ഉനയില്‍ ആക്രമിക്കപ്പെട്ട ദളിതര്‍ ബുദ്ധമതം സ്വീകരിച്ചു

2016ല്‍ ഗുജറാത്തിലെ ഉനയില്‍ പശുസംരക്ഷകരുടെ ആക്രമണത്തിനിരയായ ദളിത് യുവാക്കളുടെ കുടുംബം ബുദ്ധമതം സ്വീകരിച്ചു. ഇവരോടൊപ്പം മറ്റ് മുന്നൂറോളം പേരും ബുദ്ധമതത്തിലെത്തി. ഗുജറാത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍.

ഗിര്‍ സോമനാഥ് ജില്ലയിലെ ഉന എന്ന ചെറുപട്ടണത്തില്‍ വെച്ച് പശുക്കളെ കൊന്നുവെന്നാരോപിച്ച് ആക്രമിക്കപ്പെട്ട യുവാക്കളില്‍ രണ്ട് സഹോദരന്മാരുടെ കുടുംബമാണ് മതപരിവര്‍ത്തനം ചെയ്തത്. പരസ്യമായ ഈ ആക്രമണത്തിന്റെ വീഡിയോ പ്രചരിച്ചതോടെ രാജ്യമാകെ പ്രതിഷേധങ്ങളുയര്‍ന്നു.

ബുദ്ധമത സ്വീകരണചടങ്ങില്‍ ബിജെപി എംഎല്‍എയായ പ്രദീപ് പാര്‍മര്‍ പങ്കെടുത്തത് ചര്‍ച്ചയായിട്ടുണ്ട്. ഇദ്ദേഹം ദളിത് വിഭാഗത്തില്‍ പെട്ടയാളാണ്. 22 ബുദ്ധശാസനങ്ങള്‍ അംഗീകരിക്കുന്നതോടെയാണ് മതപരിവര്‍ത്തനം നടക്കുക. ഇതില്‍ ഹിന്ദുദൈവങ്ങളെ അംഗീകരിക്കുന്നില്ലെന്ന പ്രതിജ്ഞയും ഉള്‍പ്പെടുന്നു. ഗുജറാത്ത് നിയമപ്രകാരം ഈ മതപരിവര്‍ത്തനം ജില്ലാകളക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്താലേ നിയമപരത കിട്ടൂ.

ബാലു സര്‍വ്വയ്യ, അദ്ദേഹത്തിന്റെ ഭാര്യ കുന്‍വാര്‍, മക്കളായ വശ്രാം, രമേഷ്, മരുമക്കളായ മനിഷ, സോനാല്‍ എന്നിവരാണ് മതപരിവര്‍ത്തനം ചെയ്തത്. ബുദ്ധസന്യാസിമാരാണ് പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

വശ്രാമും രമേഷുമാണ് 2016ല്‍ പശുസംരക്ഷകരുടെ ആക്രമണത്തിന് വിധേയരായത്. ഇവരുടെ രക്ഷയ്‌ക്കെത്തിയ ഭാര്യമാരും ആക്രമണമേറ്റുവാങ്ങി.

ചടങ്ങില്‍ സംസാരിച്ച ബിജെപി എംഎല്‍എ പ്രദീപ് പാര്‍മര്‍ മതപരിവര്‍ത്തനം ചെയ്തവരെ അഭിനന്ദിച്ചു. താന്‍ ബിജെപി എംഎല്‍എയാണെങ്കിലും ബാബാസാഹേബ് അംബേദ്കര്‍ ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തില്ലായിരുന്നുവെങ്കില്‍ തനിക്ക് മത്സരിക്കാന്‍ സാധിക്കുമായിരുന്നില്ലെന്ന് പ്രദീപ് ചൂണ്ടിക്കാട്ടി.