ഉമ്മന്‍ ചാണ്ടിക്കേറ്റ ആദ്യത്തെ കുത്ത് ഹസന്റെ വകയായിരുന്നു; ഇപ്പോഴിതാ ‘ഹൃദയമായ’ ബെന്നി ബഹന്നാനും…

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ‘ഹൃദയ’മെന്ന് വിശേഷിപ്പിക്കപ്പെടുന്ന എ ഗ്രൂപ്പ് നേതാവാണ്‌ ബെന്നി ബഹന്നാന്‍. ഈ ‘ഹൃദയ’മാണ് മെഡിക്കല്‍ പ്രവേശന ബില്ലിന്റെ പേരില്‍ ഉമ്മന്‍ചാണ്ടിയുടെ ഹൃദയത്തെ ഇപ്പോള്‍ കടന്നാക്രമിച്ചിരിക്കുന്നത്.

മെഡിക്കല്‍ പ്രവേശന ബില്ലുമായി ബന്ധപ്പെട്ട്‌ ഉമ്മന്‍ചാണ്ടി യുഡിഎഫിന് നല്‍കിയ കത്തിനെത്തുടര്‍ന്നാണ്‌ മുന്നണി സര്‍ക്കാരിനെ കണ്ണും പൂട്ടി പിന്തുണച്ചത്. എന്നാല്‍ ഇപ്പോഴിതാ മെഡിക്കല്‍ പ്രവേശന ബില്‍ പാസാക്കിയതില്‍ കോടികളുടെ അഴിമതി നടന്നെന്ന ആരോപണവുമായി ബെന്നി ബഹന്നാന്‍ രംഗപ്രവേശം ചെയ്തിരിക്കുന്നു.

മെഡിക്കല്‍ പ്രവേശന ബില്ലിനു പിന്തുണ നല്‍കാന്‍ കോടിക്കണക്കിന് രൂപയുടെ  കോഴ ഇടപാട് നടന്നുവെന്നാണ്  ബെന്നി ബഹന്നാന്‍  പറയുന്നത്.  സര്‍ക്കാര്‍ ആണ് ബില്ല് പാസാക്കാന്‍ മുന്‍കൈ എടുത്തതെങ്കിലും ഈ നീക്കത്തിന് സര്‍ക്കാരിനെ സഹായിച്ചത് പ്രതിപക്ഷത്തിന്റെ കണ്ണും പൂട്ടിയുള്ള പിന്തുണയാണ്. അങ്ങിനെ പ്രതിപക്ഷം പിന്തുണ നല്‍കാന്‍ കാരണം ഉമ്മന്‍ചാണ്ടി നല്‍കിയ കത്താണ്.

ബില്‍ പാസാക്കണം എന്നാണ് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടത്. ബില്‍ പാസാക്കുന്ന വേളയില്‍ പ്രതിപക്ഷം എതിര്‍പ്പ് ഉയര്‍ത്തരുത്. ഇതായിരുന്നു കത്തിലെ ആവശ്യം.
വിദ്യാര്‍ഥികളുടെ ഭാവിയെ ചൊല്ലി ആശങ്ക പൂണ്ട കത്താണ് ഉമ്മന്‍ ചാണ്ടി നല്‍കിയത്. ഇങ്ങിനെ പാസാക്കിയ ബില്ലിന്റെ പിന്നിലാണ് കോടികളുടെ അഴിമതി എന്ന് ബഹന്നാന്‍ ആരോപിക്കുന്നത്.

ബഹന്നാന്‍ പറഞ്ഞുവയ്ക്കുന്നത് ഉമ്മന്‍ ചാണ്ടി കൈക്കൂലി വാങ്ങിച്ചു എന്നാണ്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ബഹന്നാനുള്ള അവിശ്വാസമാണ് ആരോപണത്തിലൂടെ പുറത്തുവന്നത്. ഉമ്മന്‍ ചാണ്ടിയുടെ കത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ പിന്തുണ കൂടി ബില്ലിനുണ്ടായിരുന്നു.

രാഷ്ട്രീയ നിരീക്ഷകന്‍ എന്‍.എം.പിയേഴ്സണ്‍ ഒരു വിദ്യാര്‍ഥിയെ കൂട്ടി ചെന്നിത്തലയെ കണ്ടിരുന്നു എന്നാണ് വിശ്വസനീയമായ വിവരം.

ബില്‍ പാസായില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് ആ വിദ്യാര്‍ഥി ചെന്നിത്തലയോട് പറഞ്ഞത്. ഇത് ബില്ലിനെ അനുകൂലിക്കാന്‍ ചെന്നിത്തലയ്ക്കും പ്രേരണയായി. ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും മെഡിക്കല്‍ പ്രവേശന ബില്ലിന് പിന്തുണ നല്‍കിയത് അഴിമതിയുടെ പേരിലാണ് എന്നാണ് ബഹന്നാന്‍ പറയുന്നത്. ഇങ്ങിനെ ആരോപണം ഉന്നയിക്കാന്‍ ബഹന്നാനെ പ്രേരിപ്പിച്ച ഘടകമെന്താണ്?

