ഉത്തരേന്ത്യയിൽ കനത്ത ചൂട് തുടരുന്നു; താപനില 48 ഡിഗ്രിയിലധികമാകും, മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിൽ കനത്ത ചൂട് തുടരുന്നു. ഡൽഹിയിൽ വരും ദിവസങ്ങളിലും താപനില 48 ഡിഗ്രിയിലധികമായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

രാജസ്ഥാനിലും ഉത്തർപ്രദേശിലും ചൂട് കൂടുമെന്നും മുന്നറിയിപ്പുണ്ട്‌. റെക്കോർഡ് ചൂടാണ് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്.

അതിനിടെ കനത്ത ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസില്‍ മരിച്ച യാത്രക്കാരുടെ മൃതദേഹം ഇന്ന് കോയമ്പത്തൂരിലെത്തിക്കും. രണ്ട് പേരുടെ മൃതദേഹം വിമാനമാര്‍ഗവും രണ്ട് പേരുടെ മൃതദേഹങ്ങള്‍ റോഡ് മാര്‍ഗവുമാണ് തമിഴ്നാട്ടിലെത്തിക്കുക.

ബുന്ദൂർ പളനിസാമി, ബാൽകൃഷ്ണ രാമസ്വാമി, ധനലക്ഷ്മി, സുബ്ബരായ്യ, എന്നിവരാണ് മരിച്ചത്. എല്ലാവരും 70 വയസ്സിനു മുകളിൽ പ്രായമായുള്ളവരാണ്. നിർജലീകരണം മൂലം ഉണ്ടായ ശാരീരിക പ്രശ്നങ്ങളാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഝാൻസി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം.