ഉന്നാവ് പെണ്‍കുട്ടിക്കു രക്തത്തില്‍ അണുബാധ സ്ഥിരീകരിച്ചു

ഡല്‍ഹി: ഉന്നാവ് പെണ്‍കുട്ടിക്കു രക്തത്തില്‍ ഗുരുതരമായ അണുബാധ. പെണ്‍കുട്ടിയെവെന്റിലേറ്ററില്‍ നിന്നു മാറ്റാനായിട്ടില്ല. സുപ്രീം കോടതി നിര്‍ദേശപ്രകാരം ലക്‌നൗവില്‍ നിന്നും ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്കു പെണ്‍കുട്ടിയെ മാറ്റിയെങ്കിലും ആരോഗ്യനിലയില്‍ പുരോഗതിയില്ലാത്തത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

നേരത്തേ ലക്‌നൗ കെജിഎംയു ആശുപത്രിയില്‍ നടത്തിയ സൂക്ഷ്മ പരിശോധനയുടെ ഫലത്തിലാണ് എന്ററോകോക്കസ് ബാക്ടീരിയയുടെ സാന്നിധ്യം രക്തത്തില്‍ കണ്ടെത്തിയത്. പ്രതിരോധശേഷി കുറഞ്ഞതാണ് ഇതു രക്തത്തിലേക്കു പടരാന്‍ കാരണം. നേരത്തേ തന്നെ പെണ്‍കുട്ടിക്ക് ന്യൂമോണിയ സ്ഥിരീകരിച്ചിരുന്നു. അപകടത്തില്‍ തലയിലും നെഞ്ചിലും രക്തസ്രാവം ഉണ്ടായതും വാരിയെല്ലിനു പരുക്കേറ്റതും പെണ്‍കുട്ടിയുടെ ആരോഗ്യനില അപകടത്തിലാക്കിയിരുന്നു.