .ഫ്രഞ്ചു ചക്രവർത്തി ലൂയി 16ാംമൻ ഉരുളക്കിഴങ്ങ് പൂവ് ഉടുപ്പിൽ കൊളുത്തിവെച്ചും ഭാര്യ അന്റൊണിയറ്റ് മുടിയിലും ചൂടിയും ജനങ്ങളെ ഇതിന്റെ കൃഷിയ്ക്കു പ്രേരിപ്പിച്ചു .പ്രഷ്യൻ ചക്രവർത്തി ഫ്രഡറിക് നേരായ മാർഗ്ഗങ്ങളെല്ലാം അടഞ്ഞപ്പോൾ തലതിരിഞ്ഞൊരു മാർഗ്ഗം പ്രയോഗിച്ചു. കൊട്ടാരം വക ഭൂമിയില്‍ ഉരുളക്കിഴങ്ങ് കൃഷിചെയ്തിട്ട് കനത്ത കാവലേർപ്പെടുത്തി. നല്ല തങ്കപ്പെട്ട സ്വഭാവമുള്ള ജനങ്ങള്‍ ഇതു മോഷ്ടിച്ചു കൊണ്ടുപോയി കൃഷി ചെയ്യാൻ തുടങ്ങി .റഷ്യയിലെ കാതറിൻ രാജ്ഞി ഉരുളക്കിഴങ്ങ് കൃഷി പ്രചരിപ്പിക്കാൻ ശ്രമിച്ചപ്പോള്‍ തടസ്സ വാദവുമായി ആദ്യമെത്തിയത് ഒാർത്തോടക്സ് പള്ളിക്കാരായിരുന്നു. ബൈബിളിൽ ഇൗ വിളയെക്കുറിച്ച് പറയാത്തതിനാൽ ഇതു ചെകുത്താനോടു ബന്ധപ്പെട്ട വിളയായിരിക്കും എന്നായിരുന്നു അവരുടെ വാദം പിന്നീട് പിൻഗാമിയാണ് കാതറിന്റെ നിർദ്ദേശം നടപ്പിലാക്കിയത്..താമസിയാതെ യൂറോപ്യന്മാരുടെ പ്രധാന ഭക്ഷണമായി ഉരുളക്കിഴങ്ങ് മാറി .

അയർലണ്ടിനു ക്ഷാമങ്ങളുടെ കണ്ണീര്‍ കഥകള്‍ പലതുണ്ട് പറയാന്‍ .അതിലേറ്റവും പ്രധാനപ്പെട്ടത് 1845 -1852 കാലഘട്ടത്തിലുണ്ടായ ക്ഷാമമാണ് .അക്കാലത്ത് അയർണ്ട് ഇംഗ്ളീഷ് ഭരണത്തിൻ കീഴിലായിരുന്നു കത്തോലിക്കാരായ എെറിഷ് പൗരന്മാരോട് പ്രോട്ടസ്റ്റന്റുകാരായ ഇംഗ്ളീഷുകാർ ചിറ്റമ്മ നയമാണ് അനുവർത്തിച്ചിരുന്നത്.ഭൂമിയെല്ലാം പ്രോട്ടസ്റ്റന്റുകാരായ ഇംഗ്ളീഷുകാർ കൈക്കലാക്കിയിരുന്നു. കുടിയാന്മാരായ പാവം കർഷകരായിരുന്നു കത്തോലിക്കകാർ .ചോര നീരാക്കി പാടങ്ങളിൽ ജോലി ചെയ്തിരുന്ന കുടിയാന്മാരുടെ ജീവിതം നരകമാക്കാനുള്ള നിയമങ്ങള്‍ ഭരണകൂടവും ഭൂ പ്രഭുക്കന്മാരും ചേർന്നു സൃഷ്ടിച്ചിരുന്നു .ഇരുകാലി മൃഗങ്ങളായാണ് ഇംഗ്ളീഷ് നേതൃത്വം ആ പാവം കർഷകരെ കണ്ടിരുന്നത് .

17ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതല്‍ അയർലണ്ടുകാരുടെ ഇഷ്ടവിളയായി ഉരുളക്കിഴങ്ങ് മാറി തുടങ്ങി .18ാം നൂറ്റാണ്ടിന്റ അവസാനമായപ്പോഴേക്കും അവരുടെ പ്രധാന ഭക്ഷണവും വിളയും ഉരുളക്കിഴങ്ങ് ആയിത്തീർന്നു .അയർലണ്ടി കർഷക സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലു തന്നെ ഉരുളക്കിഴങ്ങ് ആയി മാറി .മൃഗങ്ങളുടെ പോലും ആശ്രയം ഉരുളക്കിഴങ്ങു തീറ്റ ആയിരുന്നു. 1840കളുടെ തുടക്കത്തില്‍ മെക്സിക്കോയിൽ ബ്ളെെറ്റ് (phytophthora infestans) എന്ന ഫംഗസ്ബാധ ഉരുളക്കിഴങ്ങിനെ ബാധിച്ചു . താമസിയാതെ ഇൗ രോഗം അമേരിക്കയിലും തുടർന്ന് യൂറോപ്പിലും ഇൗ പടർന്നു . യൂറോപ്പിലെ ഉരുളക്കിഴങ്ങ് കൃഷി സമൂലം നശിപ്പിക്കുന്ന ഇൗ രോഗത്തിന്റെ ദുരന്തത്തെക്കുറിച്ചുള്ള വാർത്തകൾ വിവിധ പത്രങ്ങളില്‍ വരുവാൻ തുടങ്ങി.

