ഉദ്യോഗസ്ഥര്‍ അവര്‍ക്ക് തോന്നുന്ന നിലപാടുകളെടുക്കുന്നു, സബ്കളക്ടറെ തള്ളി മന്ത്രി മണി

മൂന്നാ‌ര്‍: ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന്‍ സബ്കളക്ടര്‍ രേണു രാജിനോട് അപമര്യാദയായി സംസാരിച്ച സംഭവത്തില്‍ പ്രതികരിച്ച്‌ മന്ത്രി എം.എം മണി രംഗത്ത്. ഉദ്യോഗസ്ഥര്‍ അവര്‍ക്ക് തോന്നുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും, മൂന്നാര്‍ വിഷയത്തിന്റെ പ്രധാനകാരണം ഇതാണെന്നും മന്ത്രി മണി പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് എം.എല്‍.എക്കെതിരെ സി.പി.ഐ ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. സംസ്‌കാരത്തിന് യോജിക്കാത്ത വിധം പെരുമാറുന്ന എം.എല്‍.എ എസ് രജേന്ദ്രനെ നിയന്ത്രിക്കാന്‍ സി.പി.എം തയ്യാറാകണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ ആവശ്യപ്പെട്ടിരുന്നു. അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ദേവികുളം എം.എല്‍.എ എസ്.രജേന്ദ്രന്‍ കൂട്ടുനില്‍ക്കുന്നത് ശരിയല്ല. പദവിക്ക് ചേരാനാകാത്ത വിധം എം.എല്‍.എ പെരുമാറുന്നത് അംഗീകരിക്കാനാകില്ലെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ എസ് രാജേന്ദ്രനില്‍ നിന്നും വിശദീകരണം തേടുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ അറിയിച്ചു. തെറ്റായ പരാമര്‍ശം പാര്‍ട്ടി അംഗീകരിക്കില്ലെന്നും എം.എല്‍.എയോട് മോശമായാണോ പെരുമാറിയതെന്ന് നേതൃത്വം പരിശോധിക്കുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് പണിയുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ സംഭവത്തിലാണ് സ്ബ് കളക്ടറെ അധിക്ഷേപിച്ച്‌ എസ്.രാജേന്ദ്രന്‍ എം.എല്‍.എ രംഗത്തെത്തിയത്. ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിട്ടും. അവള് വന്നവള്‍ക്ക് ബുദ്ധിയില്ലെന്ന് പറഞ്ഞ്, ഒരു ഐ.എ.എസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച്‌ പഠിക്കണ്ടേ ‘എസ് രാജേന്ദ്രന്‍ എം.എല്‍.എ, കെട്ടിടം പണി തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരോട് ചോദിച്ചു. പഞ്ചായത്തിന്റെ ഭൂമിയില്‍ നിര്‍മ്മാണം നടത്തുന്നതിന് റവന്യു വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്നും ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍ പറഞ്ഞിരുന്നു.