ഉപതെരഞ്ഞെടുപ്പ്: ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ ഇന്ന് വോട്ടെണ്ണല്‍

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗൊരഖ്പുര്‍, ഫുല്‍പുര്‍ ലോക്സഭാ മണ്ഡലങ്ങളിലേക്കും ബിഹാറിലെ അറാറിയ ലോക്സഭാ മണ്ഡലത്തിലേക്കും ബാബുവ, ജെഹനാബാദ് നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഇന്ന് വോട്ടെണ്ണല്‍ നടക്കും. അടുത്ത വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കെ ഉത്തര്‍പ്രദേശിലെയും, ബിഹാറിലെയും ഉപതെരഞ്ഞെടുപ്പുകള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും രാജിവെച്ചതിനെ തുടര്‍ന്നാണ് ഗൊരഖ്പുര്‍, ഫുല്‍പുര്‍ ലോക്സഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഈ രണ്ട് മണ്ഡലങ്ങളിലും ബിജെപിയെ പരാജയപ്പെടുത്താന്‍ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി, സമാജ്വാദി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഫുല്‍പുരില്‍ കൗശലേന്ദ്ര സിംഗ് പട്ടേലും ഗോരഖ്പുരില്‍ ഉപേന്ദ്ര ദത്ത് ശുക്ലയുമാണു ബിജെപി സ്ഥാനാര്‍ഥികള്‍. ഗൊരഖ്പുരില്‍ പ്രവീണ്‍ കുമാര്‍ നിഷാദും ഫുല്‍പുരില്‍ നാഗേന്ദ്ര സിംഗ് പട്ടേലും ആണ് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍. ഗൊരഖ്പുരില്‍ സുരീത കരീമും ഫുല്‍പുരില്‍ മനീഷ്മിശ്രയും ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍.

ആര്‍ജെഡി എം.പി മുഹമ്മദ് തസ്ലിമുദീന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് അറാറിയ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. മുഹമ്മദ് തസ്ലിമുദീന്റെ മകന്‍ സര്‍ഫ്രാസ് ആലം ആണ് ആര്‍ജെഡി സ്ഥാനാര്‍ത്ഥി. നിയമസഭാ ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന ജെഹാനാബാദ് മണ്ഡലം ആര്‍ജെഡിയുടെയും, ബാബുവ മണ്ഡലം ബിജെപിയുടെയും സിറ്റിംഗ് മണ്ഡലങ്ങള്‍ ആണ്. ഉപതെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി നിതീഷ്‌കുമാറിനും പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനും നിര്‍ണായകമാണ്. ബിഹാറില്‍ നിതീഷ് കുമാര്‍ ബിജെപി സഖ്യം നിലവില്‍ വന്നതിന് ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പാണിത്. ലാലു പ്രസാദ് യാദവ് ജയിലില്‍ ആയതിന് ശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പ് മകന്‍ തേജസ്വി യാദവിനും നിര്‍ണായകമാണ്.