അപ്പോള്‍ ആദ്യം തെളിഞ്ഞുവരുന്നത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയമാണ്‌. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിട്ട് പാര്‍ട്ടി സ്ഥാനാര്‍ഥികളെ തീരുമാനിച്ച തിരഞ്ഞെടുപ്പാണ് കഴിഞ്ഞ തവണത്തേത്. അന്ന്‌ ഒരേയൊരു സിറ്റിംഗ് എംഎല്‍എയ്ക്ക് മാത്രമാണ് തിരഞ്ഞെടുപ്പില്‍ സീറ്റ് നഷ്ടമായത്. അത് ബെന്നി ബഹന്നാനാണ്.

ബഹന്നാനെ മാറ്റിനിര്‍ത്താന്‍ കാരണം അഴിമതി ആരോപണമാണ്. രാഹുല്‍ ഗാന്ധി നേരിട്ട് ബഹന്നാന് സീറ്റ് നിഷേധിക്കുകയായിരുന്നു. 2011ല്‍ ബഹന്നാന്‍ മത്സരിച്ച തൃക്കാക്കരയില്‍ രാഹുല്‍ ഗാന്ധി സീറ്റ് നല്‍കിയത് പി.ടി.തോമസിനാണ്.

സ്ഥാനാര്‍ഥി നിര്‍ണയ വേളയില്‍ ഈ ബഹന്നാന് വേണ്ടിയാണ് ഉമ്മന്‍ ചാണ്ടി അങ്ങേയറ്റം പോരാടിയത്. ആ ഉമ്മന്‍ ചാണ്ടിയെയാണ്‌ മെഡിക്കല്‍ പ്രവേശന ബില്ലിന്റെ കാര്യത്തില്‍ അഴിമതി നടത്തി എന്ന് ബഹന്നാന്‍ ആക്ഷേപിക്കുന്നത്. കോണ്‍ഗ്രസ് മാത്രമല്ല ബിജെപിയുടെ രാജഗോപാല്‍ വരെ ബില്ലിന് പിന്തുണ നല്‍കി. ബഹന്നാന്റെ ഈ ആരോപണം അപ്പോള്‍ ബിജെപിയ്ക്കും ബാധകമാകുന്നുണ്ട്. ഒപ്പം കോണ്‍ഗ്രസിനും.

പക്ഷെ ബഹന്നാന്‍ എറിഞ്ഞ കത്തി കയറിയത് ഉമ്മന്‍ചാണ്ടിയുടെ ഹൃദയത്തില്‍ തന്നെയാണ്. കാരണം ഉമ്മന്‍ചാണ്ടി ബില്ലിന് പിന്തുണ തേടി കത്ത് നല്‍കിയിട്ടുണ്ട്. എ ഗ്രൂപ്പില്‍ നിന്നും ഉമ്മന്‍ ചാണ്ടിക്ക്‌ ഏല്‍ക്കുന്ന രണ്ടാമത്തെ കുത്താണിത്. എം.എം.ഹസനെ കെപിസിസി അധ്യക്ഷന്‍ ആക്കാന്‍ കണ്ണും പൂട്ടി പിന്തുണ നല്‍കിയത് ഉമ്മന്‍ ചാണ്ടിയായിരുന്നു. ആ ഹസ്സനാണ് ഉമ്മന്‍ ചാണ്ടിയെ തിരിഞ്ഞുകുത്തിയത്.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് താഴെയിറക്കാന്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം
കൂടിയതില്‍ ഖേദം ഉണ്ടെന്നാണ് ഹസന്‍ തുറന്നടിച്ചത്. അധികാരം നഷ്ടമായ വേളയില്‍ എ ഗ്രൂപ്പില്‍ നിന്നും ഉമ്മന്‍ ചാണ്ടിക്ക്‌ ഏറ്റ ആദ്യ ആഘാതമായിരുന്നു. ഇപ്പോള്‍ ഇതാ രണ്ടാമത് ആഘാതവും ഉമ്മന്‍ ചാണ്ടിയെ തേടിയെത്തിയിരിക്കുന്നു. അതും സ്വന്തം പാളയമായ എ ഗ്രൂപ്പില്‍ നിന്നും. കുത്തിയത് ‘ഹൃദയ’മായ ബെന്നി ബഹന്നാനും.

എല്ലാ വേദനകളും ഏറ്റുവാങ്ങാന്‍ ഉമ്മന്‍ ചാണ്ടിയായ ഞാന്‍ ജീവിച്ചിരിക്കുന്നു എന്ന പ്രഖ്യാപനം അദ്ദേഹത്തില്‍ നിന്ന് വരുമോ എന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് വൃത്തങ്ങളിലെ സംശയം.