ഒരു പത്രം വിശേഷിപ്പിച്ചത് ഉരുളക്കിഴങ്ങുകളുടെ കോളറ എന്നാണ് .1846 ലെ അയർലണ്ടിലെ വിളവെടുപ്പ് സാധാരണ കിട്ടുന്നതിന്റെ മൂന്നിലൊന്നായിരുന്നു. പക്ഷേ ഭൂ പ്രഭുക്കൾ കർഷകരോട് ഒരനുകമ്പയും കാണിച്ചില്ല കൂടാതെ ഭരണകൂടത്തിന്റെ സഹായവും അവർക്കുണ്ടായിരുന്നു. മുപ്പതു ലക്ഷം പേരായിരുന്നു ഇൗ കൃഷിയെ ആശ്രയിച്ചു കഴിഞ്ഞിരുന്നത്.1846ൽ തന്നെ പട്ടിണി മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങി .തുടർന്നുള്ള വർഷങ്ങളിൽ അവസ്ഥ കൂടുതല്‍ വഷളായി .ഗവൺമെന്റ് തങ്ങളുടെ അലസ സമീപനം മാറ്റിയപ്പോഴേക്കും വളരെ താമസിച്ചിരുന്നു .ഏതാണ്ട് പത്തുലക്ഷം പേര്‍ മരിക്കുകയും അത്രയും തന്നെ ആളുകള്‍ വടക്കേ അമേരിക്കയില്‍ അഭയാർത്ഥികളായി എത്തുകയും ചെയ്തു .25% ജനങ്ങളാണ് അയർലണ്ടിന് ഇൗ സംഭവത്തിലൂടെ നഷ്ടമായത് .

ഫ്രഞ്ച് ഫ്രൈസിന്റെ സ്വാദിനെക്കുറിച്ചു പറയേണ്ടല്ലോ .അതിനെക്കുറിച്ച് രസകരമായ ഒരു കഥയുണ്ട് .ഒരിക്കൽ ഫ്രഞ്ച് ചക്രവർത്തിയായിരുന്ന ലൂയി ഫിലിപ് അത്താഴത്തിനെത്താൻ താമസിച്ചുവത്രേ .ഭക്ഷണമെല്ലാം തണുത്തുപോയതിനാൽ കൊട്ടാരം പാചകവിദഗ്ദൻ എല്ലാം ഒന്നു ചൂടാക്കി .കൂട്ടത്തില്‍ പൊരിച്ചു വെച്ചിരുന്ന ഉരുളക്കിഴങ്ങ് ചൂടാക്കാനായി തിളയ്ക്കുന്ന എണ്ണയിലേക്കിട്ടു .അത്ഭുതമെന്നോണം ഉരുളക്കിഴങ്ങ് പപ്പടം പോലെ പൊള്ളി വന്നു .രാജാവിനു ഇതു പെരുത്തിഷ്ടമാകുകയും ചെയ്തു .അതാണ് ഫ്രഞ്ച് ഫ്രൈസ്. ഇക്കാര്യം ബൽജിയക്കാരോടു പറയരുത് അവര്‍ സമ്മതിച്ചു തരില്ല .

പൊട്ടറ്റൊ ചിപ്സ് എന്നു പറഞ്ഞാല്‍ കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവർക്കും കൊതിയൂറും .അതിനുമുണ്ടൊരു കഥ .ന്യൂയോര്‍ക്കിലെ സരറ്റോഗ സ്പ്രിങ്സിലെ റിസോർട്ടിൽ ഭക്ഷണം കഴിക്കാനെത്തിയ റെയിൽറോഡു മുതലാളിയായിരുന്ന കോർണിലിയസ് വേവിച്ച ഉരുളക്കിഴങ്ങിനു കനം കൂടുതലാണെന്നു പറഞ്ഞ് അടുക്കളലേക്കു തിരിച്ചയച്ചു .ജോർജ് ക്രം എന്ന ചെഫ് അത് പേപ്പര്‍ കനത്തിലരിഞ്ഞ് തിളയ്ക്കുന്ന എണ്ണയിലിട്ട് കോരിയെടുത്ത് ഉപ്പ് വിതറി കോർണിലിസിന്റെ മുന്നില്‍ വെച്ചു. കിലുക്കത്തിലെ ജഡ്ജിയുടെ സ്വഭാമുണ്ടായിരുന്നിട്ടും അദ്ദേഹത്തിന് വിഭവം ഇഷ്ടമായി .അതാണ് സരറ്റോഗ ക്രഞ്ച് ചിപ്സ്. ഇക്കാര്യം ബ്രിട്ടീഷുകാര്‍ സമ്മതിച്ചു തരില്ല കേട്ടോ.

ഇനി ഇൻകാകളുടെ മുഖ സൗന്ദര്യ രഹസ്യം പറയാം .ഉരുളക്കിഴങ്ങ് ജ്യൂസ് തണുപ്പിച്ചു മുഖത്ത്‌ പുരട്ടിയാണത്രേ അവര്‍ മുഖത്തെ കറുത്ത പാടുകൾ മാറ്റിയിരുന്നത് .1995 ൽ ആദ്യമായി ശൂന്യാകാശത്തു ഉരുളക്കിഴങ്ങ് വളർത്തി നാസയും അത്ഭുതം സൃഷ്ടിച്ചിരുന്നു.