ഉത്തര കൊറിയയ്ക്കെതിരെ പുതിയ ഉപരോധം വേണ്ടെന്ന് ട്രംപ്

വാഷിങ്ടന്‍: ഉത്തര കൊറിയയ്ക്കെതിരെ യുഎസ് ട്രഷറി കഴിഞ്ഞ ദിവസം ഏര്‍പ്പെടുത്തിയ കൂടുതല്‍ ഉപരോധങ്ങള്‍ ഉടന്‍ പിന്‍വലിച്ച്‌ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്റിന് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെ ഇഷ്ടമാണെന്നും കൂടുതല്‍ ഉപരോധങ്ങള്‍ ആവശ്യമാണെന്നു കരുതുന്നില്ലെന്നും ട്രംപിന്റെ തീരുമാനത്തെ ന്യായീകരിച്ചു വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്സ് പറഞ്ഞു.

നിലവിലുള്ള ഉപരോധങ്ങള്‍ക്കു പുറമെ, ഉത്തര കൊറിയയുമായി വ്യാപാരം നടത്തുന്നതില്‍ നിന്ന് 2 ചൈനീസ് ഷിപ്പിങ് കമ്ബനികളെ വിലക്കിയിരുന്നു. ഈ തീരുമാനമാണോ ട്രംപ് പിന്‍വലിച്ചതെന്നു വ്യക്തമല്ല. വിയറ്റ്നാമിലെ ഹാനോയില്‍ കഴിഞ്ഞ മാസം നടന്ന കിം – ട്രംപ് ഉച്ചകോടി അലസി പിരി‍ഞ്ഞിരുന്നു.ഉപരോധങ്ങളെല്ലാം പിന്‍വലിക്കണമെന്ന നിലപാടില്‍ കിം ഉറച്ചു നിന്നതോടെ ചര്‍ച്ച പാതിവഴിയില്‍ നിര്‍ത്തി.