ഉന്നാവ് ബലാത്സംഗ കേസിലെ പ്രതി ബിജെപി എം എൽ എ കുൽദീപ് സിംഗിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് സിബിഐ

ന്യൂ ഡൽഹി : ഉന്നാവ് കേസിലെ പ്രധാന പ്രതിയായ ബിജെപി എം എൽ എ കുൽദീപ് സിംഗിനെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐ സുപ്രിം കോടതിയിൽ ആവശ്യപ്പെട്ടു. സിബിഐ ആവശ്യം പരിഗണിച്ച് കേസിന്റെ വിചാരണ ലക്‌നൗഇൽ തന്നെ തുടരാൻ സുപ്രിം കോടതി അനുമതി നൽകി. മുൻപ് കേസിന്റെ അന്വേഷണം സിബിഐക്കു വിട്ടിരിക്കുന്നു. അന്വേഷണവും വാദവും ഉത്തർപ്രദേശിന്‌ പുറത്ത് ഡൽഹിയിലേക്ക് മാറ്റണം എന്ന ആവശ്യം സുരക്ഷാ വീഴ്ച്ചയുമായി ബന്ധപ്പെട്ടുയർന്നിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബിജെപി എം എൽ എ കുൽദീപ് സിംഗ് ബലാത്സംഗം ചെയ്തു എന്നതാണ് പരാതി. പെൺകുട്ടിക്ക് ജോലി വാഗ്ദാനം നൽകി, ഇതുമായി ബന്ധപ്പെട്ട് ബന്ധുവിനൊപ്പം കാണാൻ ചെന്നപ്പോഴായിരുന്നു പീഡനം.

പരാതിക്കാരിയായ പെൺകുട്ടി അഭിഭാഷകനും അടുത്ത ബന്ധുക്കളുമായി യാത്ര ചെയ്ത വാഹനത്തിലേക്ക് ട്രക്ക് ഇടിച്ചു കയറ്റിയാണ് കൊലപ്പെടുത്താനുള്ള ശ്രമം നടത്തിയത്. അപകടത്തിൽ കുട്ടിയുടെ അമ്മായിമാർ മരിച്ചിരുന്നു. അഭിഭാഷകനും കുട്ടിയും ഗുരുതര പരിക്കോടെ ആശുപത്രിയിലാണ്. ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്.

പെൺകുട്ടി അപകടത്തിൽപെടുന്നതിനു പതിനഞ്ച് ദിവസം മുൻപ് സുപ്രിം കോടതിയിലേക്ക് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചു കത്തയച്ചിരുന്നു. എന്നാലിത് കോടതിയുടെ ശ്രദ്ധയിൽപെടുത്താതെ പൂഴ്ത്തിവെച്ചു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. സംഭവം വിവാദമായതോടെ സുപ്രിം കോടതി കേസിൽ ഇടപെടുകയും അടിയന്തിര വാദം കേൾക്കുകയും ചെയ്തിരുന്നു. പ്രത്യേക പരിഗണന നല്കി വാദവും അന്വേഷണവും ത്വരിതപ്പെടുത്തും എന്ന് കോടതി പറഞ്ഞു.

കേസിൽ അന്വേഷണം ആവശ്യപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടിരുന്നു. കേസിൽ പ്രധാന സാക്ഷിയായിരുന്നു മറ്റൊരാളും നേരത്തെ കൊല്ലപ്പെട്ടു. ഇപ്പോൾ അപകടത്തിൽ കൊല്ലപ്പെട്ട അമ്മായിയും കേസിലെ പ്രധാന സാക്ഷിയാണ്. പെൺകുട്ടിയുടെ ഒരു അമ്മാവൻ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

അപകട ദിവസം കോടതി ഏർപ്പെടുത്തിയ സുരക്ഷാ ജീവനക്കാർ ഒപ്പം ഇല്ലായിരുന്നു എന്നതും സംഭവത്തിന്റെ ദുരൂഹതയും ഭീകരതയും വർധിപ്പിക്കുന്നു. പ്രതിയായ എം എൽ എ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ അടുത്ത അനുയായി ആണെന്നുള്ളതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.